മയക്കുമരുന്നുകളുടെ മായികലോകത്തില്‍ ഞെരിഞ്ഞമരുകയാണ് കേരളം. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ അസാധാരണമായി വര്‍ദ്ധിച്ചിരിക്കുന്നു. (2020-ലാണ് ഈ ലേഖനം എഴുതിയത്) മെഡിക്കല്‍സ്റ്റോറുകളില്‍ ലഭിക്കുന്ന പ്രിസ്ക്രൈബ്ഡ് ഡ്രഗ് തുടങ്ങി കൊക്കെയിന്‍വരെ വിലപിടിപ്പുള്ള മരുന്നുകള്‍ ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമായി ലഭിക്കുന്നുണ്ട്. പോലീസ്, എക്സൈസ് വകുപ്പുകള്‍ സ്വന്തമായി മയക്കുമരുന്നുവേട്ടകള് നടത്തുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുന്നുണ്ടെന്ന് അപഗ്രഥിക്കേണ്ട കാര്യമാണ്.
മയക്കുമരുന്നുകളെപ്പറ്റി കൃത്യമായ അവബോധം പല ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കുമില്ല എന്നതാണ് വസ്തുത. താരതമ്യേന നിരുപദ്രവമായ കഞ്ചാവാണ് ഏറ്റവും മാരകമായ ലഹരിവസ്തു എന്ന് ധരിച്ചിരിക്കുന്ന ധാരാളം ഉദ്യോഗസ്ഥന്മാര്‍ ഇന്നുമുണ്ട്. പണ്ട് ഇടുക്കിയിലെ അപ്രാപ്യമായ മലയിടുക്കുകള്‍ കഞ്ചാവ്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണനശൃംഖലയില്‍ ഇടുക്കിക്ക് സുപ്രധാനമായ സ്ഥാനം ഒരുകാലത്ത് ഉണ്ടായിരുന്നു.
ഇടുക്കിയില്‍നിന്നും ലഭിച്ചിരുന്ന കഞ്ചാവ് ഇടുക്കി ഗോള്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഈ ചെടി നട്ടുവളര്‍ത്തി കോടീശ്വരന്മാരായ ധാരാളംപേര്‍ ഇന്നും കേരളത്തിലുണ്ട്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സ്റ്റേറ്റ് പോലീസ്, എക്സൈസ് വകുപ്പുകള്‍ നിരന്തരമായി കഞ്ചാവുവേട്ടകള്‍ ഈ പ്രദേശങ്ങളില്‍ നടത്തിയതിനെത്തുടര്‍ന്ന് ഇടുക്കിയിലെ കഞ്ചാവുതോട്ടങ്ങള്‍ക്കു കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. കഞ്ചാവുകൃഷിയില്‍ ഇടുക്കിക്കുള്ള അപ്രമാദിത്വത്തിന് ഇപ്പോള്‍ മങ്ങലേറ്റുതുടങ്ങിയിരിക്കുന്നു. കൂടുതല്‍ സുരക്ഷിതത്വമുള്ള സ്ഥലങ്ങള്‍ തേടിപ്പോയ കഞ്ചാവുകൃഷിക്കാര്‍ പിന്നീട് ആന്ധ്രമേഖലയിലേക്ക് ചേക്കേറുകയാണു ചെയ്തത്. തുടര്‍ന്ന് കമ്പം കേന്ദ്രീകരിച്ച് ധാരാളം പുതിയ കഞ്ചാവ് സംഭരണകേന്ദ്രങ്ങളും നിലവിൽ വന്നു. നല്ലയിനം കഞ്ചാവ് വിദേശങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങി.
