സ്‌നേഹം ജീവനുള്ളതും ശ്വാസം കഴിക്കുന്നതുമാണ്. അതിനെ ഏതെങ്കിലും ഒരു ദിശയിൽ മാത്രം വളരാൻ നിർബന്ധിക്കേണ്ടതില്ല. ആയാസമില്ലാതെ സൗമ്യമായി തിരഞ്ഞാൽ അതു നമുക്കുള്ളിലുറച്ചു വളരുന്നതും ഉളളാലെ സുഖപ്പെടുത്തുന്നതും അറിയാം. സ്‌നേഹിക്കുന്നതെങ്ങനെ റ്റിക് ന്യാഹ്ത് ഹാൻ തന്റെ തൊണ്ണൂറ്റഞ്ചാം വയസ്സിൽ നമ്മെ വിട്ടുപോയ തികഞ്ഞ ലോക പൗരനായ സമാധാന പ്രവർത്തകനും തത്വചിന്തകനും പൊതുഭാഷകനും ലോകാധ്യാപകനും കവിയും സെൻധ്യാനഗുരുവും ബുദ്ധഭിക്കുവുമായ റ്റിക് ബുദ്ധരുടെ സുവിശേഷത്തെ പാശ്ചാത്യ ലോകത്ത് ഏറെ ജനകീയമാക്കുന്നതിനായി ജീവിച്ചു. അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അമേരിക്കയിലെ കൊളമ്പിയ, പ്രിൻസ്റ്റൺ, കോർണെൽ സർവകലാശാലകളിലടക്കം പാശ്ചാത്യലോകത്തെമ്പാടും സത്യനീതി കേന്ദ്രിതമായ ബുദ്ധചിന്തയുടെ ആധുനിക അക്കാദമിക പഠനസംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് ഹാൻ അനശ്വരനാകുന്നത്. വിയറ്റ്‌നാമിലെ സായിഗോണിൽ അദ്ദേഹം ഒരു ബൗദ്ധ വിശ്വവിദ്യാലയം തന്നെ സ്ഥാപിച്ചു. പാലിയും വിയറ്റ്‌നമീസും ചൈനീസും ഇംഗ്ലീഷും ഫ്രഞ്ചുമടക്കം 130 ലധികം പുസ്തകങ്ങളാണദ്ദേഹം വിവിധ ലോകഭാഷകളിൽ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആധുനിക ആംഗലവും ഫ്രഞ്ചുമടക്കമുള്ള ബഹുവിധ ലോകഭാഷകളിലെഴുതാനും പ്രസംഗിക്കാനും പ്രസിദ്ധീകരിക്കാനും കുട്ടികളോടും പോലും തത്ത്വഭാഷണം നടത്താനും പ്രാഗൽഭ്യമുണ്ടായിരുന്ന ഹാൻഗ്രന്ഥങ്ങളുടേയും ഭാഷണങ്ങളുടെ യും വിപുലമായ ലോകമാണ് നമുക്കു ലഭ്യമായിരിക്കുന്നത്. ഫ്രാൻസിലെ ബോർദിയൂക്‌സിലെ (ബോദോ) അദ്ദേഹം സ്ഥാപിച്ച പ്ലം വില്ലേജ് എന്ന വിപുലമായ സംഘാരാമ വിഹാര സമുച്ചയമാണ് 2022 ജനുവരി 22ന് വിയറ്റ്‌നാമിൽ നടന്ന ഹാനിന്റെ മരണം സ്ഥിരീകരിച്ചത്. ഓഡർ ഓഫ് ഇൻറർ ബീയിങ്ങെന്നാണാ പുതുസംഘം അറിയപ്പെടുന്നത്. സങ്കലിതവും ബഹുസ്വരവുമായ ആധുനിക പ്രബുദ്ധതയുടെ മധ്യമാർഗമാണീ സംഘം. ജന്മനാടായ വിയത്‌നാമിലെ ഹ്യാവിലെ റൂട്ട് റ്റെമ്പിൾ എന്നറിയപ്പെടുന്ന മൂലംപള്ളിയിലായിരുന്നു അന്ത്യകാലം.
വർത്തമാന തത്വചിന്തയേയും യൂറോപ്യൻ ജീവിതത്തേയും മാറ്റിയ നിരവധി ഗഹനമായ ഭാഷണങ്ങൾ പുത്തരുടെ ആ എളിയ പിച്ചക്കാരൻ അഥവാ ഭിക്ഷു നടത്തിയത് ഈ പെരുമ്പള്ളിശേരിയിലായിരുന്നു. പള്ളി ചൈത്യവിഹാരവും ചേരി ബൗദ്ധ മൊണാസ്ട്രിയുമാണ് കേരള സ്ഥലനാമരൂപീകരണങ്ങളിൽ. ഭിക്കുവും ഹിന്ദു സന്യാസിയും തമ്മിലുള്ള സൂക്ഷ്മ വ്യത്യാസങ്ങളെ കുറിച്ച് ഭിക്കു സംഘരക്ഷിത തന്നെ ഇന്ത്യയുടെ നവബുദ്ധനായ അംബേദ്കറെ കുറിച്ചുള്ള പുത്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. സന്യാസിക്ക് ബ്രഹ്‌മസത്യജഗദ്മിഥ്യാ അദ്വൈത വേദാന്ത സങ്കൽപ്പത്തിൽ ലോകം പ്രധാനമല്ലാത്തപ്പോൾ ഭിക്കു ലോകക്ഷേമത്തിനായി ജീവിക്കുന്നു. പുത്തരുടെ തത്ത്വചിന്ത പോലെ ബഹുജനഹിതവും സുഖവും ഭിക്കുവിനു പ്രാഥമികമാണ്. ഈ യുക്തിയുക്തമായ കാരുണിക ലോകോത്തര ചിന്ത വിശദീകരിക്കുന്ന കുട്ടികളോടുള്ള സ്‌നേഹസംവാദങ്ങൾ യൂറ്റിയൂബിൽ ഏറെ ലഭ്യമാണ്. വംശീയ ഹിംസകൾക്കും വംശഹത്യകൾക്കും എതിരായ സമാധാന സന്ദേശം യൂറോപ്പിലും അമേരിക്കയിലും പടർത്താനദ്ദേഹം നിരന്തരം പ്രവർത്തിച്ചു പോന്നു.
