എങ്ങനെ അവസാനിച്ചാലും കുറെ രസകരമായ ചോദ്യങ്ങൾ ബാക്കിവെക്കുമെന്നുറപ്പുള്ള ഒരു സംഭവം ഈയിടെ 'ദി ഹിന്ദു' (14.3.16) അടക്കമുള്ള ദേശീയപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാഗ്ദാനം നൽകിയ സേവനം ലഭിച്ചില്ലെന്ന് ആരോപിച്ച് കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലെ മഹാദേവ് ദുഡിഹാൽ എന്ന വാസ്തുവിശ്വാസി സരളവാസ്തു എന്ന സ്ഥാപനത്തിനെതിരെ ജില്ലാ ഉപഭോക്തൃഫോറത്തെ സമീപിച്ചു. അധാർമികമായ കച്ചവടരീതി, അപര്യാപ്തമായ സേവനം തുടങ്ങിയ വകുപ്പുകളനുസരിച്ച് ഫോറം കേസ് സ്വീകരിച്ചു. പത്രവാർത്ത ഇങ്ങനെ:''ദുഡിഹാൽ ഒരു നിയമസഹായ കമ്പനി യിലാണ് ജോലി ചെയ്യുന്നത്. ടിയാൻ 2007 മുതൽ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. പല അടവുകളും പയറ്റിയെങ്കിലും പ്രയാസം കൂടുന്നതല്ലാതെ കുറയുന്നില്ല. അങ്ങനെയിരിക്കെയാണ് വാസ്തുക്കാർ മുന്നോട്ടുവെച്ച 'കൊപേ'യിൽ (കൊതിപ്പിക്കൽ+പേടിപ്പിക്കൽ) ആകൃഷ്ടനായത്. വാസ്തുപ്രകാരം വീടു പുതുക്കി പണിഞ്ഞാൽ സാമ്പത്തിക വിഷമതകൾ വഴിമാറി 'ഐശ്വര്യം'വരുമെന്നായിരുന്നു വാഗ്ദാനം.
''ഞാൻ വലിയതോതിൽ സാമ്പത്തികപ്രശ്‌നങ്ങൾ അനുഭവിക്കുകയായിരുന്നു. വാസ്തു എന്റെ ജീവിതം മാറ്റിമറിക്കുമെന്നും അനുകൂലഫലങ്ങൾ കൊണ്ടുവരുമെന്നും കരുതി. 4.75 ലക്ഷം രൂപ കടംവാങ്ങി വീട് വാസ്തുപ്രകാരം പുനഃക്രമീകരിച്ചു. ഭിത്തിയിടിച്ചു, മുഖ്യവാതിലിന്റെ ദിശ മാറ്റി, പിന്നെ മറ്റു ചില മാറ്റങ്ങളും. പണി രണ്ടു മാസം നീണ്ടുനിന്നു. 3 മുതൽ 8 മാസങ്ങൾക്കുള്ളിൽ ഫലം ഉറപ്പാണെന്ന് വാസ്തുക്കാർ പറഞ്ഞെങ്കിലും യാതൊന്നും സംഭവിച്ചില്ല''-ദുഡിഹാലിന്റെ വാക്കുകൾ. വർഷം ഒന്നു കഴിഞ്ഞിട്ടും മാറ്റമൊന്നും ഇല്ലെന്നു കണ്ടപ്പോൾ അയാൾ വാസ്തു ഏജൻസിയെ ബന്ധപ്പെട്ടു, പലതവണ. ഹുബാലിയിലുള്ള അവരുടെ ഓഫീസിൽ നേരിട്ടുചെന്നു. അനുകൂലപ്രതികരണം ലഭിക്കാതെ വന്നപ്പോഴാണ് കേസ് ഫയൽ ചെയ്തത്. തനിക്കും തന്നെപോലെ കബളിപ്പിക്കപ്പെട്ട മറ്റു വിശ്വാസികൾക്കുംവേണ്ടിയാണ് നിയമനടപടികൾ എന്നായിരുന്നു അയാളുടെ വാദം.
ഉപഭോക്തൃകോടതിയിലെ ജഡ്ജിമാരിൽ വാസ്തുപ്രേമികൾക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ (അതിനു സാധ്യതയുണ്ട്) ഈ കേസ് തള്ളിപ്പോകും. വാസ്തു, ജ്യോതിഷം... പോലുള്ള മതതട്ടിപ്പുകൾ വിശ്വാസത്തിന്റെ പരിധിയിൽ വരുമെന്നും വിശ്വാസത്തെ ഹനിക്കുന്ന വിധി പാടില്ലെന്നും മറിച്ചായാൽ മതം ആകെ പൊളിഞ്ഞുവീഴുമെന്നുമൊക്കെ ജഡ്ജിമാർ പറഞ്ഞേക്കാം. ഫലസിദ്ധിക്കായി കുറെക്കൂടി കാത്തിരിക്കാൻ പരാതിക്കാരനോട് ആവശ്യപ്പെടാം. അല്ലെങ്കിൽ കൊപേനിയമം വ്യാഖ്യാനിച്ച് ''ഇതിലും വലിയ നാശം വരാനിരുന്നതാണ്, വീട് പുതുക്കി പണിഞ്ഞതുകൊണ്ട് ഇപ്പോഴും ജീവനോ ടെയിരിക്കുന്നു..''എന്നൊക്കെ വാദിച്ച് തടിതപ്പാം. ഇനി, ദുഡിഹാലിന്റെ വ്യക്തിഗതകുഴപ്പംകൊണ്ടാണ് ഐശ്വര്യം കിട്ടാത്തതെങ്കിൽ ഐശ്വര്യംകിട്ടിയവർ ആരെങ്കിലും പുള്ളിക്കാരനെ മനസ്സറിഞ്ഞ് ഒന്ന് സഹായിച്ചാലുംമതി!
