ഏകപൗരത്വവും ദേശീയതയും

Society

ഏകപൗരത്വവും ദേശീയതയും


ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദം രാജ്യത്തെ ജനങ്ങൾക്കായി ഒരു ഏകീകൃത സിവിൽ കോഡിനായി രാജ്യം പരിശ്രമിക്കുമെന്നു നിഷ്‌കർഷിച്ചിരിക്കുന്നു. ഭരണഘടനയുടെ കൽപ്പന എന്ന നിലയിൽ ഈ വ്യവസ്ഥയെ ഭാരതീയസമൂഹം ഉൾക്കൊള്ളുകയാണു വേണ്ടത്. വൈവിദ്ധ്യത്തിലൂന്നിയ ഭാരതീയ സമൂഹത്തിൽ ജനജീവിതം വൈരുദ്ധ്യമാകാതെ ജനമനസ്സുകളെ ഏകീകരിച്ച് ഏകതയുടെ ബീജം സംക്രമിപ്പിക്കാനാണു നാം ശ്രമിക്കേണ്ടത്. പൊതു സിവിൽ നിയമത്തിനെതിരേ വിവാദം സൃഷ്ടിക്കുന്നവരുടെ മനസ്സിലിരിപ്പ് ജനനന്മയല്ല. ശരീഅത്ത് നിയമങ്ങളിലൂന്നിയ ക്രിമിനൽ ശിക്ഷാക്രമം ഉപേക്ഷിച്ച് ഇന്ത്യൻ ശിക്ഷാനിയമവും മറ്റും പിന്തുടരുന്നവർ എന്തേ പൊതു സിവിൽകോഡിന്റെ പേരിൽ വിവാദങ്ങൾക്ക് വഴിമരുന്നിടുന്നു എന്ന ചോദ്യത്തിന് ശരിയുത്തരം ഇപ്പോഴും ലഭ്യമല്ല.

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിലുണ്ടായിരുന്ന ദേശീയ നേതാക്കളെല്ലാംതന്നെ പൊതു സിവിൽ നിയമത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു. ദേശീയോദ്ഗ്രഥനവും ദേശീയ ഐക്യവും മതനിരപേക്ഷതയും തുല്യനീതി സങ്കൽപ്പവും നിലനിർത്താൻ അനുപേക്ഷണീയമാണെന്നു കണ്ടതുകൊണ്ടാണ് ഭരണഘടനാശിൽപ്പികൾ ഏക സിവിൽകോഡു നടപ്പാക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നത്. ഭരണഘടന നിലവിൽവന്ന് ആറു പതിറ്റാണ്ടിനുശേഷവും എക സിവിൽകോഡ് നടപ്പാക്കുന്ന കാര്യത്തിൽ വിവാദം സൃഷ്ടിക്കുന്നത് അനാവശ്യവും ഭരണഘടനയുടെ അന്തസ്സത്തയോടുള്ള വെല്ലുവിളിയുമാണ്. ഇന്ത്യൻ ഭരണഘടന ഏകരാഷ്ട്ര വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ജാതി, മത, ഭാഷ, വർഗ്ഗ, വർണ്ണ, പ്രാദേശിക, ലിംഗ വ്യത്യാസത്തിനതീതമായി തുല്യപൗരന്മാരായി പരിഗണിക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ പ്രത്യേകത. ഏക പൗരത്വവും തുല്യനീതിയും അടിസ്ഥാനപ്രമാണമായി സ്വീകരിച്ച ഒരു ഭരണഘടനാ സംവിധാനത്തിൻകീഴിൽ പൗരന്മാർക്കെല്ലാം ബാധകമായ പൊതുനിയമം അനിവാര്യമാണ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വ്യത്യസ്ത നിയമങ്ങൾ അധീശസ്ഥാനത്ത് നിലനിൽക്കുന്നിടത്തോളം കാലം തുല്യനീതിയെന്ന ലക്ഷ്യം കേവലമൊരു വിദൂരസ്വപ്‌നം മാത്രമായിരിക്കും.

അഡ്വ. പി.എസ്. ശ്രീധരൻപിള്ള
അഡ്വ. പി.എസ്. ശ്രീധരൻപിള്ള

Related Articles