പോലീസ് സ്‌റ്റേഷനിലെ ഇരുട്ടുനിറഞ്ഞ ലോക്കപ്പ് മുറിയിൽ അഴിഞ്ഞുപോയ തന്റെ ഉടുമുണ്ടും ഷർട്ടും പരതിക്കൊണ്ട് അണ്ടർവെയർ മാത്രം ധരിച്ചിരുന്ന ഒരു ചിത്രമുണ്ട് പിണറായി വിജയന്റെ ജീവിതത്തിൽ. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തന്റെ പ്രസിദ്ധമായ നിയമസഭാ പ്രസംഗത്തിൽ അദ്ദേഹം തന്നെയാണ് ആ ചിത്രം ലോകത്തിനു മുന്നിൽ അനാവരണം ചെയ്തത്. പൊലീസുകാരുടെ മുന്നാംമുറയുടെ രക്തമുദ്രയുള്ള ഉടുവസ്ത്രം ഉയർത്തിക്കാണിച്ചുകൊണ്ടായിരുന്നു ആ പ്രസംഗമെന്നാണ് കേൾവി.സി.പി.ഐ.(എം)പ്രവർത്തകരെ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്ത 1975 സെപ്തംബർ 28-ാം തീയതിയാണ് വീട്ടിൽ നിന്നും കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയത്.
ലോക്കപ്പിൽ ആക്കുന്നത്‌വരെ പോലീസുകാർ മാന്യമായി പെരുമാറിക്കൊണ്ടിരുന്നു. ഒരു പായയും കൈയിൽ കൊടുത്താണ് അകത്തേക്ക് വിട്ടത്. ഷർട്ട് ഊരണം എന്ന് പോലീസുകാരിൽ ചിലർ പറഞ്ഞെങ്കിലും പൊളിറ്റിക്കൽ വർക്കേഴ്‌സല്ലേ, സാധാരണ ക്രിമിനൽസിനെ പോലെ താനും ഷർട്ടൂരണോ എന്ന് ചോദിച്ചപ്പോൾ ഇൻസ്‌പെക്ടർ വേണ്ടാ എന്ന് പറഞ്ഞു. പായയുമായി ലോക്കപ്പ് മുറിയിൽ കയറി രണ്ടു മിനിറ്റ് കഴിഞ്ഞില്ല, മുറിയുടെ വാതിൽ അടഞ്ഞു. മുറിയുടെ മുന്നിലെ ലൈറ്റ് അണഞ്ഞു. അൽപ സമയം കഴിഞ്ഞ് മുറിയിലേക്ക് രണ്ട് പേർ കടന്നു വന്നു. തന്റെ പേരെന്താണ് എന്ന് ചോദിച്ച് പിണറായി വിജയനാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞ ശേഷം അവർ അദ്ദേഹത്തെ ഇടിക്കാൻ തുടങ്ങി. ഇടിക്കാൻ വേണ്ടി മാത്രം പുറത്തു നിന്നും കൊണ്ടു വന്നവരായിരുന്നു അവർ. ആദ്യ റൗണ്ട് ഇടി കഴിഞ്ഞ ശേഷം മുറിയുടെ പുറത്തു കാത്തു നിന്ന മൂന്നു പോലീസുകാർ കൂടി അകത്തേക്ക് കയറി. അടിയുടെ ശക്തി കൂടി. പല പ്രാവശ്യം അദ്ദേഹം നിലത്തു വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേൽക്കാൻ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായിട്ടും വീണു. എഴുന്നേൽക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവിട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രയും ചവിട്ടി. ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവർ പോയി.
ഇതായിരുന്നു പിണറായി വിജയന്റെ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 മാർച്ച് 30-ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ ഹൈലൈറ്റ്. അടിയന്തരാവസ്ഥ എന്ന ഇന്ത്യയിലെ ഫാസിസത്തിന്റെ ആദ്യമുഖം പ്രത്യക്ഷപ്പെട്ടിട്ട് ഈ ജൂൺ 21-ന് നാല്പത്തൊന്നു വർഷമാകുന്നു. ഈ നാലുപതിറ്റാണ്ടിനകം ഇന്ത്യയിൽ ഫാസിസത്തിന്റെ തികച്ചും വ്യത്യസ്തമായ, ഒരു പക്ഷേ, കൂടുതൽ ആഴമുള്ള മുഖം അരങ്ങു പിടിച്ചു കഴിഞ്ഞു. വർഗീയ ഫാസിസം അതിന്റെ ഏറ്റവും കരുത്തുള്ള ഭരണകൂടസാരഥ്യം ഏറ്റെടുത്തു.
