മോദിസർക്കാർ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന് പ്രകടനപത്രികയിൽതന്നെ പ്രഖ്യാപിച്ചിരുന്ന പ്രധാന സംഗതികളിൽ ഒന്നാണ് ഏകീകൃത സിവിൽകോഡ്. ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ ഈ പ്രശ്നം സമൂഹത്തിനു മുന്നിലുണ്ട്. വിവാഹനിയമങ്ങൾ, സ്വത്തവകാശം തുടങ്ങി നിർണ്ണായകമായ സാമൂഹ്യമേഖലകളിൽ വ്യത്യസ്ത മതസാമുദായികസമൂഹങ്ങൾ പിന്തുടർന്നുപോന്ന കീഴ്വഴക്കങ്ങൾ അതേപടി തുടരാൻ അനുവദിക്കുന്ന സമീപനമാണ് ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാം എന്ന തന്ത്രമാണ് ബ്രിട്ടീഷ്കാർ സ്വീകരിച്ചതെന്ന വിമർശനം അന്നേ നിലവിലുണ്ട്. അതേസമയം അക്കാലത്ത് സാമുദായികാചാരങ്ങൾ വളരെ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ മതസാമുദായിക വിഭാഗങ്ങളെ പ്രകോപിതരാക്കുന്നത് ഭൂഷണമല്ല എന്നും ബ്രിട്ടീഷുകാർ ചിന്തിച്ചിരുന്നു എന്നും വരാം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏകീകൃത സിവിൽകോഡിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ഉയർന്നുവന്നിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അതിന് അനുകൂല നിലപാടുള്ള ആളുമായിരുന്നു. ഏകീകൃത സിവിൽകോഡിനുവേണ്ടിയുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. പക്ഷേ, ന്യൂനപക്ഷ സമുദായങ്ങളുടെ ഭാഗത്തുനിന്നും കോൺഗ്രസ്സിനുള്ളിൽതന്നെ ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നപ്പോൾ നെഹ്റു ആ സംരംഭത്തിൽനിന്നും പിൻവാങ്ങുകയായിരുന്നു. ഏകീകൃത സിവിൽകോഡ് ആവശ്യമായിരിക്കുമ്പോൾതന്നെ, സാമൂഹ്യ സാംസ്കാരികമേഖലകളിൽ ശക്തമായ എതിർപ്പിനു വഴിവെച്ചുകൊണ്ട് നിയമങ്ങൾ അടിച്ചേല്പിക്കുന്നതു ശരിയല്ലെന്നും വിവിധസമുദായങ്ങൾ സ്വയം സജ്ജരാകുന്ന സമയത്താണ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കേണ്ടതെന്നും നെഹ്റു തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് വിശദീകരിക്കുകയും ചെയ്തു. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്നത് ഭരണഘടനയുടെ നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അങ്ങേയറ്റം വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ നിലനിന്നിരുന്ന ഹിന്ദുസമൂഹത്തിന് ഒരു ഏകീകൃത നിയമമുണ്ടാക്കാനുള്ള ശ്രമങ്ങൾ നെഹ്റുവിന്റെ കാലത്തുതന്നെ മുന്നോട്ടുപോവുകയും ഹിന്ദുകോഡ് ബിൽ പാർലമെന്റ് പാസ്സാക്കുകയും ചെയ്തു. യാഥാസ്ഥിതിക ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് എതിർപ്പുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതു ശക്തമായില്ല. ഹിന്ദുകോഡ് ബില്ല് പാസ്സായ സാഹചര്യത്തിൽ ഏകീകൃത സിവിൽകോഡിനുവേണ്ടിയുള്ള ആവശ്യം ഹിന്ദുസംഘടനകളുടെ ഭാഗത്തുനിന്ന് ശക്തിപ്പെടുകയും ചെയ്തു. ആർ.എസ്.എസ്. ബി.ജെ.പി. തുടങ്ങിയ സംഘടനകളോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികളും സ്ത്രീസംഘടനകളും ഏകീകൃത സിവിൽകോഡിനുവേണ്ടി ശക്തമായി വാദിക്കാൻതുടങ്ങി.
