കുഞ്ഞാമനും ദലിത് സമൂഹവും

Society

കുഞ്ഞാമനും ദലിത് സമൂഹവും


ഡോ. എം. കുഞ്ഞാമൻ ആരായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും എഴുത്തുകളിൽനിന്നും ജീവിതത്തിൽനിന്നും ആർക്കും മനസ്സിലാക്കാമെന്നിരിക്കെ ചിലർ തങ്ങളുടെ ഭാവനയ്ക്കും താത്പര്യങ്ങൾക്കുമനുസരിച്ച് അദ്ദേഹത്തെ വ്യാഖ്യാനിക്കുകയും ദലിത് പ്രവർത്തനമണ്ഡലത്തിന് മുകളിൽ പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുകയുമാണ്. പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാതിരുന്ന സി.കെ. ജാനുവിനെ ആദിവാസികൾക്കും ദലിതർക്കും മുകളിൽ ഒരു ബിംബമായി പ്രതിഷ്ഠിക്കുവാൻ ശ്രമിച്ചതുപോലെ. കേരളത്തിലെ സിവിൽ സൊസൈറ്റി ദലിത് രാഷ്ട്രീയത്തിനെതിരേ നടത്തുന്ന ഒളിയുദ്ധമാണിത്.

മരണത്തിനു പിന്നാലെ 2023 ഡിസംബർ 17-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മാദ്ധ്യമപ്രവർത്തകനായ കെ. എ. ജോണി 'കരുണയും ധിക്കാരവും' എന്ന പേരിൽ കുഞ്ഞാമനെക്കുറിച്ചെഴുതിയ ലേഖനത്തിൽ അദ്ദേഹത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: "1980 കളിൽ ഉയർന്നുവന്ന നവദലിത് രാഷ്ട്രീയത്തിന് കേരളത്തിൽ ശക്തമായൊരു ബൗദ്ധികാടിത്തറ തീർക്കുന്നതിൽ കുഞ്ഞാമൻ വഹിച്ച പങ്ക് നിസ്തുലവും നിർണ്ണായകവുമാണ്. കാസ്റ്റ് ഹയറാർക്കിയെ തകർക്കുന്ന ഈ രാഷ്ട്രീയമാണ് കഴിഞ്ഞ പതിറ്റാണ്ടുകളിൽ മുന്നോട്ടുനടക്കാൻ മലയാളികൾക്ക് തുണയായ സുപ്രധാനമായൊരു ഘടകം.' ശ്രദ്ധേയമായൊരു കാര്യം ഈ വിലയിരുത്തലുമായി ബന്ധപ്പെട്ട് യാതൊരു വസ്തുതയും ചൂണ്ടിക്കാട്ടപ്പെട്ടില്ല എന്നതാണ്. സമാനമായി സോഷ്യൽ മീഡിയായിൽ ദലിത് പ്രവർത്തനമണ്ഡലത്തിൽനിന്ന് സണ്ണി എം. കപിക്കാട് എഴുതിയത് 'കേരളത്തിലെ ദലിത് ബുദ്ധിജീവികൾ പറഞ്ഞു പരത്തിയത് കുഞ്ഞാമൻ ദാരിദ്ര്യത്തെ ആഘോഷിച്ച ആളാണെന്നും അവർക്കൊന്നും കുഞ്ഞാമന്റെ അടുത്തിരിക്കാൻപോലും യോഗ്യതയില്ലെന്നും കുഞ്ഞാമൻ അപമാനമാണെന്നു പറഞ്ഞ ദലിത് ബുദ്ധിജീവികൾ പണ്ട് നക്‌സലൈറ്റുകളായി നടന്നവരാണെ'ന്നുമാണ്.  ഈ ബുദ്ധിജീവികളുടെ പേര് വെളിപ്പെടുത്താൻ സോഷ്യൽ മീഡിയയിൽതന്നെ ദലിത് പ്രവർത്തകനായ സി.എസ്. മുരളി ആവശ്യപ്പെട്ടുവെങ്കിലും സണ്ണി അതിന് തയ്യാറായില്ല.


Related Articles