കന്യാസ്ത്രീമഠങ്ങൾ അകവും പുറവും

Society

കന്യാസ്ത്രീമഠങ്ങൾ അകവും പുറവും


സിസ്റ്റർ ലൂസി കളപ്പുരയുടെ 'കർത്താവിന്റെ നാമത്തിൽ' (ഡി സി ബുക്‌സ്-2019) എന്ന ആത്മകഥാഖ്യാനം വായിച്ചപ്പോൾ പെട്ടന്നോർമ്മവന്നത് പ്രസിദ്ധ ഇറ്റാലിയൻ എഴുത്തുകാരൻ ബക്കാച്ചിയോയുടെ 'ഡെക്കാമറൺ കഥകളി'ലെ ഒരു കഥയാണ്. ജനോവനഗരത്തിൽ ഒരു യഹൂദനും ഒരു ക്രിസ്ത്യാനിയും അയൽക്കാരായി പാർത്തിരുന്നു. ഇരുവർക്കും അന്യോന്യം നല്ല സ്‌നേഹമായിരുന്നു. എങ്കിലും ക്രിസ്ത്യാനിക്കൊരാശങ്ക. തന്റെ അയൽക്കാരൻ കത്തോലിക്കാസഭയിൽ ചേരാതെ അയാളുടെ ആത്മാവ് എങ്ങനെ രക്ഷപ്പെടും. കത്തോലിക്കർക്കു മാത്രമേ ആത്മാവിന്റെ രക്ഷയും സ്വർഗ്ഗവാസവും മരണാനന്തര ജീവിതത്തിൽ ലഭ്യമാകൂ എന്ന ഉറച്ച വിശ്വാസം ക്രിസ്ത്യാനിക്ക് ഉണ്ടായിരുന്നു. അതിനാൽ സ്‌നേഹിതനായ യഹൂദനെ കാണുമ്പോഴൊക്കെ ആ ക്രിസ്ത്യാനി കുരിശു വരയ്ക്കുകയും അയാളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഇതേക്കുറിച്ച് ഒരു ദിവസം യഹൂദൻ ചോദിച്ചു. അല്ല ചെങ്ങാതീ നിങ്ങളെന്തിനാണെന്നെ കാണുമ്പോഴെല്ലാം ഇങ്ങനെ കുരിശു വരയ്ക്കുകയും ഇങ്ങനെ പിറുപിറുക്കുകയും ചെയ്യുന്നത്. ക്രിസ്ത്യാനി മറുപടി പറഞ്ഞു: 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം എന്നാണ് ഞങ്ങളുടെ വേദപുസ്തകം പറയുന്നത്. മരണാനന്തരവും നിങ്ങളെന്നോടുകൂടി സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കണം എന്നാണെന്റെ ആഗ്രഹം. പക്ഷേ, ഞങ്ങളുടെ സഭ പഠിപ്പിക്കുന്നത് മരണാനന്തര സൗഭാഗ്യം കത്തോലിക്കാ വിശ്വാസം പാലിക്കുന്നവർക്കുമാത്രമേ ലഭിക്കൂ എന്നാണ്. അതിനാൽ നിങ്ങൾ എത്രയും വേഗം മാനസാന്തരപ്പെട്ട കത്തോലിക്കാസഭയിൽ ചേർന്നു മാമോദീസാ മുങ്ങണം. അത് സംഭവിക്കാനുള്ള ദൈവസഹായത്തിനായിട്ടാണ് ഞാൻ നിങ്ങളെ കാണുമ്പോഴൊക്കെ കുരിശുവരയ്ക്കുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നതും' കത്തോലിക്കാ മതം സ്വീകരിച്ചവരു മാത്രമേ സ്വർഗ്ഗത്തിൽ പോകൂ എന്നതിന് എന്താണു നിങ്ങൾക്കുറപ്പ്? യഹൂദൻ ചോദിച്ചു അതുമാത്രമാണ് സത്യമതം. ആ മതത്തെ വഴി നടത്തുന്നത് മനുഷ്യരല്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവത്രേ എന്നാണ് ഞങ്ങളുടെ പള്ളീലച്ചന്മാർ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങൾ മാമോദീസാ മുങ്ങി ക്രിസ്ത്യാനിയാകൂ. അതിനുശേഷം മാത്രമേ നിങ്ങൾക്കിത് ബോധ്യപ്പെടൂ. അതൊരു ദൈവീക രഹസ്യമാണ്.

അടുത്ത ദിവസം അയൽക്കാരനെ കണ്ടപ്പോൾ യഹൂദൻ പറഞ്ഞു. നിങ്ങൾ പറഞ്ഞ പ്രകാരം ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ഞാനൊന്ന് റോമിൽപ്പോയി അവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്നു പഠിക്കട്ടെ. അതിനുശേഷം ഞാൻ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ക്രിസ്ത്യാനിയാകാം. ഇതു കേട്ട് ക്രിസ്ത്യാനി ചെങ്ങാതി ആകെ നിരാശനായി. റോമിൽ ഒരിക്കലെങ്കിലും പോയി മടങ്ങി വന്ന കത്തോലിക്കർപോലും അവരുടെ മതവിശ്വാസം ത്യജിക്കുന്നതായിട്ടാണു പറഞ്ഞുകേട്ടിട്ടുള്ളത്. അത്രമാത്രം ദുർമാർഗ്ഗങ്ങളുടെ വിളയാട്ടമത്രേ അവിടെ നടക്കുന്നത്. ആ നിലയ്ക്ക് ഈ യഹൂദൻ റോമിൽപ്പോയി അവിടുത്തെ കാര്യങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കിയാൽ അയാൾ ഈ ജന്മത്തിൽ ക്രിസ്ത്യാനിയാകില്ലെന്നുറപ്പാണ്.

പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. റോമിൽപ്പോയി കാര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിച്ച യഹൂദൻ കത്തോലിക്കാസഭയിൽ ചേരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. അയാൾ വിവരം സ്‌നേഹിതനെ അറിയിച്ചു. കത്തോലിക്കനായ സ്‌നേഹിതൻ ആശ്ചര്യപ്പെട്ടു. ഇയാൾക്കിതെന്തുപറ്റി. ഇയാൾ ശരിക്കും പോയത് റോമിൽതന്നെയാണോ? അവിടെ നടക്കുന്ന കാര്യങ്ങളൊന്നും ഇയാൾ ഗ്രഹിച്ചില്ലേ? ആകെ സംശയമായി. യഹൂദൻ പറഞ്ഞു; ''ആശ്ചര്യപ്പെടേണ്ട ചെങ്ങാതി, ഞാൻ എല്ലാം നേരിൽ കണ്ടു മനസ്സിലാക്കി. ലോകത്തിലെ സകല കൊള്ളരുതായ്മകളുടെയും വിളനിലമാണ് റോം. അഴിമതികളുടെ കൂത്തരങ്ങാണ്. അനാശാസ്യ പ്രവർത്തനങ്ങളുടെ തുടർക്കാഴ്ചയാണവിടെ. ഇത്രയൊക്കെ ആയിട്ടും കത്തോലിക്കാസഭ അനുദിനം വളർച്ച പ്രാപിക്കുന്നത് ഒരു മഹാസംഭവമാണ്. നിങ്ങളുടെ കർദ്ദിനാളന്മാരും മെത്രാന്മാരും കത്തനാരന്മാരും കന്യാസ്ത്രീകളും ഒക്കെ ഒത്തുചേർന്ന ഈ സഭയെ നശിപ്പിക്കാൻ എന്തെല്ലാം അതിക്രമങ്ങൾ കാട്ടിക്കൂട്ടിയിരിക്കുന്നു. എന്നിട്ടും ഈ സഭ വളരുന്നതല്ലാതെ തളരുന്നില്ല. ആ നിലയ്ക്ക് എനിക്കുറപ്പാണ്. ഈ സഭയെ നിലനിർത്തുന്നതും നയിക്കുന്നതും ദൈവംതന്നെ തീർച്ച. അതിനാൽ ഞാൻ കത്തോലിക്കനാകാൻ തീരുമാനിച്ചു. ഇതു സത്യം.'' യഹൂദസുഹൃത്തിന്റെ സത്യ പ്രസ്താവന കേട്ട കത്തോലിക്കൻ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ആശ്ചര്യപ്പെട്ടു.


Related Articles