ഇക്കഴിഞ്ഞ വനിതാദിനത്തിൽ ഹൈക്കോടതി ജഡ്ജി കമാൽ പാഷ കോഴിക്കോട്ടെ രണ്ടു സമ്മേളനങ്ങളിൽ സംസാരിക്കുകയുണ്ടായി. വനിതാ അഭിഭാഷക കൂട്ടായ്മയായ പുനർജ്ജനിയുടെ വേദിയിലും സ്ത്രീസംഘടനയായ 'നിസ'യിലും. രണ്ടിടത്തും ഒരു ന്യായാധിപൻ ന്യായമായും സൂക്ഷിക്കേണ്ട ശ്രദ്ധയോടും നിയന്ത്രണത്തോടും കൂടിത്തന്നെയാണ് അദ്ദേഹം സംസാരിച്ചത്. യോഗത്തിൽ സംബന്ധിച്ച സ്ത്രീകളെ ആവേശപ്പെടുത്തുകയോ പൊതുസമൂഹത്തെ അമ്പരപ്പിക്കുകയോ ചെയ്ത ഒന്നും അദ്ദേഹം പറഞ്ഞതായി തോന്നിയില്ല. ''ഉദ്ഘാടനശേഷം ഇവിടെ നടക്കുന്ന ചർച്ചകളുടെ ഉത്തരവാദിത്വമൊന്നും എനിക്കുണ്ടാവില്ല'' എന്നുകൂടി പറഞ്ഞുവെച്ചിട്ടാണ് അദ്ദേഹം വേദി വിട്ടതും. പിറ്റേന്നാൾ മുതൽ ജസ്റ്റിസിന്റെ പരാമർശങ്ങൾ പത്രത്താളുകളിൽ വലിയ തലക്കെട്ടുകളായി വിവാദമുയർത്താൻ തുടങ്ങിയപ്പോൾ, ഞാൻ നേരിട്ടു സംബന്ധിക്കാതിരുന്ന 'പുനർജ്ജനി'യുടെ വേദിയിൽ അദ്ദേഹം വ്യത്യസ്തമായി എന്തെങ്കിലും സംസാരിച്ചിരുന്നോ എന്നന്വേഷിച്ചിരുന്നു. രണ്ടിടത്തും ഏകദേശം ഒരേ രീതിയിലായിരുന്നു പ്രഭാഷണങ്ങൾ എന്നാണറിഞ്ഞതും.
മുസ്‌ലിം വ്യക്തിനിയമത്തെപ്പറ്റിയുള്ള ജസ്റ്റിസിന്റെ അഭിപ്രായങ്ങളെ ഇവ്വിധം സമാഹരിക്കാമെന്നു തോന്നുന്നു. വാചകഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങൾ അദ്ദേഹം ക്ഷമിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
സമൂഹത്തിൽ അസമത്വം അനുഭവിക്കേണ്ടിവരുന്നവളും പീഡിപ്പിക്കപ്പെടുന്നവളുമാണ് സ്ത്രീ. അതിനാൽ അവൾക്ക് ഭരണഘടനയുടെയും നിയമത്തിന്റെയും പരിരക്ഷ ആവശ്യമുണ്ട്. നിയമത്തിൽ അപാകതകളുണ്ടെങ്കിൽ അത് പഴുതടച്ചുള്ള പരിഷ്‌കരണങ്ങൾ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം 'ശരീഅത്ത്' അനുസൃതമെന്നു പറയാനാകില്ല. ഒരു പാർസി എഴുതിയുണ്ടാക്കിയ, തീർച്ചയായും മുസ്‌ലിം നേതൃത്വം ഇടപെട്ട് പരിഷ്‌കരിക്കേണ്ടിയിരുന്ന ഒന്ന്. ഈ പരിഷ്‌കരണം അസാധ്യമാകുന്നത് മതനേതാക്കൾ എന്നവകാശപ്പെടുന്ന മുല്ലമാരുടെ കൈകടത്തലുകളാലാണ്. യാഥാർത്ഥ്യബോധമില്ലാത്ത ഈ മുല്ലമാരിൽനിന്ന് നേതൃത്വത്തെ മോചിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ അത്തരം നേതൃത്വത്തിന്റെ ശാസനകളെ വേദവാക്യങ്ങളാക്കാത്തവിധത്തിൽ സമുദായത്തിന്റെ പൊതുബോധമുയരണം. സ്ത്രീയോടുള്ള അനീതി വളരെ പ്രകടമായ രീതിയിൽ മുസ്‌ലിം കുടുംബനിയമങ്ങളിലുണ്ട്. വിവാഹമോചനം പുരുഷന് എളുപ്പത്തിൽ കോടതിയുടെ സഹായമില്ലാതെ (Extra Judicial Divorce) സാധ്യമാകുമ്പോൾ സ്ത്രീക്ക് കോടതി മുഖേന കാലതാമസമുണ്ടാക്കുന്ന പരമ്പരാഗത നടപടികളിലൂടെയേ സാധ്യമാകൂ. ഇത് ശരീഅത്തിന്റെ ലംഘനമാണ്. പുരുഷന് തന്നിഷ്ടപ്രകാരം നാലുവരെ വിവാഹം ചെയ്യാം. സ്ത്രീയും അതു തങ്ങളുടെ അവകാശമാണെന്നു പറഞ്ഞാലോ? അത് അസാധ്യമായിരിക്കുന്നിടത്തോളം പുരുഷന്റെ ബഹുഭാര്യാ സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
