മലയാളിക്ക് ഭാഷകളറിയാം, ഭാഷാശാസ്ത്രമറിയില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവും വന്നു. മുസ്‌ലിങ്ങളുടെ മതഭാഷയാണ് അറബിക് എന്നും അതുകൊണ്ട് കേരളത്തിൽ സർക്കാർമേഖലയിൽ ഒരു അറബിക് സർവകലാശാല വരുന്നത് വർഗ്ഗീയ ചേരിതിരിവുണ്ടാക്കുമെന്നും സാമുദായികസൗഹാർദ്ദത്തിനും സമാധാനാന്തരീക്ഷത്തിനുമൊക്കെ അത് കളങ്കം വരുത്തുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥന്മാർ ഗ്രഹിച്ചുകണ്ടെത്തിയത്. ചർച്ചകളും വാദപ്രതിവാദങ്ങളും മുറയ്ക്കു നടക്കുന്നു. അറബി മതഭാഷയല്ലെന്നും ആ ഭാഷ മുസ്‌ലിങ്ങളുടെതാണെന്ന ചിന്ത യുക്തിരഹിതമാണെന്നും മുസ്‌ലിം സമുദായനേതാക്കന്മാരിൽ ചിലർ അഭിപ്രായപ്പെട്ടു കണ്ടു-- അത്രയ്‌ക്കെങ്കിലും ഭാഷാശാസ്ത്രബോധമുണ്ടാക്കാൻ ഈ വിവാദത്തിനു കഴിഞ്ഞുവെന്ന് ആശ്വസിക്കാം.
ഭാഷയുമായി ബന്ധപ്പെട്ട് മലയാളി നിലനിർത്തിപ്പോരുന്ന ഒട്ടേറെ ധാരണാപിശകുകളുണ്ട്. അത്തരത്തിലൊന്ന് ഈ വിവാദത്തിലും തലപൊക്കിയെന്നു മാത്രമേയുള്ളൂ.
'നാടോടിക്കാറ്റി'ലെ ദാസനും വിജയനും വീണ്ടും ഓർമ്മകളിലെത്തി. 'അസലാമു അലൈക്കും--വാ അലൈക്കുമുസലാം എന്നു പഠിച്ചാൽ മതി--അറബിയായി എന്നു ധരിപ്പിക്കുന്ന ഗഫൂർക്കയും മദിരാശിപ്പട്ടണത്തിലൂടെ അറബിവേഷത്തിൽ പെട്ടിയും തൂക്കിയോടുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരുമാണ് അറബിയെന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിലെത്തുന്നത്. മാമുക്കോയയും അനൂപ് ചന്ദ്രനുമൊക്കെ അവതരിപ്പിച്ച അറബിമാഷന്മാരും ഓർമ്മയിൽ വന്നേക്കും. കലാസാംസ്‌കാരികരംഗത്ത് മലയാളിയുടെ വികലഭാഷാമനോഭാവം രൂപപ്പെട്ടുവന്നിട്ടുള്ളത് ഇങ്ങനെയൊക്കെയാണല്ലോ.
