നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ത്യയിൽ അധികാരത്തിൽ ഏറിയതിനുശേഷമുള്ള രാഷ്ട്രീയ വ്യവഹാരങ്ങളിൽ നടക്കുന്ന ചർച്ചകളുടെ സ്വഭാവം കൗതുകകരമാം വിധം മാറിയിരിക്കുന്നത് നമുക്ക് കാണാനാകും. ഭാരത് മാതാ കീ ജെയ് എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കണം എന്നുവരെ ചർച്ച ചെയ്യപ്പെട്ടു. ഒരുപക്ഷേ, ഇന്ത്യാ വിഭജനക്കാലത്തിനുശേഷം ഈ ചിന്ത ഏറ്റവും അധികം വികസിച്ചത് ഇപ്പോഴായിരിക്കാം. ദേശീയതയും വർഗീയതയും കൂടിക്കുഴയുകയും വ്യക്തികൾ തങ്ങൾ ഇവിടെ ജീവിക്കാൻ അനുയോജ്യരാണ് എന്ന് വ്യക്തികൾ സ്വയം തെളിവ് നിരത്തേണ്ട സാഹചര്യം ഉയർന്നു വരുകയും ചെയ്തിരിക്കുന്നു. ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകൾ ആ സാഹചര്യങ്ങളെ നിർവചിക്കുന്നവയാണ്.
നമ്മുടെ സമൂഹത്തിനു ചേരാത്ത വരെ പുറം തള്ളണം എന്ന മുറവിളി അധികാരം കൈയ്യാളുന്ന വിഭാഗം നിരന്തരം ഉയർത്തുന്നതാണ് ഈ രാഷ്ട്രീയ സാഹചര്യത്തിന്റെ ആത്യന്തിക സ്വഭാവം. ഭൂരിപക്ഷത്തിന്റെ ശരികൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കാത്ത ന്യൂനപക്ഷങ്ങൾക്ക് മരണമോ നാടുകടത്തലോ മാത്രമാണ് വിധി എന്ന ന്യായം ആകാശത്ത് ഉരുണ്ടു കൂടുന്നു.
രാഷ്ട്രീയമായ സമ്മർദ്ദത്തെ തുടർന്നുണ്ടാകുന്ന ആത്മഹത്യകളും കൊലപാതകങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണിത്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വിരുദ്ധാഭിപ്രായങ്ങളെ പുറംതള്ളണം എന്ന വാദം ആധുനിക സമൂഹം എന്ന് വിവക്ഷിക്കാവുന്ന നമ്മുടെ രാജ്യത്തും നിലനിൽക്കുന്നു എന്ന് കാണാം. പുതിയ കാലത്ത് സംഭവിക്കുന്ന പല മരണങ്ങളും ആ വഴിയിൽ വിലയിരുത്തപ്പെടുന്നു. രോഹിത് വെമുലയുടെ മരണംപോലുള്ളവ സമ്മർദ്ദത്താൽ നിർമ്മിക്കപ്പെടുന്ന നരബലി എന്ന് വിലയിരുത്താവുന്നതാണ്. ഒരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയമായി സംഭവിക്കുന്ന ഓരോ മരണവും, അത് കൊലപാതകമാകട്ടെ, ആത്മഹത്യയാകട്ടെ നരബലികളുടെ ഗണത്തിൽ പെടുത്തി വായിക്കാവുന്നതാണ്. അതുകൊണ്ടുതന്നെനരബലികൾ എപ്പോഴും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്ന് ഈ വിധത്തിലും വിലയിരുത്താനാകും.
