നിങ്ങളിലാരാണ് ഇടതുപക്ഷക്കാർ

Society

നിങ്ങളിലാരാണ് ഇടതുപക്ഷക്കാർ


'പച്ചക്കുതിര'യിൽ എഴുതിയിട്ട് കാലം കുറെയായി; എഡിറ്ററുമായി ഒരു ദശകത്തെ പരിചയമുണ്ട്. 2022 ഒക്‌ടോബർ രണ്ടിന് എറണാകുളത്തെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എസെൻസ് ഗ്ലോബൽ (esSENSE Global) സംഘടിപ്പിച്ച, ഏഴായിരത്തിലധികം പേർ പങ്കെടുത്ത ലിറ്റ്മസ് 22 എന്ന ഏകദിന നാസ്തിക-സ്വതന്ത്രചിന്താ സെമിനാറിന്റെ വിജയത്തിന് ശേഷം എനിക്കും എസെൻസ് ഗ്ലോബലിനും എതിരായി മാധ്യമ-സൈബർ ലോകത്ത് ഉണ്ടായ ലിഞ്ചിംഗിന്റെയും വെറുപ്പ് കാമ്പയിന്റെയും കാരണങ്ങൾ ആരാഞ്ഞ് അദ്ദേഹം ഈയിടെ വിളിച്ചിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിച്ചു. ശേഷം വാട്‌സ് ആപ്പിൽ ചില ചോദ്യങ്ങൾ അയച്ചുതന്നു. ആ പ്രശ്‌നങ്ങളോടുള്ള പ്രതികരണം മാസികയിൽ എഴുതണം എന്ന സ്‌നേഹപൂർവമുള്ള നിർദ്ദേശത്തിന്റെ ഉത്പന്നമാണ് ഈ ലേഖനം.

'പച്ചക്കുതിര'യുടെ 2018 ഏപ്രിൽ ലക്കത്തിൽ ചില സ്വകാര്യ അനുഭവങ്ങളെ കുറിച്ച് എഴുതിയിരുന്നു. എന്നാൽ ഇവിടെ വിഷയം കൂടുതലും രാഷ്ട്രീയമാണ്. ചെറുപ്രായത്തിൽതന്നെ നാട്ടിൽ കക്ഷിരാഷ്ട്രീയജ്വരം ഉണ്ടായിരുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി ഒരു കയ്യാല തല്ലിക്കൂട്ടി അവിടെ ചുണ്ണാമ്പും നീലവും ഉപയോഗിച്ച് സി.കെ. തങ്കപ്പന് അരിവാൾ ചുറ്റിക അടയാളത്തിൽ വോട്ട്‌ചെയ്ത് വിജയിപ്പിക്കുക എന്നെഴുതിവെച്ചത് ഓർമ്മയുണ്ട്. ഒരാഴ്ചത്തെ പ്രയത്‌നമായിരുന്നു അത്. കോളേജിൽ ചെല്ലുമ്പോഴേക്കും കക്ഷിരാഷ്ട്രീയം വിട്ടു. ദൈവവിശ്വാസത്തിൽ നിന്ന് മോചിതനായതും ക്രമേണയാണ്. അഞ്ചാംക്ലാസ് കഴിഞ്ഞതോടെ പ്രാർത്ഥന നിലച്ചു. ഹൈസ്‌കൂളിൽ എത്തിയപ്പോഴേക്കും ക്ഷേത്രദർശനം അവസാനിച്ചു. പിന്നെ കുറെക്കാലം മതാതീത ആത്മീയത, ഭഗവത്ഗീത, വിവേകാനന്ദസാഹിത്യം, അദ്വൈതം എന്നൊക്കെയുള്ള ലൈനിൽ. ഇരുപതുകളുടെ തുടക്കത്തിൽ സമ്പൂർണ്ണമോചനം നേടിയെങ്കിലും മതം, ദൈവം ഇത്യാദി സംഗതികൾ ഗൗരവത്തോടെ കാണാൻ താല്പര്യമുണ്ടായിരുന്നില്ല. വിശ്വാസികൾ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കട്ടെ, തർക്കിച്ചിട്ട് കാര്യമില്ല, ഒന്നും മാറാൻപോകുന്നില്ല, കഴിയുന്നിടത്തോളം ഒത്തുപോകുന്നതാണ് യുക്തിസഹം എന്നൊക്കെയുള്ള നിസ്സംഗതയായിരുന്നു. മതാചാരങ്ങളെയോ ദൈവവാദങ്ങളെയോ എതിർക്കാനോ ധിക്കരിക്കാനോ പോയിട്ടില്ല. വിവാഹം പരമ്പരാഗത രീതിയിൽ. നാസ്തിക-സ്വതന്ത്രചിന്ത ആക്റ്റിവിസത്തിലേക്ക് തിരിയുന്നത് നാൽപ്പതിനോട് അടുപ്പിച്ചാണ്. ശേഷം ഇപ്പോൾ ചവിട്ടി നിറുത്താൻ പറ്റാത്ത അവസ്ഥയിൽ. യുക്തിവാദി പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. ചെറിയ തോതിലെങ്കിലും ബന്ധപെട്ടിരുന്നത് ശാസ്ത്ര സാഹിത്യപരിഷത്തുമായാണ്.

നാസ്തികത പ്രചരിപ്പിക്കുന്ന രവിചന്ദ്രൻ ഹിന്ദുത്വയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതായി ആരോപിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നതായിരുന്നു ആദ്യ ചോദ്യങ്ങളിലൊന്ന്. തെറ്റായ ചോദ്യമാണിത്. ഞാൻ ഹിന്ദുത്വയെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. Troll, Trash, Terminate എന്ന കാൻസൽ കൾച്ചറിന്റെ (Cancel Culture) ഭാഗമായി ഇഷ്ടമില്ലാത്ത വ്യക്തികളെ ഡീപ്‌ളാറ്റ്‌ഫോം (deplatform) ചെയ്തു രാഷ്ട്രീയപരമായി റദ്ദാക്കി കളയുക എന്ന വോക്കിസ്റ്റ് (wokism) രീതിയാണ് ഇവിടെ അവലംബിക്കപെടുന്നത്. രണ്ടാമതായി, ഞാൻ സ്വയം ദൈവമായി മാറിയതല്ല, അത്തരത്തിൽ അധിക്ഷേപിക്കപെടുന്നതാണ്. ലഹരിവിരുദ്ധത പറയുന്നവനെ ലഹരി അടിമയായി ചാപ്പയടിക്കും, അഴിമതിവിരുദ്ധ പ്രവർത്തകനെ അഴിമതി രാജാവാക്കും. നാസ്തികത പറയുന്നവനെ ആൾദൈവമായും കൾട്ട് നേതാവായും അധിക്ഷേപിക്കും. അതോടെ ചാപ്പയടിക്കപെടുന്നവർ പ്രസക്തിയും സ്വീകാര്യതയും നഷ്ടപെട്ട് ഇല്ലാതായികൊളളും എന്ന സങ്കൽപ്പമാണ് ഇത്തരം വെറുപ്പ് കാമ്പയിനുകളുടെ ഉള്ളടക്കം. എന്നെ പരിഹസിക്കാനാണെങ്കിലും ദൈവം എന്നത് ഒരു മലിന സങ്കൽപ്പമാണെന്ന ധാരണ പ്രചരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഒരിക്കൽ എന്റെ എആ പേജിൽ വന്ന് എന്റെ പേര് 'രവി(സ)' എന്നെഴുതി കൊണ്ടിരുന്ന ഒരാളോട് 'എന്നെ മുഹമ്മദ് ആക്കരുത്'എന്ന് അഭ്യർത്ഥിച്ചതും അയാൾ എന്തോ കണ്ട് പേടിച്ചത് പോലെ പെട്ടെന്ന് ആ പണി നിറുത്തി. ഇതു കണ്ടതും 'പ്രവാചകനിന്ദ'വരുമെന്ന് ഭയന്ന് അതേ പോസ്റ്റിന് കീഴിൽ സമാനമായി 'രവി(സ)'എന്നെഴുതിക്കൊണ്ടിരുന്ന രണ്ട് ലിബറൽപ്രീണനപ്രഭുക്കൾ അവരുടെ എല്ലാ കമന്റുകളിൽനിന്നും ഇടിമിന്നൽ വേഗതയിൽ '(സ)'നീക്കംചെയ്തുകളഞ്ഞു! ലിഞ്ചിംഗിനിടയിലും ഉൾഭയം കൈവിടാത്തവരാണ് ലിബറൽ ബുദ്ധിജീവികൾ എന്ന് സാരം. പാരമ്പര്യ യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും റിഗ്രസീവ് ലെഫ്റ്റ് എന്നറയിപ്പെടുന്നവരുമാണ് പൊതുവെ എസെൻസും രവിചന്ദ്രനും ഹിന്ദുത്വയെ നോർമലൈസ് ചെയ്യുന്നു എന്നരീതിയിൽ വെറുപ്പ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മറ്റുള്ളവർക്ക് അനാവശ്യമായി തോന്നാമെങ്കിലും അതവർക്ക് 'അത്യാവശ്യ'മാണ്.


Related Articles