മാലഖമാർ എന്നു വിളിച്ച് കബളിപ്പിക്കാതെ മനുഷ്യരായി കണ്ട് ആദരിക്കാൻ പൊതുസമൂഹം തീരുമാനിച്ചതിന്റെ ആശ്വാസം കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാർ അനുഭവിക്കുകയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങൾ സ്വാംശീകരിക്കാൻ വിസമ്മതിക്കുന്ന പാരമ്പര്യസമൂഹങ്ങളിൽ തൊഴിൽപരമായ ഉച്ചനീചത്വങ്ങൾ അസാധാരണമല്ല. അനാകർഷകവും ദുഷ്‌കരവുമായ തൊഴിലുകൾക്ക് പതിത്വമുണ്ടെന്ന് മാത്രമല്ല അത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ സേവന-വേതന സാഹചര്യങ്ങൾ പരിതാപകരവുമായിരിക്കും. തോട്ടിപ്പണി ചെയ്യാൻ ആരെയും നിർബന്ധിക്കാൻ പാടില്ലെന്ന് നിയമം ഉള്ള രാജ്യമാണിത്. അപ്പോഴും ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പദവിയും വേതനവും പരിതാപകരമാണ്. വൈദഗ്ധ്യം കൂടുതൽ ആവശ്യമില്ലാത്തതിനാലാണ് ഇതെന്ന വാദം നിലനിൽക്കില്ല. എന്തെന്നാൽ കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള മറ്റ് പല തൊഴിലുകൾക്കും താരതമ്യേന ഉയർന്ന പദവിയും മെച്ചപ്പെട്ട കൂലിയുമുണ്ട്.
പാരമ്പര്യ സമൂഹങ്ങളിൽ ചില തൊഴിലുകൾ മഹത്തരവും മറ്റു ചിലവ മോശവുമാണ്. എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്, എല്ലാ തൊഴിലും തുല്യമാണ്... തുടങ്ങിയ കപടപ്രസ്താവനകൾക്ക് അവിടെ പഞ്ഞമുണ്ടാകില്ല. മോശം തൊഴിലുകൾ ചെയ്യുന്നവരെക്കൊണ്ട് ''ഞാൻ എന്റെ തൊഴിലിൽ അഗാധമായി അഭിമാനിക്കുന്നു..''എന്ന് പ്രഖ്യാപിക്കുന്ന കഥകളും ധാരാളമുണ്ടാവും. തൊഴിൽപരവും സാമൂഹികവുമായ ചൂഷണത്തിന് പരക്കെ ഉപയോഗിക്കുന്ന ഗൂഢതന്ത്രങ്ങളാണ് ഇവയൊക്കെ. നമ്മുടെ സമൂഹത്തിൽ സ്ഥിതി ഭിന്നമല്ല. ഇവിടെ കടുത്ത ചൂഷണം നിലനിൽക്കുന്ന തൊഴിൽ മേഖലകളുണ്ട്, അമിതവേതനം ലഭിക്കുന്നവയുമുണ്ട്, ദുഷ്‌കരമായവയും അനായാസകരമായവയും ഉണ്ട്. ചിലവയ്ക്ക് മാന്യത കുറവാണ്, മറ്റു ചിലവ ഉന്നത സാമൂഹികപദവിയുടെ അടയാളമാണ്.
ദുഷ്‌കരവും അനാകർഷകവുമായ തൊഴിലുകൾക്ക് മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾ ഏർപ്പെടുത്തിയും എല്ലാത്തരം തൊഴിലാളികൾക്കും തുല്യമായ സാമൂഹികപദവിയും അവകാശങ്ങളും നൽകിയുമാണ് ആധുനിക ജനാധിപത്യ സമൂഹങ്ങൾ തൊഴിലുകൾക്കിടയിലുള്ള ഇത്തരം ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുക. പാരമ്പര്യസമൂഹങ്ങൾക്ക് പലപ്പോഴും ഇത് സാധ്യമാകുന്നില്ല. അനാകർഷകമായ ഈ യാഥാർത്ഥ്യമാണ് കേരളത്തിലെ നഴ്‌സിങ് മേഖലയിലും നിലനിൽക്കുന്നത്. മാലാഖമാർ എന്നൊക്കെ വിളിക്കുമ്പോഴും നഴ്‌സിങ് ഒരു നല്ല തൊഴിലായി മലയാളി പരിഗണിക്കുന്നില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഈ രംഗത്തേക്ക് കൂടുതലായി വരാൻ തുടങ്ങിയിട്ട് കാലമേറെയായില്ല. ഉയർന്ന വിദ്യാഭ്യാസയോഗ്യതയും വൈദഗ്ധ്യവും ആവശ്യമുണ്ടായിട്ടും, ദുഷ്‌കരമായ പരിതഃസ്ഥിതികളിൽ ജോലി ചെയ്തിട്ടും താഴ്ന്ന പദവിയും ഞെട്ടിപ്പിക്കുന്ന തോതിൽ നിസ്സാരമായ കൂലിയും ദുസ്സഹമായ തൊഴിൽ നിബന്ധനകളുമാണ് സ്വകാര്യമേഖലയിലെ നഴ്‌സുമാർക്ക് നേരിടേണ്ടിവരുന്നത്.
