ചെറുകഥകളിലെ കീഴാളമലയാളം

Society

ചെറുകഥകളിലെ കീഴാളമലയാളം


കേരളത്തിലെ ദലിതരുടെ സവിശേഷജീവിതം പൊതുകേരളത്തിന്റെയും ദലിത് സാഹിത്യം മലയാള സാഹിത്യത്തിന്റെയും ഭാഗമാണ്. തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെ പോയതുകൊണ്ടാണ് ദലിതർക്ക് അവരുടെ ജീവിതത്തിന്റയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത് വരേണ്ടിവന്നത്. മുഖ്യധാര പലപ്പോഴും അഭിപ്രായപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ അവർ വിഭാഗീയമായി ഇടപെടുകയോ എഴുതുകയോ അല്ല ചെയ്യുന്നത്. മറിച്ച് എഴുതപ്പെടാതെപോയ തങ്ങളുടെ ജീവിതവും പ്രാതിനിധ്യവും ചരിത്രത്തിൽ അടയാളപ്പെടുത്തി സാമൂഹ്യ ഇടങ്ങൾ ജനാധിപത്യവൽക്കരിക്കുകയാണ്. പാരമ്പര്യേതരമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടെ സ്വന്തം ഭൂതകാലത്തെ വീണ്ടെടുക്കുകയും വർത്തമാനത്തെ നിർണ്ണയിക്കുകയുമാണ്.

സവിശേഷമായ സാമൂഹ്യാനുഭവത്തിന്റെ ചരിത്രപരമായ കാരണങ്ങളെ തിരിച്ചറിഞ്ഞും സ്വതന്ത്രമായി വിലയിരുത്തിയും, വ്യതിരിക്ത സാമൂഹിക-രാഷ്ട്രീയ അവബോധത്തോടെയും ആത്മാഭിമാനത്തോടെയും തനിമകളോടെയും ദലിതർ തങ്ങളുടെ ജീവിതത്തെയും സാഹിത്യത്തെയും ചേർത്തുപിടിക്കുന്നു. ഒപ്പം വിവിധങ്ങളായ വേർതിരിവുകളും പക്ഷാഭേദങ്ങളും അടിച്ചമർത്തലുകളും ഹിംസകളും നിലനിൽക്കുന്ന വരേണ്യജീവിതത്തെയും സാഹിത്യത്തെയും ജനാധിപത്യവൽക്കരിക്കാനും നൈതികവൽക്കരിക്കാനും ശ്രമിക്കുന്നു. കാലാകാലങ്ങളായി അധീശവർഗം കൈയ്യാളിയും നിയന്ത്രിച്ചും വരുന്ന കേരളീയപൊതുമണ്ഡലത്തെയും മലയാളസാഹിത്യത്തെയും സാമൂഹികനീതിയുടെയും തുല്യതയുടെയും സങ്കൽപ്പങ്ങളാലും, വേറിട്ട സൗന്ദര്യശാസ്ത്ര കാഴ്ചപ്പാടുകളാലും ദലിത് ഇടപെടലുകൾ ഗുണപരമായി അപനിർമ്മിച്ചു, സർഗാത്മകമായി വികസിപ്പിക്കുകയും ചെയ്തു. ഈയൊരു ബോധ്യത്തിന്റെ വെളിച്ചത്തിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിൽ മലയാളത്തിൽ എഴുതപ്പെട്ട ദലിത് കഥകളുടെ ഒരടരിനെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. വിവിധ കാഴ്ചപ്പാടിലും നിലവാരത്തിലും ഭാവുകത്വത്തിലും എഴുതപ്പെട്ട ഈ കഥകളിലൂടെ, മലയാളത്തിലെ ദലിത് കഥകളുടെ ഒരു പരിച്ഛേദത്തെ, അതിന്റെ ബഹുസ്വരതയെ പരമാവധി ഉൾപ്പെടുത്തി അവതരിപ്പിക്കാനാണ് ശ്രമം. ആധുനികപൂർവമലയാളസാഹിത്യത്തിലെ പ്രധാനികളിൽ ഒരാളും, ദലിത് കഥയുടെ "കുലപതി'യുമായ ടി.കെ.സി. വടുതല മുതൽ പുതിയ തലമുറയിലെ കാവ്യ അയ്യപ്പൻ വരെയുള്ളവരുടെ കഥകൾ ഈ ലേഖനത്തിൽ പരാമർശവിധേയമാകുന്നു.

രണ്ട്‌


Related Articles