വികസനപ്രവർത്തനങ്ങളിലും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളിലും ഊന്നി, പരിപ്രേഷ്യപരമായി പുതിയൊരു സാമൂഹികക്രമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് രാഷ്ട്രീയപ്രവർത്തനം ലക്ഷ്യമാക്കുന്നത്. ഈ അർഥത്തിൽ, രാഷ്ട്രീയം എന്നു പറയുന്നത് സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവും ദിശാബോധവുമുള്ളതായിരിക്കണം.
എന്താണ് നിങ്ങളുടെ പരിപാടി?
പലപ്പോഴും, തെരഞ്ഞെടുപ്പ് അജണ്ട എന്നത് അതാതുകാലത്തെ വൈകാരിക കാര്യങ്ങളായിരിക്കും. ജനങ്ങളുടെ വൈകാരിക അവസ്ഥയെ ചൂഷണം ചെയ്യാനാണ് രാഷ്ട്രീയപ്പാർട്ടികൾ തെരഞ്ഞെടുപ്പിൽ ശ്രമിക്കാറ്. അത് അപക്വ ജനാധിപത്യത്തിന്റെ ഫലമാണ്. പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയം ജനങ്ങൾക്കുമുന്നിൽ പരിപാടിയായി അവതരിപ്പിക്കുന്നില്ല. പകരം, വോട്ടിനുവേണ്ടി ജനങ്ങളെ സമീപിക്കുകയാണ്. തങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാമ്പത്തികമാറ്റങ്ങളും പ്രവർത്തനങ്ങളും ഒരു രാഷ്ട്രീയപരിപാടിയിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കണം. ഇന്ന് അങ്ങനെയൊന്നില്ല. ഭരണം തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയെ ഭരണത്തിൽനിന്നു നിഷ്‌കാസിതമാക്കുകയാണ് മറ്റു പാർട്ടികളുടെ ലക്ഷ്യം. ഇതിന് ഓരോ പ്രദേശത്തും അനുയോജ്യമായ ധാരണകളുണ്ടാക്കുന്നു. ധാരണ അവസരവാദപരമായ ഒന്നാണ്, സ്ഥായീഭാവമില്ലാത്തത്. അതുകൊണ്ടുതന്നെ, ദേശീയ തലത്തിൽ ഒരു രാഷ്ട്രീയപരിപ്രേക്ഷ്യം ഉരുത്തിരിഞ്ഞുവരുന്നില്ല.
