ഒരു വാരികയുടെ വ്യാഴവട്ടം

Society

ഒരു വാരികയുടെ വ്യാഴവട്ടം


ലപ്പോഴും നമ്മുടെ സാംസ്‌കാരിക വിനിമയങ്ങളുടെ വാതായനങ്ങളാകാറുണ്ട് അച്ചടിമാധ്യമങ്ങൾ. അച്ചടിവിദ്യ പ്രാബല്യത്തിലെത്തിയശേഷം പതിനായിരക്കണക്കിന് ആനുകാലികങ്ങളാണ് അത്തരത്തിൽ മലയാളഭാഷയുടെ സജീവസാന്നിദ്ധ്യമായി ചരിത്രത്താളുകളിൽ വിലയം പ്രാപിച്ചിട്ടുള്ളത്. 1892-ൽ തൃശൂരിൽനിന്ന് സി പി അച്യുതമേനോന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച വിദ്യാവിനോദിനി മുതലുള്ള ആനുകാലികങ്ങളുടെ ചരിത്രം അതിവിശാലമാണ്. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ അവയിൽ എത്രയെണ്ണത്തിനു കഴിഞ്ഞു എന്നത് ചിന്തിക്കേണ്ട വിഷയം. ചില പത്രമാസികകൾ അകാലത്തിൽ അസ്തമിച്ചുപോയെങ്കിലും അവയ്ക്ക് സംസ്‌കാരത്തിന്റെ ഏടുകളിൽ ഉന്നതസ്ഥാനം കൽപ്പിച്ചത് ചരിത്രനിയോഗം. അത്തരത്തിലൊരു ചരിത്രനിയോഗത്തിന്റെ ഭാഗമായിരുന്നു കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളനാട് വാരിക. 1969 മേയ് മുതൽ 1983 ജൂലായ് വരെ മാത്രമേ ഈ വാരികയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. പക്ഷേ, പതിന്നാല് കൊല്ലംകൊണ്ട് മലയാളസാഹിത്യത്തിന്റെ സുഗന്ധവാഹിയായി മാറാൻ അതിനു കഴിഞ്ഞു. മലയാളത്തിലെ ശ്രദ്ധേയരായ നിരവധി എഴുത്തുകാരുടെ സൃഷ്ടികൾ മലയാളനാടിലൂടെ വായനക്കാരിലെത്തി. അത്ഭുതപ്പെടുത്തുന്ന വിപ്ലവമാണ് സാഹിത്യത്തിൽ ആ ഡെമി എട്ടിലൊന്ന് സൈസിലുള്ള വാരിക സൃഷ്ടിച്ചത്. പുതിയ പ്രവണതകളും സംവേദനശീലങ്ങളും രൂപപ്പെടുത്താൻ മലയാളനാടിനു കഴിഞ്ഞത് അതിന്റെ കെട്ടുറപ്പിന്റെ ശക്തികൊണ്ടാണ്.

ഓലക്കുടയും പിടിച്ചുനിൽക്കുന്ന മലയാളിയുടെ മുഖചിത്രവുമായി രംഗപ്രവേശം ചെയ്ത മലയാളനാടിന്റെ ആദ്യലക്കം വായനക്കാർ ആവേശപൂർവമാണു സ്വീകരിച്ചത്. പ്രൊഫ. എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം, കെ. ബാലകൃഷ്ണന്റെ അപ്‌സരസുകളും ഭദ്രകാളിയും പി. വി. സുകുമാരൻ നായരുടെ രൂപങ്ങൾ ഭാവങ്ങൾ, മലയാറ്റൂരിന്റെ അനാമത്ത് എന്നീ പംക്തികളും ജി വിവേകാനന്ദന്റെ അമ്മു എന്ന നോവലും ഉൾപ്പെടെയുള്ള വിഭവങ്ങളുമായാണ് ആദ്യ ലക്കത്തിന്റെ വരവ്. ഒ. വി. വിജയന്റെ ഇന്ദ്രപ്രസ്ഥവും വിജയന്റെ തന്നെ ധർമ്മപുരാണവും എം ടിയുടെ ഒരു നിമിഷവും മാധവിക്കുട്ടിയുടെ എന്റെ കഥയും ഒക്കെ മലയാളനാടിന്റെ താളുകളെ സമ്പന്നമാക്കി.

മാവേലിക്കരയിലെ തട്ടേക്കാട്ട് കുടുംബാംഗമായ എസ് കൃഷ്ണൻനായർ എന്ന എസ് കെ നായരായിരുന്നു മലയാളനാടിന്റെ ഉടമയും എഡിറ്ററുമൊക്കെ. പന്തളം എൻ എസ് എസ് കോളജിലെ കൊമേഴ്‌സ് ലക്ചറർ ഉദ്യോഗം ഉപേക്ഷിച്ചാണു കൊല്ലത്തുവന്ന് കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ആരംഭിക്കുന്നത്. വൻതോതിലുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ കാർട്ടൺബോക്‌സുകൾ നിർമ്മിക്കുന്ന ന്യൂ ഇന്ത്യ പാക്കേജിങ് കമ്പനി സ്ഥാപിച്ചുകൊണ്ടാണ് ബിസിനസിലേക്ക് എസ് കെ നായർ കടക്കുന്നത്. അക്കാലത്ത് കൊല്ലത്തെ നീലാ ഹോട്ടലിന്റെയും നടത്തിപ്പിൽ അദ്ദേഹം പങ്കാളിയായി. മലയാളരാജ്യം, ജനയുഗം, കേരളശബ്ദം, കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ തറവാടായ കൊല്ലത്തു നിന്ന് ഒരു വാരിക തുടങ്ങുന്നതിനെക്കുറിച്ചായി അദ്ദേഹത്തിന്റെ ചിന്ത. ചരിത്രപ്രസിദ്ധമായ കൊല്ലം അക്ഷരങ്ങളെയും അതുവഴി പ്രസിദ്ധീകരണങ്ങളെയും ലാളിക്കുന്ന ജില്ലയാണെന്ന് എസ് കെ നായർ മനസ്സിലാക്കുന്നു. സാഹിത്യത്തിലൊന്നും അത്ര താത്പര്യമില്ലെങ്കിലും എഴുത്തുകാരുമായി അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു. സാഹിത്യവും സിനിമയും അദ്ദേഹത്തിന്റെ ബലഹീനതകളായിരുന്നു.


Related Articles