അരവിന്ദ് കെജ്‌രിവാൾ 2013 ഡിസംബർ 28-ന് ദൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്തമായൊരനുഭവമായി അത് മാറി. സാമൂഹികമായ സങ്കീർണതകൾക്കും വൈജാത്യങ്ങൾക്കുമിടയിൽ ഭാഷയും ദേശവും വംശവും വർഗവും ജാതിയും മതവുമെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ ചലനാത്മകമാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അഴിമതിക്കെതിരെ നടന്നൊരു സമരമുഖത്ത് ഒരു രാഷ്ട്രീയപാർട്ടി രൂപംകൊള്ളുന്നതും അത് അധികാരത്തിലെത്തുന്നതും ആദ്യമാണ്.
രണ്ടാം യു.പി.എ. ഭരണകാലത്ത് ദൽഹിയെ ദേശീയവും അന്തർദേശീയവുമായ ശ്രദ്ധയിലേക്കു കൊണ്ടുവന്ന രണ്ടു സംഭവങ്ങളായിരുന്നു 2011 മദ്ധ്യത്തിൽ ജനലോക്പാലിനുവേണ്ടി രാംലീലമൈതാനിയിൽ അണ്ണാഹസാരെ നടത്തിയ നിരാഹാരസത്യാഗ്രഹവും, 2012 അവസാനം നഗരത്തെ നടുക്കിയ കൂട്ടബലാംത്സംഗത്തിനെതിരെ ഉയർന്നുവന്ന ജനകീയ ചെറുത്തുനില്പും. രണ്ടും ആധുനിക ഇന്ത്യ നേരിടുന്ന ധാർമ്മികാപചയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളായിരുന്നു. ഈ പോരാട്ടങ്ങളിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടങ്ങൾക്കു പിന്നിൽ വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾ കണ്ടെത്തിയത് അരാഷ്ട്രീയമായിരുന്നു. സാധാരണ സംഭവങ്ങളായി ഇതിനെ കാണുവാനാണ് അവർ ഇഷ്ടപ്പെട്ടത്. അതിനപ്പുറത്തേക്കു കടക്കുവാൻ തയ്യാറായില്ല.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമനിർമ്മാണസഭകളും ഉദ്യോഗസ്ഥസംവിധാനവും ജുഡീഷ്യറിയും അതിനെയെല്ലാം നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും മാത്രമല്ല ഫോർത്ത് എസ്റ്റേറ്റും അഴിമതിഗ്രസ്ഥമാകുവാൻ തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു. പരസ്പരം ആരോപണപ്രത്യാരോപണങ്ങൾ നടത്തി അഴിമതിയെ അവർ ആഘോഷിക്കുന്നു. തന്റെ മൗനംകൊണ്ടും നിസംഗതകൊണ്ടും പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അതിന് കാവൽ നില്ക്കുമ്പോഴാണ് അണ്ണാഹസാരെ അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് സഹപ്രവർത്തകരുമായി ദൽഹിയിലെത്തിയത്. അതൊരാൾകൂട്ടമായി മാറിയപ്പോൾ, ഇത്തരം ആൾക്കൂട്ടങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ല നിയമങ്ങൾ ഉണ്ടാകേണ്ടതെന്നും, വേണമെങ്കിൽ ഇത്തരക്കാർക്ക് നിയമനിർമ്മാണസഭകളിലേക്ക് കടന്നുവന്ന് തങ്ങളുടെ താൽപര്യങ്ങൾ നിർവഹിക്കാമെന്നുള്ള വെല്ലുവിളി ഉയർന്നപ്പോഴാണ് ദൽഹിയിലെ ജനങ്ങളിൽ കുറെപ്പേർ ആം ആദ്മി പാർട്ടിയിലൂടെ ആ വെല്ലുവിളി ഏറ്റെടുത്തത്. അഴിമതിക്കെതിരെ മാത്രമല്ല, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും ധാർഷ്ട്യത്തിനും പക്ഷപാതിത്വത്തിനും താൻപോരിമയ്ക്കും കാര്യക്ഷമതയില്ലായ്മക്കും ആഡംബരത്തിനും ധൂർത്തിനുമെല്ലാമെതിരായാണ് ആം ആദ്മി പാർട്ടി രംഗത്തുവന്നത്.
