വിവർത്തനം: ജോസഫ് കെ ജോബ്
കേരളത്തിലേക്കു വരുന്നത് എന്നും സന്തോഷകരമാണ്. ദൈവത്തിന്റെ സ്വന്തം നാടാണിത്. ഈ നാട്ടിലെ രാഷ്ട്രീയത്തിൽ ദൈവം വല്ലാതെയങ്ങ് ഇടപെടുന്നില്ല എന്നതിന് ദൈവത്തോട് പ്രത്യേകം നന്ദി. ഡി സി ബുക്സ് അതിന്റെ പ്രസിദ്ധീകരണത്തിന്റെ സാർത്ഥകവും മഹത്തരവുമായ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ, ഈ വേദിയിൽ നിൽക്കുന്നത് ഒരു ബഹുമതിയായിത്തന്നെ ഞാൻ കാണുന്നു. മഹാനായ പ്രസാധകനും എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവും തലമുറകളെ സ്വാധീനിച്ച മഹാപ്രതിഭയുമായ പത്മഭൂഷൺ ഡി സി കിഴക്കേമുറിയോടുള്ള കൃതജ്ഞത ഈ അവസരത്തിൽ എന്റെ ഹൃദയത്തിൽ നിറയുന്നുണ്ട്. രാഷ്ട്രത്തോടുള്ള സ്നേഹാദരവുകൊണ്ടും താൻ തിരഞ്ഞെടുത്ത വഴികളിൽ ഉറച്ചുനിന്ന് പ്രവർത്തിച്ചതുകൊണ്ടും അദ്ദേഹം നമുക്ക് വലിയ മാതൃക സൃഷ്ടിച്ചു. ഇവിടെ നിങ്ങളുടെ മുന്നിൽ ഈ അവസരത്തിൽ നിൽക്കാൻ കഴിഞ്ഞതിന് ഞാൻ അദ്ദേഹത്തോട് സർവാത്മനാ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ചെയ്തതുപോലെ നിർഭയനായി നിൽക്കുക എന്നതാണ് ഇന്നത്തെ ഈ സാഹചര്യത്തിൽ പ്രസക്തമായിരിക്കുന്നത്.
