അമാനുഷികമായ ജീവികളോ സംഭവങ്ങളോ ഉൾക്കൊള്ളുന്ന, ഒരു ജനതയുടെ ആദിമചരിത്രത്തെയോ പ്രകൃതിദത്തമോ സാമൂഹികമോ ആയ ഒരു പ്രതിഭാസത്തെയോ സംബന്ധിക്കുന്ന പരമ്പരാഗത കഥ– ‘മിത്ത്’ എന്ന വാക്കിനെ ഓക്സ്ഫോഡ് ഡിക്‌ഷണറി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. പരക്കെയുള്ളതും എന്നാൽ തെറ്റായതുമായ വിശ്വാസത്തെയും ആശയത്തെയും മിത്തെന്ന് വിളിക്കും.
അപ്പോൾ ദൈവം ഒരു മിത്താണെന്ന് പറഞ്ഞാലോ? ഏത് ദൈവവും ആയിക്കോട്ടെ. യഹോവയോ അള്ളാഹുവോ ശ്രീകൃഷ്ണനോ ഗണപതിയോ അയ്യപ്പനോ ശ്രീബുദ്ധനോ. ആ ദൈവം അയഥാർത്ഥമായ, തെറ്റായ, വിശ്വാസമാണെന്ന് പറഞ്ഞു എന്ന് വായിക്കേണ്ടിവരുന്നു. നിങ്ങൾ വിശ്വസിക്കുന്ന ദൈവം മിത്താണ് എന്നു പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കുന്ന ദൈവം ഒരു കപടയാഥാർത്ഥ്യമാണെന്ന് പറഞ്ഞു എന്ന് വിശ്വാസിക്ക് തോന്നിപ്പോകുന്നു. സഹിഷ്ണുതയില്ലാത്ത വിശ്വാസി ബഹളമുണ്ടാക്കാനാരംഭിക്കുന്നു. മതമൗലികവാദികൾ പൊട്ടിത്തെറിക്കുന്നു. അങ്ങനെ പറഞ്ഞയാൾ ദൈവനിന്ദ നടത്തിയെന്ന് ആരോപിക്കുന്നു.
ദൈവങ്ങൾ ആധാരശിലകളായി നിലനിൽക്കുന്ന മതത്തിനെ മിത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും വ്യവച്ഛേദത്തിലൂടെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ എത്തിപ്പെടുന്നത് വലിയ സങ്കീർണ്ണതയിലാണ്. ലളിതയുക്തികൾകൊണ്ട് അളന്നുതീർത്ത പലതും ആ സങ്കീർണ്ണലോകത്ത് പുതിയ രൂപങ്ങളാർജിച്ച് അന്വേഷകനെ ത്തന്നെ വേട്ടയാടുന്നത് കാണാം.
