ഗാന്ധിയെ വരയ്ക്കാൻ
എളുപ്പമാണ്
മൂന്നോ നാലോ രേഖകൾ മതി.
ഗാന്ധിയായി വേഷം കെട്ടാനെ
ളുപ്പമാണ്
കെട്ടിയ വേഷങ്ങൾ
അഴിച്ചുകളഞ്ഞാൽ മതി.
-കൽപ്പറ്റ നാരായണൻ
ബുദ്ധൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യൻ വ്യക്തിബിംബം, ഒരുപക്ഷേ, ഗാന്ധിയാവും; മുഖ്യധാരാകലയിലും ജനപ്രിയകലയിലും. ശില്പകല മുതൽ കലണ്ടർ ഇമേജുകളിൽവരെ രൂപസൗഷ്ഠവത്തിലും വിഷയപരതയിലും വൈവിധ്യപൂർണമായ ബിംബകല്പനകൾ ഗാന്ധിയെ ചുറ്റിപ്പറ്റി വന്നുകഴിഞ്ഞു. ഇനിയും എത്രയോ ദൃശ്യാഖ്യാനങ്ങൾ വരാനിരിക്കുന്നു. എന്താണ് നിലയ്ക്കാത്ത ഈ ഗാന്ധിഭാവനയുടെ പൊരുൾ? കലയ്ക്കും കലയുടെ രാഷ്ട്രീയപ്രകടനപരതയ്ക്കുമിടയിൽ, കലയ്ക്കും സൗന്ദര്യശാസ്ത്രത്തിനുമിടയിൽ ഗാന്ധികല്പനകൾ മുന്നോട്ടു വെയ്ക്കുന്ന സൂചനകളെന്തൊക്കെ? വ്യക്ത്യാരാധനയ് ക്കപ്പുറം ഒരാശയമെന്ന നിലയിൽ കലയിലൂടെ പുനഃരവതരിക്കുന്ന ഗാന്ധി ഇന്ത്യൻ വർത്തമാനത്തെ എങ്ങനെയൊക്കെ പ്രതിനിധീകരിക്കുന്നു? രാജ്യം ഗാന്ധിജന്മത്തിന്റെ ഒന്നരനൂറ്റാണ്ട് ആഘോഷിക്കുമ്പോൾ, തിരിച്ചുവരുന്ന ഗാന്ധി പ്രതിരോധരാഷ്ട്രീയത്തി ന്റെ ചിഹ്നമാകുമോ? അഹിംസാവാദത്തിന്റെ മുഖചിത്രമാവുന്ന ഗാന്ധി ഇന്ത്യൻ രാഷ്ട്രീയ ഭാവനയെ പ്രചോദിപ്പിക്കാൻ പര്യാപ്തമോ? ചോദ്യങ്ങൾ എത്രയെങ്കിലുമുണ്ട്. അവ ചോദിക്കപ്പെടുന്നതിന് സമകാലികകാരണങ്ങളും നിരവധി. ഗാന്ധിയൻ ആശയങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അധികാരത്തിലേറിയ ഒരു ഭരണകൂടം ഇപ്പോൾ ഗാന്ധിയെ തിരിച്ചെടുക്കുന്നതിൽനിന്നു തുടങ്ങി, ഗാന്ധിക്കെതിരേ പ്രയോഗിക്കപ്പെട്ട, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഹിംസയുടെ മറവിൽ പുനരാനയിക്കപ്പെടുന്ന ഗാന്ധി, വാസ്തവത്തിൽ കൂടുതൽ സംശയബിന്ദുവിൽ നില്ക്കുന്നു.
