രോഗശാന്തിയുടെ വിസ്മയങ്ങൾ

Society

രോഗശാന്തിയുടെ വിസ്മയങ്ങൾ


''ലോകത്ത് ആകെ ഒരത്ഭുതമേയുള്ളൂ, അത്ഭുതങ്ങളില്ല എന്നതാണത്''
-ആൽബർട്ട് ഐൻസ്റ്റീൻ

അപരിഷ്‌കൃതമായ ഒരു പിപ്പറ്റ് ഉപയോഗിച്ചാണ് തെരുവുനായ്ക്കളുടെ വായിൽനിന്നും ലൂയി പാസ്റ്റർ(1822-95) ഉമിനീർ വലിച്ചെടുത്തത്. പേ വിഷത്തിനെതിരെ ഒരു പ്രതിരോധ വാക്‌സിൻ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ആ മനുഷ്യസ്‌നേഹി. ചെറിയൊരു പിഴവ് സംഭവിച്ചാൽ ഉമിനീർ പാസ്റ്ററുടെ വായിലെത്താം. പക്ഷേ, അപകടകരമായ ആ അർപ്പണബോധം പിന്നീടിങ്ങോട്ടു ലോകജനതയ്ക്ക് വെളിച്ചംപകർന്നു. സയൻസിന്റെ വഴിയിലൂടെ പാസ്റ്റർ അത്ഭുതകരമായ സൗഖ്യചികിത്സ കൊണ്ടുവന്നു. അന്ധതയും ബധിരതയും ദിവ്യശക്തിയിലൂടെ സൗഖ്യപ്പെടുത്തിയെന്ന മതകഥകൾ മറുവശത്തുണ്ട്. കടലാസും പേനയും, ഒപ്പം കുറച്ച് ഭാവനയുമുണ്ടെങ്കിൽ കഥകൾ പെട്ടെന്നു മൊരിച്ചെടുക്കാം. കഥകൾ എപ്പോഴും കഥകളാണ്. പക്ഷേ, കഥകളെ ആധാരമാക്കി ജീവിക്കുന്നവരുടെ എണ്ണം ഇന്നും കുറയുന്നില്ല എന്നത് ഒരു കഥയല്ല.

കേരളം ഇന്ന് അത്ഭുതരോഗശാന്തിക്കാരുടെ സ്വന്തം നാടാണ്. ഔഷധവും ചികിത്സയുമില്ലാതെ പ്രാർത്ഥന, ധ്യാനം, ശ്വസനമുറകൾ, സ്പർശനം, യോഗ, ദൈവികപ്രവൃത്തികൾ.... ഇത്യാദി ക്രിയകളിലൂടെ രോഗസൗഖ്യം കൈവരിക്കാമെന്ന അവകാശവാദമാണ് അത്ഭുതരോഗശാന്തി വ്യവസായത്തിന്റെ പൊതുസിലബസ്സ്. അത്ഭുതങ്ങളെ (മിറക്കിളുകൾ) കുറിച്ച് കേൾക്കാത്തവർ ചുരുമായിരിക്കും. മതനേതാക്കളുടെയും വിശുദ്ധരുടെയും പാരമ്പര്യചികിത്സകരുടെയും വജ്രായുധങ്ങളാണവ. കേരളത്തിലെ അറിയപ്പെടുന്ന പല ആൾദൈവങ്ങളും ആത്മീയപ്രഭുക്കളും അവരവരുടെ ഭ്രൂണഘട്ടങ്ങളിൽ അത്ഭുതരോഗശാന്തികഥകൾ ഉദാരപൂർവം വിറ്റഴിച്ചവരുമാണ്. കോങ്കണ്ണു മുതൽ കുടലിലെ അർബുദംവരെ പ്രാർത്ഥിച്ചു മാറ്റിയ വാഴ്ത്തപ്പെട്ട വിശുദ്ധർ ഈ നാട്ടിൽ പള്ളിയുറങ്ങുന്നു. ഭക്തരുടെ രോഗം സ്വയം ഏറ്റെടുത്തു രോഗശാന്തി വരുത്തിയവരും കൂട്ടത്തിലുണ്ട്. അപരന്റെ രോഗം ഔഷധരഹിതമായി 'നക്കിയെടുത്ത്'പേരെടുത്തവരിൽ പലരും പിന്നീട് ആ പണിയൊക്കെ ഉപേക്ഷിച്ച് അത്യാധുനികചികിത്സ വാഗ്ദാനം ചെയ്യുന്ന നക്ഷത്ര ആശുപത്രികൾ സ്ഥാപിച്ചപ്പോൾ അത്ഭുതരോഗശാന്തിയെക്കാൾ ആദായകരമാണ് 'ലോകശാന്തി' എന്നുകൂടി തെളിയിക്കപ്പെട്ടു.


Related Articles