മാവോയിസ്റ്റുകളെ ആവശ്യമുണ്ടോ?

Society

മാവോയിസ്റ്റുകളെ ആവശ്യമുണ്ടോ?


നിലമ്പൂരിനടുത്ത വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ, ഒരു സ്ത്രീയും ഒരു പുരുഷനും കൊല്ലപ്പെട്ടു എന്ന പോലീസ്‌ റിപ്പോർട്ട് വിശ്വസനീയമല്ലെന്നാണ് കൊല്ലപ്പെട്ടവരുടെ ഫോട്ടോയിൽനിന്നും ലഭ്യമായ മറ്റു പ്രാഥമികവിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കൊല്ലപ്പെട്ട പുരുഷന്റെ കയ്യിലുണ്ടായിരുന്നതെന്ന് കരുതപ്പെടുന്ന ഒരു റിവോൾവർ മാത്രമാണ് അവിടെ കണ്ട ഏക ആയുധം. ആ ആയുധം മാത്രമുള്ളവർ ഒരു ഏറ്റുമുട്ടലിന് തയ്യാറാകുമെന്ന് കരുതാനാവില്ല. കൂടെ കുറച്ചുപേർ കൂടി ഉണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട അവർക്കുവേണ്ടി വനം അരിച്ചു പെറുക്കുകയാണ് പോലീസ് സംഘമെന്നുമാണ് റിപ്പോർട്ട്. ആയുധങ്ങൾ ഉണ്ടായിരുന്നത് അവർ കൊണ്ടുപോയതാണോ എന്നറിയാൻ അവരെ കണ്ടുകിട്ടണം. അത് സംഭവിക്കാൻ സാധ്യത കുറവാണ്. ആ നിലയ്ക്ക് ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് പോലീസ്ഭാഷ്യം അംഗീകരിക്കാനാവില്ല. മാവോയിസ്റ്റുകളുടെ താവളം അവിടെ ഉണ്ടെന്നറിഞ്ഞ് പോലീസ് വലയം ചെയ്യുകയും ഏകപക്ഷീയമായി ആക്രമിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു ഈ കൊലപാതകങ്ങളെങ്കിൽ അത് നമ്മുടെ ജനാധിപത്യവ്യവസ്ഥ അംഗീകരിച്ചുകൊടുക്കാൻ പാടില്ലാത്ത സംഭവം തന്നെയാണ്. ഏറ്റുമുട്ടലല്ല അവിടെ നടന്നതെന്ന് കാണേണ്ടിവരും. യോഗംകൂടുന്ന ഒരു സംഘത്തിനു നേരേ നിറയൊഴിക്കാൻ പോലീസിന് അവകാശമില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ജനാധിപത്യപരമായ നിയമവാഴ്ചയെ തകർക്കുകയാണ് പോലീസ് ചെയ്യുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യമാണത്. അതേക്കുറിച്ച് വ്യക്തമായ അന്വേഷണവും നടപടിയും ആവശ്യമാണ്.

നിലമ്പൂർ വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റ്മരിച്ച കുപ്പുദേവരാജും അജിത എന്ന കാവേരിയും.
നിലമ്പൂർ വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റ്മരിച്ച കുപ്പുദേവരാജും അജിത എന്ന കാവേരിയും.

ഇതിനപ്പുറത്ത് ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ പല വഴിക്കും നീങ്ങുന്നതുകാണാം. സി.പി.ഐ. നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞതായി ഒരു റിപ്പോർട്ടു കണ്ടു. ഭിന്നാഭിപ്രായം പറയുന്നവരെയൊക്കെ വെടിവെച്ചുകൊല്ലാൻ തുടങ്ങിയാൽ അത് അനുവദിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐ.ക്കാരനായ വനംവകുപ്പുമന്ത്രിയും സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഭരണപക്ഷമായ ഇടതുമുന്നണിയിൽനിന്നുതന്നെ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പറയുന്നത് നല്ലകാര്യമാണ്. പക്ഷേ, മാവോയിസ്റ്റു രാഷ്ട്രീയത്തെ ഇത്ര ലാഘവത്തോടെ കാണുന്നത്, ജനാധിപത്യവ്യവസ്ഥയെ സഹായിക്കുകയില്ലെന്ന് കാണേണ്ടതുണ്ട്. ഏതാനും വർഷങ്ങളായി കേരളം-തമിഴ്‌നാട്-കർണ്ണാടക അതിർത്തിമേഖലകളിൽ മാവോയിസ്റ്റുകൾ സജീവമാണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും, മാവോയിസ്റ്റു ബാധിതജില്ല എന്ന അംഗീകാരം കിട്ടിയാൽ അതിനെതിരെ പോലീസ് പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിക്കുന്ന ഭീമമായ ഫണ്ടുകിട്ടാൻവേണ്ടി പോലീസ് കെട്ടിച്ചമയ്ക്കുന്ന റിപ്പോർട്ടാണ് ഇതെല്ലാമെന്നും വാദിക്കുന്നവരുമുണ്ട്. ഝാർഖണ്ഡിലും ഛത്തീസ്ഘട്ടിലുമെന്നപോലെ കേരള അതിർത്തികളിലുമുള്ള ആദിവാസികൾക്കും മറ്റ് പാവപ്പെട്ടവർക്കുംവേണ്ടിയാണ് മാവോയിസ്റ്റുകൾ പൊരുതുന്നതെന്നും അതുകൊണ്ട് അവരുടെ പ്രവർത്തനങ്ങളെ നിഷേധാത്മകമായി കാണരുതെന്നും വാദിക്കുന്നവരുമുണ്ട്. ഇത്തരം അഭിപ്രായങ്ങളും വാദമുഖങ്ങളുമൊന്നും യാഥാർത്ഥ്യത്തെയല്ല പ്രതിഫലിപ്പിക്കുന്നത്.


Related Articles