സർവ്വമതസമ്മേളനത്തിന്റെ സംഗീതം

Society

സർവ്വമതസമ്മേളനത്തിന്റെ സംഗീതം


 

ർവ്വമതസമ്മേളനം നടത്തുന്നതു കൊണ്ട് സമൂഹത്തിനുണ്ടാകുന്ന ഗുണത്തെക്കുറിച്ചാണ് ഇതേവരെ നാം ചിന്തിച്ചിട്ടുള്ളത്. ഇനി മറ്റൊരു ആലോചന കൂടി വേണ്ടതുണ്ടെന്നു തോന്നുന്നു. ഇത്തരം സമ്മേളനങ്ങൾ കൊണ്ട് മതങ്ങൾക്ക് എന്തു പ്രയോജനമാണുള്ളതെന്ന ആലോചന. മതങ്ങളെ സംബന്ധിച്ച സർവതലസ്പർശിയായ ദീർഘവീക്ഷണങ്ങൾ ഉണ്ടായിരുന്ന നാരായണഗുരു ഇങ്ങനെയൊരാലോചന കൂടി ആ സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നു കരുതണം. എല്ലാ മതസാമ്രാജ്യങ്ങളും ചുഴലിക്കാറ്റിലെ തിരമാലകളെന്നപോലെ പരസ്പരം ആക്രമിച്ച് എപ്പോഴെന്നില്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു, എന്നതിനാൽ എല്ലാമതങ്ങളും എല്ലാവർക്കും പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെ ഉണ്ടാക്കണമെന്നത്  സർവ്വമതസമ്മേളനത്തിന്റെ  സ്വാഗതപ്രസംഗത്തിലെ  ബഹുമാന്യമായ ഒരു നിർദ്ദേശമായിരുന്നു.സത്യവ്രതസ്വാമി നടത്തിയ ആ പ്രസംഗം ഗുരുവുമായി സംസാരിച്ചു തയ്യാറാക്കിയ ഒരു സംവാദരേഖയായിരുന്നു. ഇത്, നടപ്പിലാക്കാൻ ഒരു പ്രയാസവുമില്ലാത്ത കാര്യമാണെന്ന് ഗുരുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഇന്നും ശിവഗിരിയും ,ഗുരുവിന്റെ ആദ്ധ്യാത്മികസ്ഥാപനങ്ങളും നിലകൊള്ളുന്നത് സർവ്വമത പ്രാർത്ഥനാലയം എന്ന നിലയിലും സർവ്വമത പാഠശാലകൾ എന്ന നിലയിലുമാണ്. ഈ പ്ലാറ്റ്‌ഫോം ഇല്ലെങ്കിൽ, മതങ്ങൾ ആന്തരികമായി ജീർണ്ണതബാധിച്ച സാമൂഹികസിദ്ധാന്തമായി മാറുകയും വളരുന്നതനുസരിച്ച് പിളരുകയും തമ്മിൽത്തല്ലി ലോകത്തെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഗുരു കാണുകയുണ്ടായി. മതപരിവർത്തന വാദികളും മതവാദികളും മതനിരപേക്ഷവാദികളുമായ ഒരു പറ്റം ശിഷ്യരുടെ മധ്യത്തിലിരുന്നാണ് ഗുരു ഈ ആന്തരികമധ്യസ്ഥതയുടെ കലാവിചാരം നടത്തിയത്.മതത്തെ സംബന്ധിച്ച പല ഘടകങ്ങളുടെയും  ആധുനികസാംസ്കാരികവിദ്യകൾ അതിൽ പ്രവർത്തിച്ചിരുന്നു.


Related Articles