അര്‍ദ്ധരാത്രിയില്‍ പാരതന്ത്ര്യം; അടിയന്തരാവസ്ഥയെന്ന പതിനെട്ടാമത്തെ അടവ്

Society

അര്‍ദ്ധരാത്രിയില്‍ പാരതന്ത്ര്യം; അടിയന്തരാവസ്ഥയെന്ന പതിനെട്ടാമത്തെ അടവ്


ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന റാലിയാണ് പ്രതിപക്ഷനേതാക്കളുടെമേൽ നടപടി എടുക്കാൻ പറ്റിയ മുഹൂർത്തമെന്ന് ഇന്ദിരാ ഗാന്ധിക്ക് ബോദ്ധ്യമായി. അതുനടക്കുന്നതുവരെ അവർ കാത്തിരുന്നു. 24-നായിരുന്നു റാലി ആദ്യം നിശ്ചയിച്ചത്. എന്നാൽ ജെപി എത്താൻ വൈകിയതിനാൽ പിറ്റേന്നേക്ക് മാറ്റുകയായിരുന്നു. 

വരാൻ പോകുന്ന നടപടികളെപ്പറ്റി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ അവർ ജാഗരൂകരാക്കി.  പ്രധാനമന്ത്രിയുടെ വീട്ടിൽനിന്ന് രാത്രി പച്ചവെളിച്ചം കിട്ടുന്നതിനനുസരിച്ച് എല്ലാം വേണമെന്നായിരുന്നു നിർദ്ദേശം. അതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജെ വെങ്കൽ റാവുവിനെ ഇന്ദിരാഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആർകെ ധവാൻ 1975 ജൂൺ 22-ന് തന്നെ വിളിച്ചു. സുപ്രീംകോടതി വിധി വരുന്ന ദിവസമായ 24-ന്  ഡൽഹിയിലേക്ക് വരണമെന്ന് റാവുവിനോട് അഭ്യർഥിച്ചു. ധവാനാണ് പ്രധാനമന്ത്രിയുടെ പേരിൽ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നത്.

ഡൽഹിയിലെത്തിയ വെങ്കൽ റാവുവിന്റെ മടക്കം 25-ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച നിർദ്ദേശങ്ങളും അതിനിടയിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളും മടക്ക യാത്രയിൽ ബാംഗ്ലൂരിൽ ഇറങ്ങി കർണാടക മുഖ്യമന്ത്രിയെ ധരിപ്പിക്കണമെന്ന് റാവുവിനെ ഓർമ്മിപ്പിച്ചു. അതുപോലെ രാജസ്ഥാനിലെത്തി മുഖ്യമന്ത്രി ഹരിദേവ് ജോഷിയെ കാര്യങ്ങൾ ധരിപ്പിക്കണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പിസി സേത്തിക്കും നിർദ്ദേശം നൽകി.


Related Articles