ഒറ്റദേശം-ഒറ്റ ദേശീയത എന്ന അലിഖിതലക്ഷ്യവുമായി അധികാരത്തിലേറിയ മോദി ഗവണ്മെന്റിന്റെ എട്ടുവർഷക്കാലയളവിൽ, ഇന്ത്യ എത്തിച്ചേർന്നത് അതിന്റെ എക്കാലത്തെയും വലിയ മാനിഫെസ്റ്റോകളിലൊന്നായ ''നാനാത്വത്തിൽ ഏകത്വം'' എന്ന സങ്കല്പത്തിന്റെ അടിവേരറക്കുന്ന മതദേശീയതയുടെ രൂപപ്പെടലിലേക്കാണ് എന്നത് ഇതിനകം ഊട്ടിയുറപ്പിക്കപ്പെട്ടുകഴിഞ്ഞ ഒന്നാണ്. ഹിന്ദുദേശീയതയുടെ വാദമുഖങ്ങളിൽ ഏറ്റവും പ്രബലമായ രണ്ടു ഘടകങ്ങൾ പാരമ്പര്യവാദവും മതാത്മകമൂല്യങ്ങളുമാണ്. ആധുനിക ജനാധിപത്യ രാഷ്ട്രസംവിധാനങ്ങൾ വിനിയോഗിച്ചുകൊണ്ട് ഇതേ മൂല്യവ്യവസ്ഥ പിന്തുടരുന്നു എന്നിടത്താണ് ഹിന്ദുദേശീയതയും ജനാധിപത്യദേശീയതയും വേർപിരിയുന്നത്. അഥവാ, ഹിന്ദുദേശീയതയെ രാഷ്ട്രീയദേശീയതയായി പുന:സംഘാടനം ചെയ്‌തെടുക്കുന്ന പദ്ധതികൾക്കാണ് സമീപകാല ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. എറിക് ഹോബ്‌സ്ബാം നിരീക്ഷിക്കുന്നതുപോലെ, 'കണ്ടെടുക്കുന്ന പാരമ്പര്യം' എല്ലായ്‌പ്പോഴും ഫാഷിസത്തിന്റെ നിർമ്മാണയുക്തികളിൽ പ്രധാനപങ്കു വഹിക്കുന്നു1. അതിനാൽ ചരിത്രം കെട്ടുകഥയായും കെട്ടുകഥ ചരിത്രമായും രംഗപ്രവേശം ചെയ്യുന്നു. അതിനാൽ 'ത്രേതായുഗത്തിൽ' നിന്ന് 'രാമൻ' പുതിയ ഇന്ത്യക്കായി രംഗപ്രവേശം ചെയ്യുന്നു. അതിനാൽ മുഗൾ ഭരണകാലം ഹൈന്ദവഇന്ത്യയുടെ ബദ്ധശത്രുവായി മാറുന്നു. ഇസ്ലാമിക്ഇന്ത്യൻഹിസ്റ്ററി എന്നത് സമകാലിക ഹിന്ദുരാഷ്ട്രസങ്കല്പത്തിൽ ആന്തരികശത്രുവായി മാറുന്നു. സമകാലിക ഇന്ത്യൻ പ്രധാനമന്ത്രി മുഗൾ ഭരണാധിപന്മാരോട് നിഴൽയുദ്ധം പ്രഖ്യാപിക്കുന്നു. ഇങ്ങനെ നേർക്കുനേർ വിപരീതങ്ങളെ നിർമ്മിച്ചെടുക്കുന്നതിലൂടെ വളരെ സമർത്ഥമായി 'നിർമ്മിച്ചെടുക്കുന്ന ഒരു ബദൽ മാതൃക' അടുത്ത നിമിഷം മുതൽ ചരിത്രപരമായ സാധുത നേടിയെടുക്കുകയും ചെയ്യുന്നു.
റോഡുകളുടെ പേരിടൽ മുതൽ ചരിത്രപാഠപുസ്തകങ്ങളിലെ പേജുകൾ ഒഴിവാക്കുന്നതും കൂട്ടിച്ചേർക്കുന്നതുമായ നിരവധി സന്ദർഭങ്ങളിലൂടെ ഈ പ്രക്രിയ മുന്നേറുന്നത് മറ്റൊരു വശത്ത് കാണാം. ഹൈന്ദവ മതസംസ്‌കാരത്തിന്റെ വീരേതിഹാസങ്ങൾക്ക് മുൻപില്ലാത്ത ദൃശ്യത കൈവരുന്നു. ഹൈന്ദവരാജനീതിക്ക് പുറത്തുള്ള എല്ലാ മത-ജാതി വിഭാഗങ്ങളും അങ്ങനെ പ്രാന്തവത്കരിക്കപ്പെടുകയോ പ്രതിയോഗികളാക്കപ്പെടുകയോ ചെയ്യപ്പെട്ടുകഴിഞ്ഞു. 'നാനാത്വം' എന്ന പ്രതീകമൂല്യത്തിൽ നിന്ന് 'അപരത്വം' എന്ന ആന്തരികശത്രുതയിലേക്ക് ഇന്ത്യയിലെ മുസ്ലീംജനത ഉൾപ്പെടെയുള്ള മതവിഭാഗങ്ങൾ വിഭാഗീകരിക്കപ്പെട്ടു. 2019-ലെ അയോധ്യ വിധിയോടെ വീണ്ടെടുക്കപ്പെടുന്ന രാമൻ ഹൈന്ദവ ദേശീയതയുടെ ഐക്കൺ ആവുക മാത്രമല്ല, മോദി-ഇന്ത്യയുടെ രാഷ്ട്രീയസൂചകമായികൂടി വളരുകയാണ്. പുരാണവും രാഷ്ട്രീയവും എന്ന സങ്കലനത്തിന്റെ കൂടി സൃഷ്ടിയാണ് മോദി-ഇന്ത്യയിലെ സമകാലിക സാംസ്‌കാരിക സന്ദർഭം. അത് വർത്തമാനത്തെയും, പലപ്പോഴും ഭാവിയേയും പൗരാണികസന്ദർഭങ്ങളോട് ചേർത്ത് വായിക്കുകയും പുനർനിർവ്വചിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതും അടുത്തിടെ കോടതി ഉത്തരവിലൂടെ കരഗതമായ രാമക്ഷേത്ര പ്രതിഷ്ഠയും സാക്ഷ്യപ്പെടുത്തുന്നത് സ്മാരകങ്ങൾ ചരിത്രത്തിന്റെ തുടക്കമോ ഒടുക്കമോ അല്ല, മറിച്ച് തർക്കഭൂതകാലത്തിന്റെ അവശേഷിപ്പ് മാത്രമാണെന്നാണ്. ആധുനിക ജനാധിപത്യ രാഷ്ട്രസങ്കല്പത്തിലും, മതേതരം എന്ന് അചഞ്ചലമായി സ്ഥാപിക്കുന്ന ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്ത് വാസ്തുചരിത്രം പുരാണങ്ങളിൽനിന്നോ മിത്തിൽനിന്നോ വേർതിരിക്കാനാവാത്ത ഒന്നായി നിലനിർത്തുന്നത് (നിലനിർത്തേണ്ടത്) ഹോബ്‌സ്ബാം നിരീക്ഷിച്ചതുപോലെ, നിർമ്മിതചരിത്രത്തിന്റെ പ്രണേതാക്കളുടെ ആവശ്യമാണ്. അയോധ്യ വിധിയോടെ അസ്തമിച്ചു എന്നു കരുതിയ മതസ്പർദ്ധയുടെ തീയാണ് സമീപകാലത്ത് ഗ്യാൻവാപി വിവാദത്തോടെ വീണ്ടും കത്താൻ തുടങ്ങുന്നത്. 1991-ലെ 'പ്ലേസസ് ഓഫ് വർഷിപ് (സ്‌പെഷൽ പ്രൊവിഷൻസ്) ആക്റ്റ്' പ്രകാരം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങൾക്കും (അയോധ്യയിലെ തർക്കം തുടരുന്നതിനാൽ അന്ന് അയോധ്യയെ ഒഴിവാക്കിക്കൊണ്ട്) തൽസ്ഥിതിയിൽ തുടരാനും ഇനിയൊരു സംഘർഷത്തിന് ഇടയില്ലാത്തവിധം ആരാധനാസ്വാതന്ത്ര്യം അനുവദിക്കാനും ഉള്ള വിധത്തിലായിരുന്നു. 1947 ആഗസ്റ്റ് 15 മുതൽ എങ്ങനെയാണോ ഉണ്ടായിരുന്നത്, അവ അതുപോലെ സംരക്ഷിക്കപ്പെടും എന്നും പൂർവ്വചരിത്രമോ അതിന്റെ തെറ്റു-ശരികളോ വർത്തമാന കാലത്തോ ഭാവികാലത്തോ ദുരുപയോഗം ചെയ്യാനുള്ള വകയാവരുത് എന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നിഷ്‌കർഷിച്ചത്. എന്നാൽ അയോധ്യവിധി നല്കിയ ആനുകൂല്യത്തിലും പാരമ്പര്യനിർമ്മാണത്തിന്റെ ഹൈന്ദവയുക്തിയിലും പല പള്ളികളും തർക്കമന്ദിരമായി മാറ്റപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഗ്യാൻവാപിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും ആരാധനാസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാണെന്ന് കാണാം.
