സായുധസമരത്തിനു തയ്യാറെടുപ്പ് ആരംഭിച്ചപ്പോഴും അതിനുതക്കശേഷി സംഘടനയ്ക്കുണ്ടോ എന്ന സംശയം എന്നെ അക്കാലത്ത് ശല്യപ്പെടുത്തിയിരുന്നു. ഒരുവശത്ത് സായുധസമരം നടത്തുന്നതിന് സാങ്കേതികമായ വലിയ തയ്യാറെടുപ്പൊന്നും ആവശ്യമില്ലെന്ന ചാരു മജുംദാറുടെ കാഴ്ചപ്പാട് ശക്തമായി സ്വാധീനം ചെലുത്തിയിരുന്നു. ആയുധവും സാങ്കേതികവിദ്യയുമൊന്നുമല്ല പ്രധാനം, രാഷ്ട്രീയമായ തയ്യാറെടുപ്പും സന്നദ്ധതയുമാണ് എന്നതായിരുന്നു ചാരു മജുംദാർ ലൈൻ. മാത്രമല്ല, ആദ്യഘട്ടത്തിൽ നാടൻ ആയുധങ്ങൾമാത്രം ഉപയോഗിച്ചാണ് സായുധസമരം നടത്തേണ്ടതെന്നുള്ള മജുംദാറുടെ പ്രത്യേക നിർദ്ദേശം രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ആയുധത്തിന്റെ കാര്യത്തിൽ നിർബന്ധം പിടിക്കുന്നവരെ ഈ മജുംദാർ ലൈൻ പറഞ്ഞാണ് തണുപ്പിക്കുക.
രാഷ്ട്രീയമായ തയ്യാറെടുപ്പിനോടൊപ്പം വർഗ്ഗവൈരം എന്നൊരു ഘടകത്തിൽ മജുംദാർ എപ്പോഴും ഊന്നൽ നൽകാറുണ്ട്. ജന്മിത്തത്തിനെതിരായി ദരിദ്ര ഭൂരഹിത കർഷകരിൽ തിളച്ചുപൊന്തുന്ന വർഗ്ഗവൈരമാണ് സായുധസമരത്തിന്റെ ചാലകശക്തി എന്നാണ് മജുംദാർ പറയാറുള്ളത്. കേരളത്തിലെ സാഹചര്യത്തിൽ ഇത്തരം വർഗ്ഗവൈരം പ്രകടമാവുന്നവിധമുള്ള വർഗ്ഗഘടന നിലനിൽക്കുന്നുണ്ടായിരുന്നില്ല. ഭൂപരിഷ്കരണത്തെത്തുടർന്ന് ജന്മി–കുടിയാൻ ബന്ധം ഇല്ലാതായിക്കഴിഞ്ഞിരുന്നു. മിച്ചഭൂമി പിന്നെയും പല പേരും പറഞ്ഞ് കൈവശംവെക്കുന്നവരുണ്ടായിരുന്നെങ്കിലും പഴയ രീതിയിലുള്ള ചൂഷണവും മർദ്ദനവും പൊതുവിൽ അസാദ്ധ്യമാവുന്ന മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നു. അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ സംഘടിതശക്തി പഴയരീതിയിലുള്ള ക്രൂരമർദ്ദനങ്ങൾ അസാദ്ധ്യമാക്കിത്തീർത്തിരുന്നു. ഈ മാറിയ സാഹചര്യത്തിൽ വർഗ്ഗവൈരത്തേക്കാൾ രാഷ്ട്രീയബോധത്തെ ആശ്രയിക്കേണ്ടിവരുന്ന അന്തരീക്ഷം ഞങ്ങൾ കണക്കിലെടുത്തിട്ടുണ്ടായിരുന്നു. അനുഭാവികളായിട്ടുള്ളവരെ പഠനഗ്രൂപ്പുകളിൽ സംഘടിപ്പിച്ചു രാഷ്ട്രീയപഠനത്തിനുള്ള ഏർപ്പാടുകൾ ഉണ്ടാക്കിയിരുന്നതുകൊണ്ട് രാഷ്ട്രീയമായി സന്നദ്ധരായവരുടെ എണ്ണം കുറവായിരുന്നില്ല. അപ്പോൾപോലും സായുധസമരത്തിൽ നേരിട്ടു പങ്കെടുക്കാൻ തീരുമാനിക്കുക എന്നുപറഞ്ഞാൽ സാധാരണജീവിതം പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറാവുക എന്നുതന്നെയായിരുന്നു അർത്ഥം. പിന്നീടുള്ളത് ഒളിവുജീവിതം, പോലീസ്, ജയിൽ, മർദ്ദനം, കൊല്ലപ്പെടൽ എന്നിങ്ങനെയുള്ള സാദ്ധ്യതകളായിരുന്നു. ഇങ്ങനെയുള്ള ഒരു ജീവിതം തിരഞ്ഞെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഓരോ അനുഭാവിക്കും വേണ്ടുവോളം അവസരം നൽകിയിരുന്നു. സ്വയം സന്നദ്ധമാകാതെ ആരെയും ഉയർന്ന ഉത്തരവാദിത്വങ്ങൾ ഏല്പിക്കാറില്ല. സന്നദ്ധത മാത്രം പോരാ. കഴിവുകൾകൂടി പരിശോധിച്ചിട്ടാണ് വ്യത്യസ്ത ജോലികൾ ഏല്പിക്കാറുള്ളത്. പലപ്പോഴും കഴിവുകൾ നിർണ്ണയിക്കുന്നതിലും മറ്റും തെറ്റുകൾ പറ്റാറുണ്ടെങ്കിലും.
തീരുമാനപ്രകാരം തൃശൂർ, എറണാകുളം ജില്ലകളിൽ നടന്ന സംഭവങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങൾ കുറച്ചുകഴിഞ്ഞാണ് അറിഞ്ഞത്. തൃശൂർ ജില്ലയുടെ ചുമതലയുണ്ടായിരുന്ന നടേശൻ അടുത്ത സംസ്ഥാനകമ്മിറ്റിയിൽ പങ്കെടുക്കയുണ്ടായി. ആ സഖാവിന്റെ മേൽനോട്ടത്തിലാണ് അവിടത്തെ പോലീസ് സ്റ്റേഷൻ ആക്രമണശ്രമം ആസൂത്രണം ചെയ്തിരുന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽപ്പെടുന്ന മതിലകം പോലീസ് സ്റ്റേഷനാണ് ആക്രമിക്കാൻ തിരഞ്ഞെടുത്തിരുന്നത്. അടിയന്തരാവസ്ഥയ്ക്കെതിരായ ഒരു വെല്ലുവിളി ഉയർത്തുക എന്ന ഉദ്ദേശമാണ് ഈ പദ്ധതിക്കു പിന്നിലുണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിലെ റൈഫിളുകൾ തട്ടിയെടുക്കുകമാത്രമാണ് ലക്ഷ്യമായി തീരുമാനിച്ചിരുന്നത്. പോലീസുകൾ അധികവും ദരിദ്രകുടുംബങ്ങളിൽനിന്ന് വരുന്നവരായതുകൊണ്ട് അവരെ ആക്രമിക്കേണ്ടെന്ന തീരുമാനം സംസ്ഥാന കമ്മിറ്റി നിലവാരത്തിൽതന്നെ എടുത്തിരുന്നു. അനാവശ്യമായ രക്തച്ചൊരിച്ചിൽ ഒഴിവാക്കണമെന്ന ധാരണ ഉണ്ടായിരുന്നു. പോലീസുകാരെ ആക്രമിക്കേണ്ടെന്ന നിലപാട് എടുപ്പിക്കുന്നതിൽ ഞാൻ അല്പം വാശിയോടെയുള്ള നിലപാടെടുത്തിരുന്നു. പോലീസുകാർ ശത്രുവർഗങ്ങളുടെ ഉപകരണങ്ങൾമാത്രമാണ്. വർഗപരമായി അവർ ശത്രുക്കളല്ല എന്നതായിരുന്നു ഈ തീരുമാനത്തിനു പിന്തുണ നൽകുന്ന വിശദീകരണം. അതേസമയം ജനകീയയുദ്ധം വികസിക്കുമ്പോൾ, പോലീസുകാർ ശത്രുക്കളായി രംഗത്തുവരികയും ജനമർദ്ദകരാകുകയും ചെയ്യുമ്പോൾ തിരിച്ചടി ആവശ്യമായി വരുമെന്നും അംഗീകരിച്ചിരുന്നു. എന്നാൽ അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ ഭരണകൂടത്തിനെതിരായ വെല്ലുവിളി എന്ന പ്രതീകാത്മക സ്വഭാവമാണ് ഈ പദ്ധതിക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് ആയുധങ്ങൾ തട്ടിയെടുക്കൽമാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
