നമ്മൾ ഓരോരുത്തരിലും ഒരു പൊലീസും ഒരു ക്രിമിനലും ഉണ്ട്. സാഹചര്യങ്ങൾ പ്രേരകവും പോഷിപ്പിക്കുന്നതും ശ്രദ്ധിക്കുന്നതും ആണെങ്കിൽ പൊലീസ് ആധിപത്യം നേടും, അല്ലെങ്കിൽ ക്രിമിനൽ ആവിർഭവിക്കും. (പി. വിജയൻ I.P.S.)
സാമൂഹിക സുരക്ഷാ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഒരു പുതിയ പദ്ധതിയുണ്ട്. ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) എന്നാണ് പദ്ധതിയുടെ പേര്. കുട്ടികളിലെ ക്രിമിനൽ സ്വഭാവത്തെ കൃത്യമായി തിരിച്ചറിഞ്ഞ് മുളയിലേ നുള്ളിക്കളഞ്ഞ് അവരെ നല്ല പൗരന്മാരായി വളർത്തിയെടുക്കാനാണ് ആ പദ്ധതി ഉദ്ദേശിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ആശയവും പ്രയോഗരീതിയും വിശദീകരിക്കുന്ന കൈപ്പുസ്തകം ആരംഭിക്കുന്നത് പി. വിജയന്റെ മുകളിൽ പറഞ്ഞ വാചകത്തോടെയാണ്. ആ പദ്ധതിയെ ആത്യന്തികമായി നിർവ്വചിക്കുന്ന വാചകമാണ് അത് എന്ന് കാണാം. പക്ഷേ, ആ വാചകംതന്നെ ഉയർത്തുന്ന ഒരു പ്രതിസന്ധിയും സംശയവും ഉണ്ട്. ആ സംശയം ആണ് ഇങ്ങനെ ഒരു ലേഖനത്തിന് പ്രചോദനമാകുന്നത്.
മനുഷ്യർ ആകെ രണ്ടു തരത്തിൽ മാത്രമേ ഉള്ളൂ എന്ന് വാദത്തിനായി സമ്മതിക്കാം. അത് പൊലീസും ക്രിമിനലും മാത്രം എന്നും വേണമെങ്കിൽ സമ്മതിക്കാം. നല്ല പരിപാലനം കിട്ടുന്നവർ പൊലീസുകാരാകുന്നു എന്നും മോശം പരിപാലനം കിട്ടുന്നവർ ക്രിമിനലുകൾ ആകുന്നു എന്നും സമ്മതിക്കാം. അതെല്ലാം സമ്മതിച്ചാലും പക്ഷേ, പൊലീസുകാരിലെ ക്രിമിനലുകൾ എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ ഉത്തരം നമുക്ക് കിട്ടുകയില്ല. നിലവിലുള്ള പൊലീസ്‌സേനയിലെ ക്രിമിനലുകളെ എന്ത് ചെയ്യും എന്നതിന്റെ ഉത്തരം നമുക്ക് കിട്ടുകയില്ല. പൊലീസുകാരെ നിർമ്മിക്കുന്ന വ്യവസ്ഥയെത്തന്നെ ഗ്രസിച്ചിരിക്കുന്ന ക്രിമിനൽ മനോഭാവത്തെ എങ്ങനെ ഒഴിവാക്കും എന്നതിന്റെ ഉത്തരം നമുക്ക് കിട്ടുകയില്ല. നാട് മുഴുവൻ നിറഞ്ഞുനിൽക്കുന്ന അഴിമതിയും ക്രിമിനൽ മനോഭാവവുംകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു വ്യവസ്ഥതന്നെയാണ് നമ്മെ ഭരിക്കുന്നത്. നിരന്തരം പൊതുമുതൽ കട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ബ്യൂറോക്രാറ്റിക് സംവിധാനത്തിൽപെട്ടതാണ് പൊലീസും. എല്ലാരെയും പൊലീസാക്കിയാൽ പിന്നെ നാട്ടിൽ കള്ളന്മാരുണ്ടാകില്ല എന്ന പൊലീസ്ബുദ്ധി അതുകൊണ്ടു തന്നെ ഒരു വലിയ മണ്ടത്തരമാണ് എന്ന് ആ വാചകങ്ങൾ കാണുന്ന മാത്രയിൽത്തന്നെ ഒരു സാധാരണക്കാരന് തിരിച്ചറിയാവുന്നതേയുള്ളൂ. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽമാത്രം ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കപ്പെടുന്നത്? ഈ പദ്ധതിയുടെ നടപ്പിലാക്കലിലൂടെ ഭാവിയിലെ ക്രിമിനലുകളെല്ലാം നല്ല മനുഷ്യരോ പൊലീസുകാരോ ആയി മാറുമോ? അടിസ്ഥാനപരമായി ഈ പദ്ധതിയിലൂടെ കുട്ടികൾ കടന്നുപോയാൽ ഏത് തരത്തിലാണ് അത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുക? നമ്മുടെ കുട്ടികൾക്കായുള്ള നിയമവ്യവസ്ഥ വളരെ സൂക്ഷ്മമായ പരിഷ്‌കാരങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ജുവനൈൽ ജസ്റ്റിസ് നിയമം വളരെ ആധുനികമായ കാഴ്ച്ചപ്പാടുകളോടു കൂടി നമ്മുടെ സമൂഹത്തിലെ പൊതുബോധത്തിലേക്ക് കടന്നുകയറാൻ വഴികൾ തേടുന്ന കാലം. ആ നിയമങ്ങൾക്കു മുന്നിൽ ഇത്തരം പദ്ധതികൾക്കുള്ള പ്രസക്തി എന്താണ്?
