വിവേകാനന്ദന്റെ മനുഷ്യസങ്കൽപ്പം

Society

വിവേകാനന്ദന്റെ മനുഷ്യസങ്കൽപ്പം


1896-ൽ അമേരിക്കയിലെ ഹാർവേർഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദവിദ്യാർത്ഥികളുടെ തത്ത്വചിന്താസമാജത്തിൽ വേദാന്തദർശനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാ ഹിന്ദുക്കളും ജാതിയിൽ വിശ്വസിക്കുന്നവരാണോയെന്ന ചോദ്യത്തിന് വിശ്വസിക്കാനവർ നിർബന്ധിതരാണെന്നും, വിശ്വസിക്കുന്നില്ലെങ്കിൽതന്നെ അവർ അനുസരിച്ചേ പറ്റൂ എന്നുമാണ് വിവേകാനന്ദൻ മറുപടി പറഞ്ഞത്. എന്നാൽ ജനങ്ങൾക്കിടയിലെ ആദ്ധ്യാത്മിക സ്വാതന്ത്ര്യവും ജാതിവിശ്വാസവും തമ്മിൽ പൊരുത്തമുണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായുമില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ജാതിക്കുള്ളിലുള്ളവർപോലും അത് അന്യൂനമായ ഒരു സ്ഥാപനമായി കാണുന്നില്ലെന്ന് പറഞ്ഞ വിവേകാനന്ദൻ നിങ്ങൾ ഇതിലും നല്ലതായി ഒന്ന് കണ്ടുപിടിച്ചുതരുമ്പോൾ ‘തങ്ങൾ അതുപേക്ഷിക്കു'മെന്ന് അവർ പറയുന്നതായി ചൂണ്ടിക്കാട്ടി. എന്നാൽ ജാതിയില്ലാത്തൊരിടം എവിടെയുണ്ടെന്നും ജാതിയുണ്ടാക്കുവാൻ നിങ്ങൾ പാശ്ചാത്യർ ഏതു നേരവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അതേസമയം സ്ഥിരമായി ജാതിയുണ്ടാക്കുന്നതിൽ തങ്ങൾ മാത്രമാണ് വിജയിച്ചതെന്നും വിവേകാനന്ദൻ പറയുമ്പോൾ അദ്ദേഹം മനസ്സ് തുറക്കുകയാണ്. ഇന്ത്യാക്കാർക്ക് ഒരുപിടി ചോറ് കിട്ടുന്നത് ജാതിമൂലമാണെന്നും ജാതിയുണ്ടായിരുന്നില്ലെങ്കിൽ പാശ്ചാത്യർക്ക് പഠിക്കുവാൻ സംസ്‌കൃതപുസ്തകങ്ങൾ ഉണ്ടാവുകയില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചില ന്യൂനതകൾ ഉണ്ടെങ്കിൽതന്നെ ജാതിവ്യവസ്ഥയെ പ്രായോഗികമായി വിവേകാനന്ദൻ ന്യായീകരിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തു.

ജാതി ഒരു സമുദായാചാരമാണെന്നും ഒരാൾക്ക് തന്റെ ജാതിയിൽനിന്ന് ഉയരാൻ കഴിയാത്തതുകൊണ്ട് മറ്റു രാജ്യങ്ങളിലെ ജനങ്ങളെപ്പോലെ പരസ്പരം വിരോധികളാക്കുന്ന സാമുദായികമോ വ്യക്തിപരമോ ആയ മേന്മയ്ക്കായുള്ള കലഹങ്ങളൊന്നും ഹിന്ദുക്കൾക്കിടയിലില്ലെന്നും വിവേകാനന്ദൻ മേനി നടിക്കുന്നുണ്ട്. പുരാണങ്ങളോ ഇതിഹാസങ്ങളോ ഭഗവദ്ഗീതപോലുള്ള പ്രാമാണിക ഹൈന്ദവകൃതികളോ വായിച്ചിട്ടുള്ള ഒരു കൊച്ചുകുട്ടിക്കുപോലും വിശ്വസിക്കാനാവാത്ത കള്ളക്കഥയാണിത്. ആണായാലും പെണ്ണായാലും ഏത് ഹൈന്ദവദൈവത്തിന്റെ കൈയിലാണ് രക്തക്കറ പുരണ്ട ആയുധങ്ങളില്ലാത്തത്. ധർമ്മപുനഃസ്ഥാപനത്തിനായി അവർ നടത്തിയ യുദ്ധങ്ങളത്രയും തങ്ങളുടെ സാമുദായിക മേന്മയോടൊപ്പം വർണ്ണ-ജാതി സമ്പ്രദായം നിലനിർത്തുന്നതിനായി നടത്തിയ ശ്രമങ്ങളായിരുന്നു. മറ്റെല്ലാ ജനസമൂഹങ്ങളിലും കലഹങ്ങളും യുദ്ധങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയെപ്പോലെ ഇത്രമാത്രം വിവേചനങ്ങളും ഉച്ചനീചത്വങ്ങളും നിലനിർത്തുന്ന ഒരു സമൂഹവും ലോകത്ത് ഉണ്ടായിട്ടില്ല. എന്നാൽ വിവേകാനന്ദന് അത് അംഗീകരിക്കാനാവുന്നില്ല. അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും മുദ്ര വർണ്ണ-ജാതിവ്യവസ്ഥയ്ക്കുമേൽ ചാർത്താനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

അയിത്തമായിരുന്നു ജാതിയുടെ മുഖ്യദൂഷ്യമായി വിവേകാനന്ദൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ജാതികൾ മനുഷ്യർക്കിടയിൽ സൃഷ്ടിക്കുന്ന വിദ്വേഷവും വെറുപ്പും ശത്രുതയും ഹിംസാത്മകതയുമൊന്നും അദ്ദേഹം കണക്കിലെടുക്കുന്നില്ല. മനുഷ്യനെ ഒരു ഗണമായി കാണുവാൻപോലും കഴിയാത്തത്ര പ്രാകൃതമായിരുന്നു ഈ ഹൈന്ദവചിന്ത. വിവേകാനന്ദൻപോലും രക്തശുദ്ധിയുള്ള ബ്രാഹ്മണരെത്തേടി ഹിമാലയ സാനുക്കളിൽ സഞ്ചരിക്കുന്നുണ്ട്. മുസ്‌ലിങ്ങളുടെയും ക്രൈസ്തവരുടെയും കറപുരളാത്ത ബ്രാഹ്മണരെ അദ്ദേഹം കണ്ടെത്തുന്നുണ്ട്. ജാതി, മാത്സര്യത്തെ തടയുന്നുവെന്നതായിരുന്നു വിവേകാനന്ദന്റെ മറ്റൊരു നിരീക്ഷണം. മാത്സര്യം തടയപ്പെട്ടത് ഇന്ത്യയുടെ രാഷ്ട്രീയ അധഃപതനത്തിനും വിദേശാക്രമണത്തിനും അടിമത്തത്തിനും കാരണമായി എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്സര്യം തടയുകയെന്നാൽ വ്യക്തിവികാസം തടയപ്പെടുകയെന്നാണ് അർത്ഥം. തുറന്നതും ആരോഗ്യകരമായ മത്സരം നടത്തുന്നതുമായ സമൂഹങ്ങളിൽ മാത്രമേ വ്യക്തിവികാസം സാധ്യമാവുകയുള്ളൂ. ജനാധിപത്യപരമായൊരു സമൂഹത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനമാണിത്. ജാതിവ്യവസ്ഥ ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമായ ഒരു സ്ഥാപനമായിരുന്നുവെന്നാണ് വിവേകാനന്ദൻ ഇതിലൂടെ വെളിപ്പെടുത്തുന്നത്. അതിന്റെ മനുഷ്യത്വവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഈ വ്യവസ്ഥയെ ചരിത്രത്തിലുടനീളം നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണരാണ്. എന്നാൽ ഈ ബ്രാഹ്മണരെ വിവേകാനന്ദൻ വിശേഷിപ്പിക്കുന്നത് ‘മനുഷ്യനന്മയുടെ ഭണ്ഡാര’മെന്നാണ്. അവർക്കെതിരേയുള്ള വിവേകാനന്ദന്റെ വിമർശനം ഈ ഭണ്ഡാരം വിതരണം ചെയ്യുകയെന്ന കർത്തവ്യം നിർവ്വഹിച്ചില്ലായെന്നതാണ്. അതുകൊണ്ടാണ് മുസ്‌ലിങ്ങൾ ഇന്ത്യയെ കീഴടക്കിയതെന്നും ബ്രിട്ടീഷുകാർ അടിമപ്പെടുത്തിയതെന്നും അദ്ദേഹം കരുതുന്നു. അങ്ങനെ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും സ്വന്തം സ്വാതന്ത്ര്യം അടിയറവയ്ക്കുകയും ചെയ്ത ബ്രാഹ്മണർക്ക് അദ്ദേഹം ചാർത്തിക്കൊടുത്ത മഹത്ത്വം ‘മാനവരാശിയുടെ ആദർശം’ എന്നാണ്. എത്ര വിചിത്രമായൊരു സാമൂഹ്യസമീപനരീതിയാണിത്. ചിലപ്പോഴെല്ലാം അദ്ദേഹം സത്യത്തോട് അടുത്തു. എന്നാൽ അതിനെക്കാൾ എത്രയോ വേഗത്തിലാണദ്ദേഹം സ്വന്തം നിക്ഷിപ്ത താൽപര്യത്തിലേക്കു പിന്മാറിയത്.


Related Articles