കാവിനിറമുള്ള വിദ്യാഭ്യാസ നയം

Society

കാവിനിറമുള്ള വിദ്യാഭ്യാസ നയം


കോവിഡ് മഹാമാരിയുടെ അടിയന്തരമായ അപവാദ സന്ദർഭത്തിൽ ഇരുട്ടിൻ മറയിലെന്ന പോലെ ദേശീയവിദ്യാഭ്യാസ നയം 2020, കേന്ദ്രമന്ത്രിസഭ ചില സൗന്ദര്യാത്മക ബാഹ്യഭേദഗതികളോടെ അംഗീകരിച്ച ഈ വൈകിയ സന്ദർഭത്തിൽ മാത്രമാണ് കേരളത്തിൽ പലരും ഇതിനെ വ്യാപക ചർച്ചയാക്കുന്നത്. മഹാമാരിയുടെ മറവിൽ അധികാര ഭരണകേന്ദ്രങ്ങളും ദേശരാഷ്ട്രങ്ങളും കൂടുതൽ സമഗ്രാധിപത്യത്തിലേക്കു കൂപ്പുകുത്തുമെന്ന ഇറ്റാലിയൻ ദാർശനികനായ ജിയോർജിയോ അഗമ്പന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഒരു നിർണായക സന്ദർഭമാണ് ഇന്ത്യയിൽ കടന്നുപോകുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് നവലിബറൽ മുതലാളിത്തത്തിന്റെ ഭാഷയിൽ മാനവവിഭവവികസന മന്ത്രാലയമെന്നു മാറ്റിയത് തിരികെ വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിയതൊഴിച്ചാൽ തികച്ചും കോർപ്പറേറ്റ് കുലീന ചങ്ങാത്തത്തിലാണ് നയനടപടികൾ എന്നു പൊതുവേ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2030-ഓടെ ഇന്ത്യയെ ഒരു ആഗോള വിജ്ഞാന സൂപ്പർ പവറാക്കി മാറ്റുമെന്നാണ് നയരേഖയുടെ വാഗ്ദാനം. സർവകലാശാലാ അഫിലിയേഷൻ അവസാനിപ്പിച്ച് സ്വയംഭരണത്തിന്റെ പേരിൽ സ്വകാര്യവൽക്കരണവും സ്റ്റേറ്റിന്റെ കൈകഴുകലുമാണു നയം വ്യക്തമാക്കുന്നത് എന്നു വിമർശം ഉയരുന്നു. കരാറുപണിയുടെ വിളനിലമാക്കി അധ്യാപനം എന്ന പ്രബുദ്ധമായ ഭാവിലോകനിർമിതിയെ തികച്ചും തകർക്കുന്ന നയമാണ് ഇരുട്ടടിയാകുന്നത് എന്ന് അഭ്യസ്ഥവിദ്യരായ യുവാക്കൾ പരിഭവിക്കുന്നു. എപ്പോൾ വേണമെങ്കിലും പുറത്തുപോകാനുള്ള അവസരമാണ് വിദ്യാർഥികളെ കാത്തിരിക്കുന്നതത്രേ. അകത്താര് പുറത്താര് എന്നതും സ്പഷ്ടം. യഥാർഥത്തിൽ കഴിഞ്ഞ ഇരുപതു വർഷമായി ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ ഈ നയമാറ്റത്തിനുള്ള കരടുരേഖകൾ അണിയറയിൽ ഒരുങ്ങുകയായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സി. ബി. എസ്. സി., എൻ. സി. ഇ. ആർ. റ്റി., ഹൈസ്‌കൂൾ ചരിത്രപാഠപുസ്തകങ്ങളിൽനിന്നും ചിലതെല്ലാം വെട്ടിനീക്കിയിരിക്കുന്നു. ചേർത്തല നങ്ങേലിയുടെ 1803-ലെ അനശ്വരമായ രക്തസാക്ഷിത്വത്തിനു ശേഷം കേരളനവോത്ഥാനത്തിനു സംഘടിതമായി ചാലകത പകർന്ന, ആധുനികതയുടെ സന്ദർഭത്തിൽ നാടുണർത്തിയ നാടാർപോരാട്ടങ്ങളും നാടാർ വനിതകൾ നടത്തിയ ത്യാഗോജ്വലമായ മാറുമറയ്ക്കൽ സമരവും ആയിരുന്നു ഒഴിവാക്കപ്പെട്ടത്. 2016-ൽ ദേശീയവിദ്യാഭ്യാസ നയമെന്ന എൻ. ഇ. പി. കരടുരേഖ റ്റി. എസ്. ആർ. സുബ്രഹ്‌മണ്യൻ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്ത് വികസിപ്പിച്ചു കൊണ്ടുവന്നപ്പോൾതന്നെ ഇത് കാവിവൽക്കരണത്തിന്റെയും കോർപ്പറേറ്റ്‌വൽക്കരണത്തിന്റെയും ഹൈന്ദവമായ കരടുരേഖയാണെന്ന് ഇംഗ്ലിഷിലും (ഇന്ത്യ കൾച്ചറൽ ഫോറം. കോം, സബ്‌രംഗ്ഇന്ത്യ.ഇൻ 2016) മലയാളത്തിലും (മാധ്യമം വാരിക 2017 ഏപ്രിൽ 2; 'കാവിവൽക്കരണത്തിന് ഒരു കരടു രേഖ') ഈ ലേഖകൻ എഴുതി പ്രസിദ്ധീകരിക്കുകയും സർവകലാശാലാ അധ്യാപകരുടെ ഇടയിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു.


Related Articles