15-6-1923-ല്‍ തോന്നയ്ക്കലില്‍നിന്ന് കുമാരനാശാന്‍ മിതവാദി പത്രാധിപര്‍ക്കയച്ച ദീര്‍ഘമായ ലേഖനമാണ് "മതപരിവര്‍ത്തന രസവാദം.' 10 വര്‍ഷം കഴിഞ്ഞ് 1933-ലാണ് മൂര്‍ക്കോത്ത് കുമാരന്‍ തലശ്ശേരിയില്‍നിന്ന് ഇതു പ്രസിദ്ധീകരിക്കുന്നത്. കൊല്ലത്തെ എസ്.എന്‍.ഡി.പി. യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് കുമാരനാശാന്‍ സമുദായാംഗങ്ങളില്‍ ചിലര്‍ ബുദ്ധമതത്തില്‍ ചേരുന്നതിനെ വിമര്‍ശിച്ചിരുന്നു. ആശാന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് മിതവാദി പത്രം മലയാളത്തിലും ഇംഗ്ലിഷിലും മുഖപ്രസംഗങ്ങള്‍ എഴുതി. ആശാന്‍ അതിന് ദീര്‍ഘമായ മറുപടി അയച്ചു. എന്നാല്‍ അതു പ്രസിദ്ധീകരിക്കാതെ മടക്കി അയയ്ക്കുകയാണു ചെയ്തത്. 1924-ല്‍ പല്ലനയിലെ ബോട്ടപകടത്തില്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്തു.
മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ 1923 മെയ് മാസത്തില്‍ ബുദ്ധമതത്തില്‍ ചേര്‍ന്നിരുന്നു. ജൂണിലാണ് ആശാന്‍ ആ നിലപാടിനെതിരേ ലേഖനമെഴുതി അയയ്ക്കുന്നത്. സ്വാഭാവികമായും മതം മാറിയ പത്രാധിപര്‍ അത് കൊടുക്കുകയില്ല.
പൊതുവേ മതപരിവര്‍ത്തനത്തോടുള്ള ആഭിമുഖ്യവും അതിനനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകളും നടന്നുവന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എസ്.എന്‍.ഡി.പി. നേതാവ് സി.വി. കുഞ്ഞുരാമന്‍ ഈഴവർ ഇസ്‌ലാമിലേക്കു പോകണമെന്ന് വാദിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്ന ടി.കെ. മാധവന്‍ ഈഴവർ ക്രിസ്തുമതത്തില്‍ ചേരണമെന്ന അഭിപ്രായക്കാരനായിരുന്നു. തിരുവിതാംകൂറിലെ പതിന്നാല് ലക്ഷം ക്രിസ്ത്യാനികളും പതിനെട്ട് ലക്ഷം ഈഴവരും ഒന്നിച്ചാല്‍ സവര്‍ണ്ണമേധാവിത്തം ഇല്ലാതാകുമെന്ന് അദ്ദേഹം വാദിച്ചിരുന്നു. പില്ക്കാലത്തെ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ വേരുകള്‍ ഈ വാദത്തില്‍ കാണാം. പബ്ലിക് സ്‌കൂളുകളില്‍ ഈഴവക്കുട്ടികള്‍ക്ക് പ്രവേശനം കിട്ടലായിരുന്നു കുമാരനാശാന്റെ ലക്ഷ്യം. കോഴിക്കോട് ‘‘സാമൂതിരിക്കോളേജില്‍ ഇപ്പോള്‍ തീയ വിദ്യാര്‍ത്ഥികള്‍ കയറിപ്പോകുന്നതു കണ്ണുകൊണ്ട് കാണുന്ന നിങ്ങള്‍ക്ക് അത്ര നൈരാശ്യജനകമായിരിപ്പാന്‍ ഇടയില്ലെന്ന് വിശ്വസിക്കുന്നു.’’ (പേജ് 22).
