അർദ്ധനഗ്നമായ ജനാധിപത്യം

Society

അർദ്ധനഗ്നമായ ജനാധിപത്യം


ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായിട്ട് 70 വർഷം പൂർത്തിയായിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ വളരെ സങ്കീർണമായ ഒരു യാത്രയാണിത്. പ്രതിസന്ധികൾ തരണം ചെയ്ത് എങ്ങനെ നാം ഇവിടെ എത്തിയെന്നത് ഒരദ്ഭുതമാണ്. ഈയവസരത്തിൽ മഹാത്മാഗാന്ധിയുടെ സ്വരാജിനെക്കുറിച്ച് ഞാൻ ഓർമിപ്പിക്കുകയാണ്. 1921-ൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ വളരെ മുമ്പ് ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരകാഹളത്തിനായി ആളുകൾ ഒരുമിച്ച വേളയിൽ മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ആശയമാണ് സ്വരാജ്. അഹിംസ, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, ഹിന്ദുമുസ്‌ലിം ഐക്യം, സാമ്പത്തിക സ്വയംപര്യാപ്തത എന്നീ നാല് തത്ത്വങ്ങളിൽ ഊന്നിയുള്ളതായിരുന്നു സ്വരാജ് അഥവാ സ്വാതന്ത്ര്യം.

അഹിംസ എന്നതുകൊണ്ട് ജനാധിപത്യമായിരുന്നു ഗാന്ധിജി ഉദ്ദേശിച്ചത്. വിവിധ വിഭാഗങ്ങളിൽ നിന്നുയർന്നുവന്ന അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഇന്ത്യ സ്വതന്ത്രമാവുന്നതോടെ ആയുധങ്ങൾകൊണ്ട് അടിച്ചമർത്താതെ അഹിംസയിലൂടെ പരിഹരിക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. സ്വാതന്ത്ര്യം നേടാൻ ആയുധമാക്കിയ സമരമുറയായ സത്യഗ്രഹം ജനാധിപത്യത്തിന്റെ ജീവവായു ആണെന്ന് ജനാധിപത്യത്തിലേ വാദിക്കാൻ കഴിയൂ. അടുത്തത് ഹിന്ദുമുസ്‌ലിം ഐക്യം പരിശോധിക്കാം. മതപരവും ഭാഷാപരവുമായ ബഹുത്വമാണ് ഹിന്ദുമുസ്‌ലിം ഐക്യംകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത്. ദേശീയ പതാകയിലെ പച്ചനിറം കൊണ്ട് മുസ്‌ലിം എന്നും കുങ്കുമം ഹിന്ദുവെന്നും, വെള്ള ഈ രണ്ട് വലിയ മതങ്ങളോടു ചേർന്നു നിൽക്കുന്ന മറ്റു മതവിഭാഗങ്ങൾ എന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇന്ത്യ ഒരിക്കലും ഹിന്ദുപാകിസ്താനായി മാറില്ല. കാരണം എല്ലാ പൗരൻമാർക്കും അവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഇവിടെ അവകാശമുണ്ട്. അതുപോലെ ഒരു മതത്തിൽപോലും വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തിലും ഭാഷാപരമായ ബഹുസ്വരതയിലും അദ്ദേഹം വിശ്വസിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ പുനർരൂപീകരണം നടക്കുമെന്ന് 1920കളിൽ അദ്ദേഹം പറഞ്ഞിരുന്നു. മൂന്നാമത്തേത് തൊട്ടുകൂടായ്മ ഇല്ലാതാക്കുക. അന്ന് ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന രണ്ട് പ്രധാന അസമത്വങ്ങളായിരുന്നു സ്ത്രീകൾക്കെതിരെയുള്ള വിവേചനവും ജാതിപരമായ തരംതിരിവും. അവസാനത്തേത്, സാമ്പത്തിക സ്വയംപര്യാപ്തത. വിദേശ സാമ്പത്തിക ശക്തികളെ ആശ്രയിക്കാതെ ദാരിദ്ര്യനിർമാർജനമായിരുന്നു ഗാന്ധി ഉദ്ദേശിച്ചത്.


Related Articles