മക്കളെ കൊന്ന് മാനംകാക്കുന്നവർ

Society

മക്കളെ കൊന്ന് മാനംകാക്കുന്നവർ


കഴിഞ്ഞ ദിവസം (29/06/2025) വിടവാങ്ങിയ സാമൂഹിക ചിന്തകനും ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ എ സലിം 2010 ല്‍ എഴുതിയ ലേഖനം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നെഗ്രിറ്റ്യൂഡ് എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ ലേഖനം ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഡിസി ഇങ്ക് ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

ന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നു പറയുമ്പോൾ ഒരു യാഥാർത്ഥ്യത്തിന്റെ വെളിപ്പെടുത്തൽ മാത്രമല്ല, ഗ്രാമങ്ങൾ മഹത്ത്വവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അർദ്ധനഗ്നമായ ഈ ഗ്രാമങ്ങളുടെ ദൈന്യതയും വികാരവിചാരങ്ങളും നൈതികശൂന്യതയും പാരസ്പര്യമില്ലായ്മയും വർണജാതിവ്യവസ്ഥയുടെയും പിതൃപാരമ്പര്യത്തിന്റെയും വിഷം വമിക്കുന്ന സാമൂഹ്യനിർമ്മിതിയുമൊന്നും സ്വാതന്ത്ര്യാനന്തരകാലത്തുപോലും വേണ്ടത്ര ഗൗരവമായി പരിഗണിക്കപ്പെട്ടില്ല. ഗാന്ധിജിയെപ്പോലുള്ള മഹാത്മാക്കളും രാഷ്ട്രശില്പികളും അതിനു വിമുഖത കാട്ടി. സാമ്പത്തിക-രാഷ്ട്രീയ മുന്നേറ്റത്തിൽ മാത്രമായിരുന്നു ഊന്നൽ.

പാരമ്പര്യാധിഷ്ഠിതമായ പുരുഷാധിപത്യത്തിലും ജാതിസമ്പ്രദായത്തിന്റെ അന്യാദൃശമായ കിരാതത്വത്തിലുമായിരുന്നു ഇന്ത്യ നിലനിന്നു പോന്നത്. പിതൃപാരമ്പര്യവും പുരുഷാധിപത്യവും സാർവ്വലൗകിക പ്രതിഭാസങ്ങളാകുമ്പോൾ ജാതികളും ജാത്യാധിപത്യവും ഇന്ത്യൻ ഉപഭൂഖണ്ഡം ലോകസംസ്‌കൃതിക്കു നല്‍കിയ സംഭാവനയായി. ജാതി ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും ലോകം അതേക്കുറിച്ചു ചർച്ചചെയ്യേണ്ടതില്ലെന്നും കരുതുന്നവരാണ് ഇന്ത്യൻ ഭരണാധികാരികൾ. ജാതികളെക്കുറിച്ചു ചർച്ച ചെയ്താലുണ്ടാകുന്ന ജാള്യത ലോകത്തിന്റെ മുന്നിൽ മറച്ചുവെക്കുവാനുള്ള ശ്രമം മാത്രമല്ല, ഈ ആഭ്യന്തര ജീർണതകളെ ഉള്ളിലൊതുക്കി നിലനില്ക്കുവാനുള്ള അഭിവാഞ്ഛ കൈയൊഴിയുവാനും ഇന്നും ഇന്ത്യാക്കാർ തയ്യാറല്ല. വേദപ്രമാണങ്ങൾ ഉരുവിടുന്ന ശൂദ്രന്റെ നാവറുക്കുന്നൊരു പാരമ്പര്യം ആര്യാവർത്തത്തിനുണ്ട്. പ്രണയപാരവശ്യംപൂണ്ട ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞത് ഇവിടെയാണ്. വിധവയായ സ്ത്രീ പാതിവ്രത്യത്തിന്റെയും പവിത്രതയുടെയുംപേരിൽ ഇണയുടെ ചിതയിലേക്കു വലിച്ചെറിയപ്പെട്ടതും ഇവിടെത്തന്നെയാണ്. മൺമറഞ്ഞ ഈ പ്രാകൃതമൂല്യസങ്കല്പങ്ങൾക്കിടയിൽ നിന്നാണ് ആധുനിക ഇന്ത്യയിൽ മക്കളെക്കൊന്നു മാനംകാക്കുന്ന ഖാപ്പ് പഞ്ചായത്തുകളെപ്പറ്റി നാം കേൾക്കുന്നത്.


Related Articles