മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായിരുന്ന അഭിമന്യുവിന്റെ നിഷ്ഠുരകൊലപാതകം ഉയർത്തി വിട്ട ചർച്ചകൾ ആ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതായി പോലീസ് കുറ്റമാരോപിച്ചിട്ടുള്ള പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദിപ്രസ്ഥാനത്തിൽ കേന്ദ്രീകരിച്ചാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും, ഈ മതന്യൂനപക്ഷ വിഭാഗങ്ങളിൽ വളർന്നുവരുന്ന തീവ്രവാദപ്രവണത കേരളത്തിലെ മതേതരാന്തരീക്ഷത്തിനു വെല്ലുവിളി ഉയർത്തും എന്നുള്ളതുകൊണ്ട് ഗൗരവപൂർവ്വമുള്ള ചർച്ച ആവശ്യമായ വിഷയംതന്നെയാണിത്. അതേസമയം അഖിലേന്ത്യാതലത്തിൽ നിലനില്ക്കുന്ന മുസ്ലിംവിരുദ്ധതയുടെ സ്വാധീനം ഇവിടെയുമുണ്ടെന്ന ധാരണയാണ് ഈ ഊന്നലിന് കാരണം എന്നു ചിലരെങ്കിലും സംശയിക്കുന്നുമുണ്ട്. രാഷ്ട്രീയാധികാരത്തിൽ ഏറക്കുറെ സ്ഥിരമായ പങ്കാളിത്തമുള്ള പ്രബലന്യൂനപക്ഷമെന്ന അംഗീകാരം കേരളത്തിലെ പൊതുസമൂഹം ഇവിടത്തെ മുസ്ലിങ്ങൾക്ക് നൽകുന്നുണ്ടെന്നതുകൊണ്ട് ഒരു മുസ്ലിം വിരുദ്ധവികാ
രം പൊതുവിൽ ഇവിടെ ഇല്ലെന്നതാണ് യാഥാർത്ഥ്യം. മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ഹിന്ദുത്വശക്തികൾക്ക് ഇവിടെ സ്വാധീനം വ്യാപിപ്പിക്കാൻ കഴിയാത്തതും അതുകൊണ്ടുതന്നെ.
ഈ തീവ്രവാദപ്രവണത ഇവിടെ വളർന്നുവരാനിടയായ സാഹചര്യം, അതിനു സഹായകമായി പ്രവർത്തിച്ച മറ്റു ഘടകങ്ങൾ എന്നിവയൊക്കെ വസ്തുനിഷ്ഠമായി മനസ്സിലാക്കിയാൽ മാത്രമേ അതിനെ ഫലപ്രദമായി നേരിടാനാകൂ എന്ന കാര്യം വിസ്മരിക്കാനും പാടില്ല. മാത്രമല്ല, അഖിലേന്ത്യാതലത്തിലും കേരളത്തിലും മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരായി നിലനില്ക്കുന്നത് ഇവരെക്കാൾ എത്രയോ കരുത്തരായ ശക്തികളാണെന്ന വസ്തുതയും പരിഗണനയിലുണ്ടാവണം. ഇത്തരം വിവിധ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ചർച്ചകളല്ല ഇപ്പോൾ നടക്കുന്നത്. അഭിമന്യുകൊലപാതകത്തിലെ പ്രതികളെയും അവരുടെ തീവ്രവാദരാഷ്ട്രീയത്തെയും തുറന്നുകാട്ടുന്നതിൽ ഊന്നൽ നൽകുമ്പോൾതന്നെ ഇവിടെ അതിനെ നേരിട്ടും പരോക്ഷമായും അനുകൂലിക്കുന്നവരെ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.
