സമരത്തിന് ഇടവേളകളില്ല

Society

സമരത്തിന് ഇടവേളകളില്ല


കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വരുന്ന ഘട്ടങ്ങളിലെല്ലാം ശത്രുപക്ഷത്തുനിന്നും ഒരു പ്രധാന ആക്ഷേപമുണ്ടാകാറുണ്ട്. ഭരണവും സമരവും ഒപ്പം എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം എന്നതാണ് ആ ആക്ഷേപം. കേന്ദ്ര സര്‍ക്കാരില്‍നിന്നും ന്യായമായി ലഭിക്കേണ്ട വിഹിതങ്ങളും സഹായങ്ങളും കിട്ടാതെ വരുമ്പോള്‍ അത് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സമ്മര്‍ദ്ദം ചെലുത്തേണ്ടി വരും. ജനങ്ങള്‍ക്ക് സമരം നടത്തേണ്ടി വരും. അമ്പതുകളിലും അറുപതുകളിലുമെല്ലാം സംസ്ഥാന സര്‍ക്കാരുകളോട് പ്രത്യേകിച്ചും കേന്ദ്രത്തില്‍ പ്രതിപക്ഷമായ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് തികഞ്ഞ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുപോന്നത്. റേഷനരി അനുവദിക്കാതെ സംസ്ഥാനങ്ങളെ പട്ടിണിക്കിടുന്ന സമീപനം പോലുമുണ്ടായി. സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് സാധാരണഗതിയിലുള്ള നിര്‍ബന്ധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പുറമേ പ്രത്യക്ഷ സമരമാര്‍ഗ്ഗങ്ങള്‍തന്നെ അവലംബിക്കേണ്ടി വന്ന സ്ഥിതിയുമുണ്ടായി.

അങ്ങനെയാണ് ഭരണവും സമരവും എന്ന ശൈലിതന്നെയുണ്ടായത്. സ്വാഭാവികമായും അതിന്റെ പേരില്‍ സിപിഐ(എം) ഏറെ പഴിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ചില പത്രമാധ്യമങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെപ്പറ്റി ഒരാക്ഷേപമായി അതുന്നയിക്കുന്നുണ്ട്.

വാസ്തവത്തില്‍ ആ ആക്ഷേപം ഒരു ബഹുമതിയാണ്. ഇന്ന് കേന്ദ്ര അവഗണനയെപ്പറ്റി പണ്ടത്തെ അത്ര കണ്ട് ആക്ഷേപമില്ല. എന്നാല്‍ നിരവധി രംഗങ്ങളില്‍ ന്യായമായ അവകാശങ്ങള്‍ സംസ്ഥാനത്തിന് നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടുതാനും. മുന്‍പ് കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭരണം നടത്താനാവുമെന്നതിനാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളോട് പകയോടെയുള്ള സമീപനമായിരുന്നു. ഇപ്പോള്‍ കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം അവസാനിക്കുകയും മറ്റു കക്ഷികളുടെ പിന്തുണയില്ലാതെ മുന്നണി ഭരണം പോലും സാധ്യമല്ലാതെ വരികയും ചെയ്ത പരാധീനതയിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നസമീപനം തത്കാലം മാറ്റിവെക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദം തുടരുന്നു. എന്നാല്‍ കേന്ദ്ര അവഗണനയ്‌ക്കെതിരായ പഴയമട്ടിലുള്ള സമരം പഴയമട്ടില്‍ തുടരേണ്ടതില്ലാത്ത താത്കാലികാന്തരീക്ഷം സംജാതമായിരിക്കുന്നു.


Related Articles