പ്രാകൃതനിയമങ്ങൾ

Society

പ്രാകൃതനിയമങ്ങൾ


മൗലികാവകാശങ്ങൾമാത്രമല്ല ജീവന്റെ രക്ഷപോലും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ചില വരികൾ.

ജീവവസ്തുവെന്ന നിലയിലുള്ള ഭൗതികപരിണാമത്തിന് പുറമേ സാമൂഹ്യജീവിയെന്ന നിലയിലുള്ള പരിണാമവും ഉണ്ട് മനുഷ്യന്റെ കഥയിൽ എന്നു മനസ്സിലാക്കുക വിഷമമുള്ള കാര്യമല്ല. പക്ഷേ, ഇത് അംഗീകരിക്കാത്തവരുണ്ട്. മുമ്പിലൂടെ കാലം അതിവേഗം കടന്നുപോകുന്നതും ലോകം മാറുന്നതും കാണാൻ വിസമ്മതിക്കുന്ന ഇവരാണ് മനുഷ്യജീവിതത്തെ ആയാസരഹിതവും സുഖകരവുമാക്കുന്നതിനു നിരന്തരം തടസ്സമായി നിന്നുപോന്നിട്ടുള്ളത്. എന്നാൽ അങ്ങനെയുള്ളവർ ഉണ്ടെന്നുള്ളതുകൊണ്ട് വ്യക്തികളുടെ മാനുഷികമായ ആവശ്യങ്ങളെ അംഗീകരിക്കാതിരിക്കുവാൻ കഴിയുമോ? അതിനുവേണ്ടി നിയമനിർമ്മാണം ചെയ്യാതിരിക്കുവാനും?

സാമൂഹ്യമായ സ്വസ്ഥതയും സുരക്ഷയും ഉറപ്പാക്കുവാനും വ്യക്തികൾക്ക് നീതി ലഭ്യമാക്കുവാനും വേണ്ടി മനുഷ്യവർഗ്ഗം നടത്തുന്ന പ്രയത്‌നത്തെയാണ് നാം നിയമനിർമ്മാണമായി വ്യവഹരിക്കുന്നത്. പ്രതിലോമകരമായ നിയമങ്ങൾ വികലരായ ഭരണാധികാരികൾ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്, ശരി. എങ്കിലും മൊത്തത്തിൽ നോക്കിയാൽ ചരിത്രം പുരോഗമനാത്മകമായ നിയമനിർമ്മാണത്തിന്റെയും ചരിത്രമാണ്. ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ദശയിൽനിന്ന് ബോധപൂർവ്വവും മുന്നോട്ടുനോക്കുന്നതുമായ നിയമനിർമ്മാണത്തിന്റെ കാലത്തേക്ക് നമ്മൾ എത്തിയിരിക്കുന്നു. അമ്പതിനായിരം കൊല്ലം മുമ്പ് മൃഗാവസ്ഥയിൽ വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ജീവിച്ചിരുന്നവരാണ് നമ്മുടെ പൂർവ്വികർ. വെറും ഇരുപതിനായിരം കൊല്ലങ്ങളിൽ അമ്പും വില്ലും ഉപയോഗിക്കുന്നവരിൽനിന്ന് ബഹിരാകാശയാത്ര ചെയ്യുന്നവനായി മനുഷ്യനെന്നത് പുരോഗമനത്തിന്മേൽ നാം കൈവരിച്ചിട്ടുള്ള വേഗതയെക്കുറിച്ച് (acceleration) നമുക്ക് മനസ്സിലാക്കിത്തരും. ഇതിനിടയ്ക്ക് ഗോത്രത്തിൽനിന്ന് സമൂഹത്തിലേക്കും കുടുംബത്തിലേക്കും വ്യക്തിയിലേക്കും ഫോക്കസ് മാറി. ബന്ധങ്ങൾക്കും കൗതുകങ്ങൾക്കും പുതിയ അർത്ഥതലങ്ങളുണ്ടായി. വയലുകൾ, നിർമ്മാണസ്ഥലങ്ങൾ, ഫാക്ടറികൾ, ഓഫീസുകൾ, വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങൾ, എന്നിങ്ങനെ പ്രവൃത്തിസ്ഥലങ്ങളും പ്രവൃത്തിയും വികസിച്ചപ്പോൾ ജീവിതശൈലി മാറി. വസ്ത്രധാരണം പ്രവൃത്തിക്കനുസൃതമായി, സൗന്ദര്യബോധമനുസരിച്ചും, മൃഗീയശൈലിയിലുള്ള ശാരീരികതയിൽനിന്ന് ലൈംഗികത വൈകാരികതയിലേക്ക് പ്രവേശിച്ചു. വികാരം, സ്‌നേഹം, ആഭിമുഖ്യങ്ങൾ, സൗന്ദര്യബോധം, കലകൾ, കവിത, ഇങ്ങനെയിങ്ങനെ ജീവിതത്തെ സമ്പുഷ്ടമാക്കുന്ന പലതും ആവിർഭവിച്ചു. എല്ലാത്തിനും പുറമേ സഹജീവികളോടുള്ള ഉത്തരവാദിത്വം എന്ന ആശയവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുവാനുള്ള സന്നദ്ധതയും വ്യക്തിതാൽപര്യങ്ങളുടെ അനിയന്ത്രിതമായ കുതിച്ചുയരലിനെ ബാലൻസ് ചെയ്തു.


Related Articles