മദ്യസമസ്യ

Society

മദ്യസമസ്യ


മനുഷ്യന്റെ ചരിത്രവുമായി കലർന്ന ഒരു സാംസ്‌കാരിക ചരിത്രമുണ്ട് മദ്യത്തിന്. രണ്ടും അനാദിയാണ്. നരവംശം ഏതു ഘട്ടത്തിലാണ് ആനന്ദത്തിന്റെ ഒരു സ്രോതസ്സായി മദ്യത്തെ കണ്ടെത്തിയതെന്നോ, ആഘോഷങ്ങളെ ദീപ്തമാക്കാനും സൗഹൃദത്തെ അഗാധമാക്കാനും ചിലപ്പോൾ ദുഃഖം മറക്കാനും ഹൃദയലാഘവം കൈവരുത്താനുമൊക്കെയായി മദ്യം ഉപയോഗിച്ചു തുടങ്ങിയതെന്നോ പറയാനായേക്കില്ല. ബൈബിളിൽ ഉൽപത്തി പുസ്തകത്തിൽതന്നെ വീഞ്ഞുണ്ട്. പുത്രിമാർ രണ്ടുപേരും ചേർന്ന് വൃദ്ധനായ അപ്പനെ (ലോത്ത്) വീഞ്ഞ് കുടിപ്പിക്കുന്നു. പിന്നെ മൂത്തവൾ അകത്തുചെന്ന് അപ്പനോടുകൂടെ ശയിച്ചു. അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. പിറ്റെന്നാൾ മൂത്തവൾ ഇളയവളോട്: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിനു നീയും അകത്തുചെന്ന് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞ് കുടിപ്പിച്ചു, ഇളയവൾ ചെന്ന് അവനോടുകൂടെ ശയിച്ചു. അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും ഗർഭം ധരിച്ചു. അതിന് വഴിയൊരുക്കിയത് വീഞ്ഞായിരുന്നു. പക്ഷേ, വീഞ്ഞ് അതിനുമുമ്പേ പ്രയോഗത്തിൽ ഉണ്ടായിരുന്നിരിക്കണം; അതിന്റെ പരാമർശങ്ങൾ ഉൽപത്തി പുസ്തകത്തിൽ ഇല്ലെന്നു വരികിലും.

മദ്യം ലോത്തിന്റെ ബോധം കെടുത്തിയെങ്കിൽ റിപ്‌വാൻ വിങ്കിളിന്റെ ജീവിതത്തിൽനിന്നും നീക്കിക്കളഞ്ഞത് രണ്ടു പതിറ്റാണ്ടാണ്. കാറ്റ്‌സ്‌കിൽ പർവതനിരകളിലെ ഏറ്റവും ഉയർന്നൊരു ഭാഗത്തെത്തിയ റിപ് യാദൃച്ഛികമായാണ് മദ്യപിക്കാനിടയായത്. അതിന്റെ ഫലം ഇരുപതു വർഷം നീണ്ട അഗാധനിദ്രയായിരുന്നു. ഒരു രാത്രി മാത്രമാണ് താൻ ഉറങ്ങിയതെന്നു ധരിക്കുന്ന റിപ്പിനെ ചുറ്റിലുമുണ്ടായ മാറ്റങ്ങൾ അമ്പരപ്പിക്കുന്നു. താൻ അകത്താക്കിയ മദ്യത്തെയല്ലാതെ മറ്റെന്തിനെയാണ് അയാൾ പഴിക്കുക! അയാൾ സ്വയം പറയുന്നു: ''Oh, that flagon! That wicked flagon!'' വാഷിങ്ടൺ ഇർവിങ് അതീവ രസകരമായ കഥ അവസാനിപ്പിക്കുന്നത് റിപ്‌വാൻ വിങ്കിളിന്റെ കുബുദ്ധിയായ വീഞ്ഞു പാത്രത്തിൽനിന്ന് ഒരല്പം കിട്ടിയെങ്കിൽ എന്നാശിക്കുന്നവരെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ആ മദ്യം അവരെ അത്രമേൽ കൊതിപ്പിക്കുന്നു. അതിൽ അതിശയിക്കാനില്ല താനും.

മനുഷ്യന്റെ ആഹാരക്രമത്തിലെ ഏറ്റവും വിവാദപരമായ ഭാഗമായാണ് മദ്യം പൊതുവിൽ വിവക്ഷിക്കപ്പെടുന്നത്. പരിപോഷിപ്പിക്കുന്നതിനൊപ്പം ഉന്മത്തത കൈവരുത്താനുംമദ്യത്തിന് കഴിയുമെന്നതിനാൽ റോബർട്ട് ലൂയി സ്റ്റീവൻസണിന്റെ വിരുദ്ധ സ്വഭാവമുള്ള ഡോ. ജെക്കിലിന്റെയും മി. ഹൈഡിന്റെയും പ്രതിരൂപമായി ചിലർ മദ്യത്തെ കാണുന്നു. ജെക്കിലായും ഹൈഡായും മദ്യം പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയല്ലായിരുന്നെങ്കിൽ മദ്യത്തോടുള്ള സമീപനം ദ്വിമുഖമാവില്ലായിരുന്നു. ചരിത്രത്തിലുടനീളം നമ്മുടെ ആഹാരപ്പടിയിലും ഔഷധങ്ങളിലും ആഘോഷങ്ങളിലും മദ്യത്തിന്റെ സ്ഥാനത്തെച്ചൊല്ലി കടുത്ത സംവാദങ്ങൾ നടന്നിട്ടുണ്ട്.അനുഷ്ഠാനങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു വിശുദ്ധ വസ്തുവെന്ന നിലയിൽ മദ്യത്തെ പരിഗണിച്ചുപോന്ന സംസ്‌കൃതികളും അത് പാടെ വർജ്ജിക്കപ്പെടേണ്ട അശുദ്ധവസ്തുവെന്ന നിലപാട് കൈക്കൊണ്ട സമൂഹങ്ങളും ചരിത്രത്തിൽ അണിനിരക്കുന്നു. മദ്യം പ്രചോദകമാണെന്നോ, വിനാശകരമാണെന്നോ തീർപ്പുകല്പിക്കാതെ ഉദാസീനമായ കാഴ്ചപ്പാടോടെ അതിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത സംസ്‌കാരങ്ങളും കുറവല്ല.


Related Articles