മതപരമായ വർത്തമാനങ്ങൾ

Society

മതപരമായ വർത്തമാനങ്ങൾ


'ദൈവത്തിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നു' എന്ന പ്രതിജ്ഞ (ശഹാദത്ത് കലിമ) ചൊല്ലിയ ഒരാൾ, 'നഗ്നനായി നടന്നാൽ' പോലും മുസ്ലിമാണ് എന്ന് ഇസ്ലാം വിമർശകനായ ഹമീദ് ചേന്ദമംഗല്ലൂർ, 'ഹിജാബ്' മുഖ്യവിഷയമാക്കിയ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പങ്കെടുത്ത് അഭിപ്രായപ്പെടുകയുണ്ടായി. 'മൗലാനാ മൗദൂദിയുടെ ഭാര്യ പർദ്ദ ധരിച്ചിട്ടില്ല' എന്നും ഹമീദ് ചേന്ദമംഗല്ലൂർ ആ ചർച്ചയിൽ തുടർന്നു പറഞ്ഞു.

ഹമീദ് ചേന്ദമംഗല്ലൂരിനും എം.എൻ കാരശ്ശേരിക്കും ഒരു 'ഇസ്ലാമിക' ധാരയുണ്ട്. സവിശേഷമായ മലബാർ ഇസ്ലാമിക ധാരയാണത്. സാംസ്‌കാരികമായ കേരളീയ മിശ്രജാതി / സമുദായ പലമകളിലൂടെ രൂപം കൊണ്ട ജന്മസിദ്ധമായ ഇസ്ലാമാണത്. ജന്മസിദ്ധമായ ആ ഇസ്ലാമിനെ കെ.ഇ.എൻ ഉപേക്ഷിച്ചു. കെ.ഇ.എൻ ഉപേക്ഷിച്ച ആ ഇസ്ലാമിനെ മാധവിക്കുട്ടി വാരിപ്പുണർന്നു. മാത്രവുമല്ല, മാധവിക്കുട്ടി ഹിജാബുമിട്ടു. ഇടക്ക് പർദ്ദാ ധാരിയുമായി. എന്തുകൊണ്ട്?

ഹമീദ് ചേന്ദമംഗല്ലൂർ പറഞ്ഞതു പോലെ, 'ശഹാദത്ത് കലിമ' എന്ന 'വിശ്വാസ പ്രതിജ്ഞ' എടുത്താൽ മാത്രം ഒരാൾ മുസ്ലിമാകില്ല എന്നതു കൊണ്ടാണ് വിശുദ്ധയായ മാധവിക്കുട്ടിയെ മുസ്ലിം മതമൗലിക വാദികൾ ബുർക്കാധാരിയാക്കിയത്. ഇസ്ലാം, അനുഷ്ഠാനത്തിന് ഊന്നൽ നൽകുന്ന ഒരു മതമാണ്. നിസ്‌കാരം ഇസ്ലാമികമാണ്, നൃത്തം ആ നിലയിൽ ഇസ്ലാമികമല്ല. സൂഫി നൃത്തമായ 'സമ' പോലും മതനിയമാവലിക്കു പുറത്താണ്. നിരോധിക്കപ്പെട്ട നൃത്തമാണ്, വലതു കൈവിരലുകൾ ആകാശത്തിലേക്കുയർത്തിയും ഇടതു കൈവിരലുകൾ ഭൂമിയിലേക്ക് താഴ്ത്തിയും വൃത്താകൃതിയിൽ ആനന്ദലഹരിയിൽ ചുവടു വെക്കുന്ന 'സമ'. സമ നൃത്തംചെയ്യുന്ന എത്ര മുസ്ലിംകൾ നമുക്കിടയിലുണ്ട്? നമസ്‌കാരപ്പള്ളികൾ നിറയെ പുരുഷാരമാണ്. പക്ഷെ, നൃത്തംചെയ്യുന്ന മുസ്ലിമിനെ അവരിൽനിന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്.


Related Articles