ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ സമയത്തുതന്നെ ഹോളി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സർഫ് എക്‌സൽ അവതരിപ്പിച്ച ഒരു പരസ്യം ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. നിസ്‌കാരത്തിനായി പള്ളിയിൽ പോകാനിറങ്ങുന്ന ഒരു മുസ്ലിം ബാലകന്റെ വസ്ത്രത്തിൽ ഹോളി ആഘോഷിക്കുന്നവരുടെ ആവേശംകൊണ്ട് നിറക്കൂട്ടുകൾ പറ്റാതിരിക്കാൻ സഹായിക്കുന്ന അവന്റെ ഹിന്ദു കൂട്ടുകാരിയുടെ തന്ത്രമാണ് പരസ്യത്തിന്റെ പ്രധാന ആകർഷണം. ഹിന്ദുത്വശക്തികളിൽനിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്നിട്ടും പരസ്യം പിൻവലിക്കാൻ സർഫ് എക്‌സലിന്റെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ ലിവർ തയ്യാറായില്ല. അത് പരസ്യം കൂടുതൽ വ്യാപകമായി ശ്രദ്ധിക്കപ്പെടാൻ കാരണമായി. ഈ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അജണ്ടകളെ നിർണ്ണയിക്കുന്ന ഒരു പ്രധാന ആഖ്യാനത്തെ ഈ പരസ്യത്തിന്റെ ജനകീയമാകലിലൂടെ നമുക്ക് കണ്ടെത്താൻ കഴിയും. ആ ആഖ്യാനം മതനിരപേക്ഷതയെ സംബന്ധിക്കുന്നതാണ്.
നമ്മുടെ സമൂഹം വിവിധ സമയങ്ങളിൽ മതസൗഹാർദത്തെ ഒരു ആഖ്യാനം എന്ന നിലയിൽ ചർച്ച ചെയ്യാൻ ശ്രമിക്കാറുണ്ട്. ഹിന്ദു മുസ്ലിം വ്യക്തിത്വങ്ങൾ പരസ്പരം പുണരുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴും ക്ലീഷേകളായി തോന്നുന്ന വിധത്തിൽതന്നെ നമ്മുടെ ജനകീയ ആഖ്യാനങ്ങളിൽ ഇടം പിടിക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ കുറെ കാലത്തെ രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളിൽ മതസൗഹാർദ്ദം എന്ന ആഖ്യാനം അപ്രത്യക്ഷമായി നില്ക്കുകയായിരുന്നു എന്ന് കാണാം. പകരം ദേശസ്‌നേഹത്തിന്റെ ആഖ്യാനം കരുത്താർജിച്ചു നിന്നിരുന്നു. അഞ്ചു വർഷം മുമ്പ് നരേന്ദ്രമോദി അധികാരത്തിലേക്കു ചുവടു വയ്ക്കുമ്പോൾ ഒരു വലിയ വിഭാഗം ഇന്ത്യൻ ജനസാമാന്യത്തെ ദേശസ്‌നേഹത്തിന്റെ വാഴ്ത്തലുകളും മതനിരപേക്ഷത കാപട്യമാണ് എന്ന വിലാപവും വല്ലാതെ ആവേശപ്പെടുത്തിയിരുന്നു. ഇന്നും ആ ആവേശങ്ങൾക്കു കാര്യമായ കോട്ടം തട്ടിയിട്ടില്ല. ദേശസ്‌നേഹത്തിന്റെ ആഖ്യാനത്തിന് ഇന്നും മാർക്കറ്റ് കുറഞ്ഞിട്ടില്ല. തിയേറ്ററുകൾ മുഴുവൻ ഹിന്ദുത്വാധിഷ്ഠിത ദേശസ്‌നേഹം തുളുമ്പുന്ന 'ഉറി', 'പരമാണു: സ്റ്റോറി ഒഫ് പൊഖ്‌റാൻ' 'പി എം നരേന്ദ്ര മോദി', 'കേസരി' 'മണികർണ്ണിക' തുടങ്ങിയ സിനിമകളുടെ കുത്തൊഴുക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ മതസൗഹാർദ്ദം മാർക്കറ്റിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന് കാണിക്കുന്നതാണ് സർഫ് എക്‌സലിന്റെ പരസ്യം. മതനിരപേക്ഷതയെ സംബന്ധിക്കുന്ന ഒരു പകരം ആഖ്യാനം വികസിച്ചുവന്ന് ജനങ്ങളിൽ വ്യാപകമാകുന്നതിന്റെ പ്രതീക്ഷകൾ അത് തരുന്നു.
ഇന്ത്യ അതിന്റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുമ്പോൾ, രാഷ്ട്രീയ സംവിധാനങ്ങൾ ജനതയ്ക്കു മുന്നിൽ വെക്കുന്ന പ്രശ്‌നങ്ങളെയും ആശയങ്ങളെയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒരു തരത്തിൽ നോക്കിയാൽ 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നിർവചിക്കുന്ന രണ്ട് പ്രധാന ആഖ്യാനങ്ങൾ ദേശസ്‌നേഹവും മതനിരപേക്ഷതയുംതന്നെയാണ് എന്നു കാണാൻ കഴിയും. ആ രണ്ട് വ്യത്യസ്ത ആഖ്യാനങ്ങളെ വിരുദ്ധധ്രുവങ്ങളിൽ നിർത്തിക്കൊണ്ട് ജനങ്ങളുടെ മനസ്സിലെ വികാരങ്ങളെ എങ്ങനെ സ്വാധീനിക്കാം എന്ന സാധ്യത ചികയലായി ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണാനാകും.
