രാഷ്ട്രീയകൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ചൊരു സംസ്ഥാനമാണ് കേരളം. സ്വയം തിരുത്തുന്നതിനെക്കുറിച്ചുള്ള ചിന്തയ്ക്ക് ഇവിടെ പ്രസക്തിയില്ല. വിയോജിക്കുന്നവരെ നേരിടുവാനുള്ള വഴി അവരെ കൊന്നുകളയുക എന്നതാണ്. ഇത്തരത്തിൽ തങ്ങൾ മാറുകയില്ലെന്നും തങ്ങളെ മാറ്റാൻ ശ്രമിച്ചാൽ അവർ ഇല്ലായ്മ ചെയ്യപ്പെടുമെന്നുമുള്ള സന്ദേശം നൽകുന്ന അരുംകൊലകളിലൊന്നായിരുന്നു ഇടുക്കി വട്ടവട സ്വദേശിയും ആദിവാസിയും എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിന്റെ വധം.
കോൺഗ്രസ്സുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കുമിടയിൽ നിലനിന്നിരുന്ന കൊലപാതകരാഷ്ട്രീയം കമ്മ്യൂണിസ്റ്റുമേൽക്കോയ്മക്കെതിരായ നീക്കത്തിൽ കത്തിജ്ജ്വലിപ്പിച്ചത് സംഘപരിവാർ ശക്തികളാണ്.
ഇതേ കൊലയാളിരാഷ്ട്രീയത്തിന്റെ പ്രായോഗിക പരിസരത്തുനിന്നാണ് ഇസ്‌ലാമികരാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ. (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) അഭിമന്യുവിനെ വധിച്ചത്. സംഘപരിവാർ ശക്തികളും ഇസ്‌ലാമിസ്റ്റുകളും കൊലപാതകരാഷ്ട്രീയത്തിലേക്ക് കടന്നുവന്നതോടെ മതാധിഷ്ഠിതവും വർഗ്ഗീയവുമായൊരു മാനം അത് കൈവരിച്ചു. സങ്കീർണ്ണമായ ഈ രാഷ്ട്രീയ പരിസരത്താണ് രാജ്യത്തെവിടെയും ദലിതർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിക്കുന്ന കേരളത്തിലെ ദലിതർ അഭിമന്യുവിന്റെ കൊലപാതകം നിശ്ശബ്ദമായി നോക്കിനിന്നത്. ചിലരെങ്കിലും കൊലയാളികളെ ന്യായീകരിക്കുകയും ചെയ്തു.
