സഭാപ്രവേശം

Society

സഭാപ്രവേശം


The best argument against democracy is a five-minute conversation with the average voter (Winston Churchill)

സംസ്ഥാനത്തിന്റെ വികസനം, നൈതികത, വിദ്യാഭ്യാസം, ധനകാര്യം, സ്ത്രീ-പരിസ്ഥിതി, ആദിവാസി, ദലിത് പ്രശ്‌നങ്ങൾ, അവയൊക്കെയായി ബന്ധപ്പെട്ട നിയമനിർമ്മാണം എല്ലാം നടക്കേണ്ട ഇടമാണ് നിയമസഭ. 1957 ഏപ്രിൽ 27 നാണ് കേരള നിയമസഭയുടെ ആദ്യസമ്മേളനം നടക്കുന്നത്. ഈ അറുപതു വർഷത്തിനിടയിൽ പൊതുസമൂഹം ബൗദ്ധികമായും മാനസികമായും ചിന്താപരമായും വലിയ പരിവർത്തനങ്ങൾക്കു വിധേയമായിട്ടുണ്ട്. അധികാരപരമായി നിലനിന്നിരുന്ന തങ്ങളുടെ കീഴാളത്തത്തെ സ്വയം മറികടക്കുന്ന ജനത, ചോദ്യം ചെയ്യൽ തങ്ങളുടെ അവകാശമായി തിരിച്ചറിയുന്ന പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതി ഇപ്പോൾ നിലവിലുണ്ട്. അവർ സ്വയം ഒരു രാഷ്ട്രീയസമൂഹമായി മാറുകയാണ്. തങ്ങൾക്കു വേണ്ടി ചോദ്യം ചെയ്യുവാൻ തങ്ങൾ തെരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികളുടെ നടപടികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിലയിരുത്തുന്നുണ്ട്. ജനാധിപത്യം പ്രാവർത്തികമാകണമെങ്കിൽ വെറും നിരീക്ഷകർ മാത്രമായിരുന്നാൽ പോരാ, ഉത്തരവാദിത്വബോധമുള്ള പങ്കാളികൾകൂടി ആയിരിക്കണമെന്ന തിരിച്ചറിവ് സമൂഹത്തിൽ പൊതുവായി വർദ്ധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ വർദ്ധിച്ച സ്വാധീനവും ദൃശ്യമാധ്യമങ്ങളുടെ ഇടപെടലുകളും ഈ ബോധത്തെ ത്വരിതപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. നമ്മൾതന്നെയാണ് സർക്കാർ, നമ്മുടെ കുടുംബം തന്നെയാണ് സർക്കാർ എന്ന് ഓരോ ജനാധിപത്യ വിശ്വാസിയും വികാരം കൊള്ളുന്നു. എല്ലാം ശരിയാകണമെന്ന ഉൾബോധം ശക്തമാകുന്നതും അപ്പോൾ മാത്രമാണ്.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിനെ ഓർമ്മിച്ച്, അന്നു തനിക്കുണ്ടായ വികാരത്തെ ഒ. വി. വിജയൻ 'ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്' എന്ന ലേഖനത്തിൽ ഇങ്ങനെ ആവിഷ്‌കരിച്ചു. ''ഞങ്ങളുടെ കുടുംബം അധികാരം പിടിച്ചു പറ്റിയിരിക്കുന്നു. എന്റെയും ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും എ കെ ഗോപാലന്റെയും കുഞ്ഞിരാമൻ മാസ്റ്ററുടെയും പാലക്കാട്ടെ അസംഖ്യം കർഷകത്തൊഴിലാളികളുടെയും കുടുംബം.'' ആ കുടുംബം ജനസമൂഹത്തിലത്രയും പടർന്നു പിടിക്കുന്ന ഒരു സാർവ്വത്രികതയേയും അദ്ദേഹം സ്വപ്നം കാണുന്നുണ്ടായിരുന്നു. വിജയന്റെ നിലപാടുകൾക്ക് പില്ക്കാലത്ത് മാറ്റം വന്നപ്പോഴും കേരളത്തിലെ ഒരുപാടു സാധാരണക്കാരുടെ സ്വപ്നമായിരുന്നു അത്. അതുകൊണ്ടുതന്നെ, 'എൽ ഡി എഫ് വരും എല്ലാം ശരിയാകും' എന്നത് വെറുമൊരു പരസ്യവാചകമായല്ല കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മലയാളി കേട്ടത്. സാമൂഹികമായ ശാക്തീകരണവും ഇരകളാക്കപ്പെട്ടവർക്കു ന്യായമായും കിട്ടേണ്ട അവകാശങ്ങളും സ്ത്രീസുരക്ഷയും അഴിമതിനിർമ്മാർജ്ജനവും എല്ലാം അവരുടെ വലുതായ പ്രതീക്ഷകളായിരുന്നു. 140 ൽ 91 എന്ന വലിയ ഭൂരിപക്ഷം 'എല്ലാം ശരിയാകണം' എന്ന ആഗ്രഹത്തിന്റെ പ്രതിഫലനമായി. വലിയ പ്രതീക്ഷകളുടെ വിപ്ലവത്തിന്റെ കരുത്തിലാണ് പതിന്നാലാം നിയമസഭ പ്രവർത്തനം ആരംഭിച്ചത്.


Related Articles