എന്തിനുവേണ്ടി മനുസ്മൃതി കത്തിച്ചു?

Society

എന്തിനുവേണ്ടി മനുസ്മൃതി കത്തിച്ചു?


ഡോ. അംബേദ്കർ മനുസ്മൃതി കത്തിച്ച വിവരം 1989-ൽ വൈക്കത്തുവച്ച് മനുസ്മൃതി കത്തിച്ച സലിംകുമാറും സഹപ്രവർത്തകരും അറിഞ്ഞിരുന്നില്ലേയെന്ന പ്രൊഫ. രാജു തോമസിന്റെ ചോദ്യവും (ദളിതർക്കെന്തുപറ്റി? പച്ചക്കുതിര 2013 ഒക്‌ടോബർ) മനുസ്മൃതി ചുട്ടെരിച്ചതുകൊണ്ടോ പുത്രകാമേഷ്ടിയാഗം മുടക്കിയതുകൊണ്ടോ കേരളത്തിൽ ഒരു ദളിത് ഐക്യനിര കെട്ടിപ്പടുക്കാമെന്ന വ്യാമോഹം ആരെങ്കിലും വെച്ചുപുലർത്തുന്നുവെങ്കിൽ അവൻ മൂഢസ്വർഗ്ഗത്തിലാണെന്ന കുന്നുകുഴി എസ്. മണിയുടെ പരാമർശവും (ദളിതരെ ദളിതർ എഴുതി കൊല്ലുന്നു. പച്ചക്കുതിര 2013 സെപ്റ്റംബർ) സലിംകുമാറിന്റെ ദലിത് അജണ്ടയുടെ പ്രാരംഭമായ മനുസ്മൃതി കത്തിക്കലിന് രണ്ടുവശമുണ്ടെന്ന് ചൂണ്ടിക്കാട്ടി 1924-ൽ ഡോ. അംബേദ്കർ മനുസ്മൃതി ചുട്ടെരിച്ചെന്നും, അതിന്റെ ചാരമാണ് അധഃസ്ഥിതനവോത്ഥാനമുന്നണി അറിഞ്ഞോ അറിയാതെയോ കത്തിച്ചതെന്നും അധഃസ്ഥിത നവോത്ഥാനമുന്നണിയിലെ ദളിതരോടൊപ്പം സി.പി.ഐ. (എം.എൽ.) നേതാക്കളും പ്രവർത്തകരുമായ കെ. വേണു, എ.എക്‌സ്. വർഗ്ഗീസ്, ജോൺ ജോസഫ് തുടങ്ങി നിരവധി പേരെ സലിംകുമാർ മൂടിവെക്കുകയായിരുന്നുവെന്നുള്ള കെ.കെ. കൊച്ചിന്റെ പ്രസ്താവവും (സ്വയം റദ്ദാക്കിയ ചരിത്രം പച്ചക്കുതിര 2013 സെപ്റ്റംബർ) ഇവയെക്കെല്ലാം മുന്നോടിയായി മനുസ്മൃതി കത്തിക്കുന്ന വേദിയിൽ പ്രത്യേകക്ഷണിതാവായെത്തിയ താൻ 'വേണ്ടകാലത്ത്, വേണ്ടതുപോലെ ഡോ. അംബേദ്കർ പരസ്യമായി ചുട്ടെരിച്ച മനുസ്മൃതിയുടെ ചാരം വീണ്ടും കത്തിക്കുന്നത് അപഹാസ്യമാണെന്ന് പറയേണ്ടി വന്നു'വെന്ന അഡ്വ. കെ.വി. കുമാരന്റെ അഭിപ്രായവുമാണ് (ദളിതുകൾ പടക്കുതിരകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഏപ്രിൽ 1-7) ഇത്തരമൊരു വിശദീകരണം ആവശ്യമാക്കിത്തീർത്തത്.

വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് കെ.കെ. കൊച്ചിന്റെ 'സ്വയം റദ്ദാക്കിയ ചരിത്ര'വുമായി ബന്ധപ്പെട്ട് ഒരു കാര്യം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സമുദായ രാഷ്ട്രീയമെന്ന മാറിയ കാലത്തെ ദളിത് അജണ്ടയുടെ പാഠവത്കരണത്തിൽ, ദളിത് അജണ്ട മാറിയത് അറിയാത്തവരുടെ മുന്നിൽ എന്നെ നിർത്തുമ്പോൾ, ഈ മാറ്റത്തിനിടയിൽ കൊച്ച് എന്തു ചെയ്യുകയായിരുന്നുവെന്ന പ്രശ്‌നമാണ് ഞാൻ ഉന്നയിച്ചത്. അതു തന്നെ നിഴലിൽ നിർത്തുവാനുള്ള ശ്രമമായി തെറ്റിദ്ധരിച്ച കൊച്ച്, തന്നെമാത്രമല്ല കെ. വേണു, എ.എക്‌സ്. വർഗ്ഗീസ് എന്നിവരെയെല്ലാം മൂടിവെക്കുകയാണെന്ന് കണ്ടെത്തുന്നു. കൊച്ചിനെ മാത്രമല്ല, വേണുവിനെപ്പോലെ കേരളത്തിനു പുറത്തും ശ്രദ്ധേയനായൊരു ജനാധിപത്യവാദിയെയോ വർഗ്ഗീസിനെപ്പോലെ പ്രഗല്ഭനായൊരു അഭിഭാഷകനെയോ നിഴലിൽ നിർത്തുവാനോ മൂടിവെക്കുവാനോ ആർക്കാണ് കഴിയുക. സത്യം മൂടിവെക്കാനാവാത്തതുപോലെതന്നെ, ഒരാളെ നിഴലിൽ നിർത്തുവാനോ മറച്ചുവെക്കുവാനോ മറ്റൊരാൾക്കാവില്ല. കൊച്ച് ഇപ്പോൾ തുറന്നുപറയാൻ ശ്രമിച്ചതുപോലെ കെ.ഡി.എം.എസ്സിന്റെ രൂപീകരണത്തിനായി ദളിത് ഐക്യസമിതിയുടെ നയപ്രഖ്യാപനരേഖയും കെ.ഡി.പി.യുടെ ഭരണഘടനയും ആധാരമാക്കിയിരുന്നുവെന്ന വസ്തുത വെളിപ്പെടുത്തുവാൻ മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. മുമ്പും തന്റെ എഴുത്തിൽ ഈ വസ്തുത കൊച്ച് ഒഴിവാക്കിയിരുന്നുവെന്നതുകൊണ്ടാണ് അത് ചൂണ്ടിക്കാണിക്കേണ്ടിവന്നത്. എന്നാൽ ഇപ്പോഴുമദ്ദേഹം ആശയം ഉണ്ടാക്കുന്നത് ആൾക്കൂട്ടങ്ങളാണെന്ന മിഥ്യാധാരണയിൽനിന്ന് പിന്മാറാൻ തയ്യാറല്ല. ഭൂമി കിട്ടിയാലുമില്ലെങ്കിലും പിരിഞ്ഞുപോകുന്നതിനപ്പുറം ഭൂസമരങ്ങൾ എന്ത് ആശയങ്ങളാണ് ഉണ്ടാക്കുന്നത്. സമുദായരാഷ്ട്രീയം ഒരു സമൂഹത്തിന്റെ നിർമ്മാണത്തിലേക്ക് വിരൽചൂണ്ടുമ്പോൾ, അതിന്റെ ഒരുപാധി നേടുവാനുള്ള ശ്രമം മാത്രമാണ് ഭൂസമരങ്ങൾ.


Related Articles