ജാതികൊണ്ടുള്ള അധികാരനിർമ്മാണം

Society

ജാതികൊണ്ടുള്ള അധികാരനിർമ്മാണം


ഇത് പരാജിതരുടെ പുനർവിചാരത്തിന്റെ കാലം. തുടക്കം ബി.എസ്.പി.യിൽ നിന്നായിരുന്നു. ഇത്ര വലിയൊരു പരാജയം തനിക്ക് സമ്മാനിച്ച പാർട്ടിയുടെ സംസ്ഥാന, ജില്ല, പ്രാദേശികഘടകങ്ങളെ പിരിച്ചുവിട്ടുകൊണ്ടാണ് ബി.എസ്.പി. അദ്ധ്യക്ഷ മായാവതി 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പുപരാജയത്തെ സംഘടനാപരമായി നേരിട്ടത്.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധിയും രാജിസന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും പകരംവെക്കാനാളില്ലാത്ത കോൺഗ്രസ്സിന് അതംഗീകരിക്കാനായില്ല. രാജിസന്നദ്ധത അറിയിച്ച അസം മുഖ്യമന്ത്രി തരുൺ ഗെഗോയ്‌യെ തൽസ്ഥാനത്ത് തുടരാൻ തീരുമാനിച്ച എ.ഐ.സി.സി. നേതൃത്വം ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തി പരാജയത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനം തന്റെ വിശ്വസ്തനും ദലിതനുമായ ജിതിൻരാം മഞ്ജിയെ ഏല്പിച്ചാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ ജെ.ഡി.യു.വിന്റെ ഭാവി സുരക്ഷിതമാക്കുവാൻ നോക്കിയത്. ഏതാനും നാളത്തെ ദൽഹിഭരണം വലിച്ചെറിഞ്ഞ് രാഷ്ട്രഭരണം ഏറ്റെടുക്കുവാൻ പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടിയ എ.എ.പി. ആന്തരികസംഘർഷങ്ങളുടെ ചുഴിയിൽ സ്വയം പിരിഞ്ഞുപോക്കു തുടങ്ങിയപ്പോൾ അടിമുടി പാർട്ടി പുനഃസംഘടന പ്രഖ്യാപിച്ചു. സി.പി.എം, ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജനങ്ങളിൽനിന്ന് അകന്നിരിക്കുന്നുവെന്നും വിലയിരുത്തുകയും, രാഷ്ട്രീയസമീപനവും സംഘടനാപ്രവർത്തനരീതിയും പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിനു പിന്നാലെ ഹിന്ദുദേശീയവാദമുയർത്തി മുന്നോട്ടുവന്ന മത-രാഷ്ട്രീയ ശക്തികൾ രാഷ്ട്രത്തിന്റെ നിയന്ത്രണാധികാരം ഏറ്റെടുത്തപ്പോൾ, വർഗ്ഗരാഷ്ട്രീയം ഉയർത്തിപ്പിടിച്ചു മുന്നോട്ടുവന്ന കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളും, ജാതിരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടുവന്ന കീഴാളപ്രസ്ഥാനങ്ങളും, സാധാരണക്കാരുടെ രാഷ്ട്രീയമുഖമായി പ്രത്യക്ഷപ്പെട്ട എ.എ.പി.യുമെല്ലാം എന്തുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർശ്വവത്കരിക്കപ്പെട്ടുവെന്ന പ്രശ്‌നമാണ് ഇവിടെ പരിശോധിക്കുവാൻ ശ്രമിക്കുന്നത്.


Related Articles