വിഭജനത്തിന്റെ നിശ്ശബ്ദഭാഗങ്ങൾ

Society

വിഭജനത്തിന്റെ നിശ്ശബ്ദഭാഗങ്ങൾ


വിഭജനത്തെയും അതു സൃഷ്ടിച്ച അനേകം ദുരിതാനുഭവങ്ങളെയും കുറിച്ചുള്ള വാമൊഴി ചരിത്രത്തെ പിൻപറ്റി ഒരുപാട് യാത്ര ചെയ്ത പ്രസാധകയും എഴുത്തുകാരിയുമാണ് ഉർവ്വശി ബൂട്ടാലിയ. ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടിലൂടെ ചരിത്രത്തെയും വർഗീയതയെയും സാമുദായിക സ്പർദ്ധകളെയും അവലോകനം ചെയ്തുകൊണ്ട് അവർ എഴുതിയ ലേഖനങ്ങൾ ഇന്ത്യൻ ജീവിതത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു വശത്തെ അനാവരണം ചെയ്തിട്ടുണ്ട്. ഇന്ത്യാവിഭജനത്തെ അതിജീവിച്ച എഴുപതോളം പേരുടെ അഭിമുഖത്തിലൂടെ ഇതൾ വിരിയുന്ന അവരുടെ ഏറ്റവും പ്രമുഖ രചനയായ 'ദ അതർ സൈഡ് ഓഫ് സൈലൻസ്' വിഭജനം എന്ന ഹിംസാത്മക അനുഭവത്തിന്റെ സ്ത്രീപക്ഷ മുഖത്തിന്റെ ദുരിതത്തെ നേർക്ക് നേരെ വിവരിക്കുന്നു. കേരളാ ലിറ്റററി ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം, മലയാളിവായനക്കാർക്കു മുന്നിൽ വിഭജനത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും അനുഭവങ്ങളെ ഏറ്റവും തീക്ഷ്ണമായി അവതരിപ്പിച്ച എഴുത്തുകാരൻ ആനന്ദിനോടൊപ്പം ഉർവ്വശി നടത്തിയ സംവാദം വിഭജനത്തിന്റെ അത്ര പരിചിതമല്ലാത്ത മുഖങ്ങളെ തിരഞ്ഞുള്ള ഒരു യാത്രയായിരുന്നു.

ആനന്ദ്: ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം കിട്ടി എഴുപതു വർഷം കഴിഞ്ഞിട്ടും 'വിഭജനം' എന്ന വാക്ക് ഇപ്പോഴും അതിജീവിക്കുന്നു. മലയാളികൾക്ക് ആ വാക്കിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലാവില്ല. നമുക്ക് ആ ചരിത്രത്തെപറ്റി കേട്ടറിവേ ഉള്ളൂ. അതിന്റെ അനുഭവമില്ല. പക്ഷേ, വടക്കേ ഇന്ത്യക്കാർക്ക് അത് ഒരു യഥാർത്ഥ അനുഭവമാണ്. അവരുടെ മനസ്സിന്റെ ആഴത്തിൽ അത് ഇപ്പോഴും നിലനിൽക്കുന്നു. ആ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. എന്റെ നോവലായ 'വിഭജനങ്ങൾ' ബൂട്ടാലിയയുടെ 'ദ അദർ സൈഡ് ഓഫ് സൈലൻസ്' എന്ന പുസ്തകം എഴുതിയ സമയത്തു തന്നെയാണ് എഴുതിയത്. വിഭജനം ഇവിടുത്തെ ജനങ്ങളെ എഴുപതു വർഷമായി മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു. ആ മുറിവ് നേരിട്ട് അനുഭവിച്ച ഭൂരിപക്ഷം പേരും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. ആ മുറിവുകൾ പല രൂപത്തിലാണ് പുനർഭവിക്കുന്നത്. ഓരോ കാലത്തും വ്യത്യസ്ത തരത്തിൽ അത് മുറിവുകളുണ്ടാക്കിക്കൊണ്ടിരിക്കും. ഇപ്പോൾ അത് ഇന്ത്യ-പാക് ടെൻഷൻകളുടെ രൂപത്തിലാകാം നിലനിൽക്കുന്നത്. ചിലപ്പോൾ അത് യുദ്ധത്തിന്റെ ഭാവങ്ങൾ ആർജ്ജിച്ചിരിക്കാം. നൂക്ലിയർ യുദ്ധത്തിന്റെ ഭയപ്പെടുത്തുന്ന മാനം വരെ എത്തിയിട്ടുണ്ടാവും. അതിന്റെ ഏറ്റവും നികൃഷ്ടമായ ഉദാഹരണമാണ് എന്നും തിളച്ചുകൊണ്ടിരിക്കുന്ന കഷ്മീർ. വർത്തമാനകാല ഇന്ത്യയിൽ വർഗ്ഗീയലഹളകൾ ഒരു പക്ഷേ, അത്ര വേഗത്തിൽ ആവർത്തിക്കപ്പെടുന്നുണ്ടാവില്ല. പക്ഷേ, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിഭജനങ്ങൾ വളരെ ആഴമുള്ളതാണ്. മതബോധവും കൂടുതൽ ആഴമുള്ളതായി തീർന്നിട്ടുണ്ട്. അതെല്ലാം തന്നെയാണ് തീവ്രവാദത്തിന്റെയും മതമൗലികവാദത്തിന്റെയും രൂപങ്ങൾ ആർജിക്കുന്നത്. വിഭജനത്തിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള എന്റെ അവലോകനം ഇതാണ്.


Related Articles