ഇന്ന് നമ്മൾ ഏറെ അസ്വസ്ഥരാകുന്നത് മതങ്ങൾകൊണ്ടും അവയിലെ ആചാരവിധികൾ കൊണ്ടുമാണ്. സ്ത്രീവിരുദ്ധതയാണ് നിലവിലുള്ള എല്ലാ മതങ്ങളുടെയും അന്തഃസത്ത. പ്രവാചകമതങ്ങളിൽ അവ തത്ത്വത്തിൽതന്നെ പ്രകടമെങ്കിൽ ഹൈന്ദവമതസങ്കല്പങ്ങളിൽ അവ ആചാരങ്ങളിൽ അധിഷ്ഠിതമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധി അനുകൂലമായപ്പോഴാണ് നമ്മൾ നൈഷ്ഠികബ്രഹ്‌മചര്യം എന്നപദം എറ്റവും ശക്തമായി ചർച്ച ചെയ്തത്.
എല്ലാ മതസങ്കല്പങ്ങളിലും ബ്രഹ്‌മചര്യം, കന്യകാത്വം ഇവ ഉന്നതസ്ഥാനമലങ്കരിച്ചു. കുടുംബജീവിതം സന്ന്യാസത്തിനു താഴെയായി. സന്ന്യാസജീവിതം അനുഷ്ഠിക്കുന്നവർക്ക് കുടുബജീവിതം നയിക്കുന്നവരേക്കാൾ മതത്തിലും സമൂഹത്തിലും ഉന്നതസ്ഥാനവും അധികാരവും ഉണ്ടായി. അയ്യപ്പന്റെ നൈഷ്ഠികബ്രഹ്‌മചര്യം കോടതിവിധിയുടെപേരിൽ കളങ്കപ്പെടാതിരിക്കാനാണ്'കുലസ്ത്രീകൾ' തെരുവിലിറങ്ങുകയും കഠിനമായി സമരം ചെയ്യുകയും ചെയ്യുന്നത്.
എന്തെന്നാൽ ബ്രഹ്‌മചര്യം ഏറെശ്രേഷ്ഠമാണ്; അത് പുരുഷന്റേതാകുമ്പോൾ സ്ത്രീകളാണ് തപസ്സ്ഇളക്കാനും ബ്രഹ്‌മചര്യം മുടക്കാനും ഉള്ളവർ. മാത്രമല്ല സ്ത്രീകളെതന്നെ തങ്ങൾ തീണ്ടലുള്ളവരാണ് എന്ന് സ്വയം വിശ്വസിപ്പിക്കാനും മതങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പെസഹ വ്യാഴാഴ്ച കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ ഉൾപ്പെടുത്താം എന്നു ഫ്രാൻസിസ്മാർപാപ്പ പറഞ്ഞപ്പോൾ കേരളത്തിലെ നമ്പൂതിരിപാരമ്പര്യം അവകാശപ്പെടുന്ന 'കത്തോലിക്കാ കുലസ്ത്രീകൾ' അയ്യോ ഞങ്ങടെ കാലു കഴുകരുത് എന്നു പറഞ്ഞത്. ഇപ്പോഴാകട്ടെ സ്ത്രീകളുടെ 'അശുദ്ധി'യുടെപേരിൽ കേരളം വിശ്വാസികളും അവിശ്വാസികളും എന്ന് ചേരിതിരിക്കപ്പെട്ടിരിക്കുന്നു.
