ജനാധിപത്യമെന്നത് ഒരു ഭരണക്രമം മാത്രമല്ല, ജീവിതരീതി കൂടിയാണ്. സ്‌നേഹപ്രകടനങ്ങൾ ദുരാചാരമായി കാണുന്നൊരു സമൂഹത്തിൽ ജനാധിപത്യം ജീവിതരീതിയായി മാറുന്നില്ല. അവിടെ സ്ത്രീപുരുഷബന്ധങ്ങൾക്ക് ഒരൊറ്റ അർത്ഥമേയുള്ളൂ; ഇണചേരുകയെന്നുമാത്രം.
അവിടെയാണ് ചുംബനസമരമെന്നു കേട്ടപ്പോൾ കേരളം ഞെട്ടിത്തെറിച്ചത്. ചുംബനം ഒളിഞ്ഞുനോക്കാൻ കൊച്ചിയിലേക്ക് ആയിരങ്ങൾ പാഞ്ഞെത്തിയത്. ചുംബിക്കുന്നവരെ അടിച്ചോടിക്കാൻ ഹിന്ദുത്വവാദികളും ഇസ്‌ലാമിസ്റ്റുകളും സെക്യുലറിസ്റ്റുകളും കുറുവടിയേന്തിയത്.
'ചുംബനങ്ങൾ സ്‌നേഹപ്രകടനമാണെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ യുവരക്തം കൈകോർക്കുന്നു'വെന്ന സന്ദേശമുയർത്തി ഫ്രീ തിങ്കേഴ്‌സ് ഫോറം ഫെയ്‌സ് ബുക്കിൽ പ്രഖ്യാപിച്ച പ്രതീകാത്മകമായൊരു സാമൂഹ്യഇടപെടലായിരുന്നു 2014 നവംബർ 2-ന് കൊച്ചിയിൽ നടന്ന ചുംബനസമരം. ചുംബനത്തിന്റെ പേരിൽ കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലിനുനേരേ ഹിന്ദുത്വവാദികൾ (ഭാരതീയ യുവമോർച്ച) നടത്തിയ ആക്രമണത്തെ ചുംബനത്തിലൂടെതന്നെ നേരിടുവാനുള്ള ശ്രമമായിരുന്നു അത്. അതിനെ ചെറുക്കാനെത്തിയ മത-രാഷ്ട്രീയ യാഥാസ്ഥിതികശക്തികളുടെ അഴിഞ്ഞാട്ടമാണ് 2014 നവംബർ 2-ന് കൊച്ചിയിൽ കണ്ടത്. ഡിസംബർ 7-ന് കോഴിക്കോട് അതാവർത്തിക്കപ്പെട്ടു. ശിവസേനയും അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തും ഹനുമാൻ സേനയും എസ്.ഡി.പി.ഐ.യും സുന്നിയുവജനസംഘവും മാത്രമല്ല, കോൺഗ്രസ്സിന്റെ വിദ്യാർത്ഥിപ്രസ്ഥാനമായ കെ.എസ്.യുവും ആ കൂട്ടത്തിലുണ്ടായിരുന്നു. സംഘാടകർ ചൂണ്ടിക്കാണിച്ചതുപോലെ ലോകത്തിന്റെ മുന്നിൽ കേരളത്തിലെ സദാചാരഗുണ്ടകൾ അഴിഞ്ഞാടുന്നതാണ് കൊച്ചിയിലും കോഴിക്കോടും കണ്ടത്. കേരളീയ പുരുഷ മനോഘടനയിലെ അധീശത്വവാസനകളുടെയും രതിവൈകൃതങ്ങളുടെയും നേർക്കാഴ്ചകളായിരുന്നു സമരം കാണാനെത്തിയ ആൾക്കൂട്ടങ്ങൾ.
