കേരളത്തിലെ എൽജിബിടി ദൃശ്യതയെ ചരിത്രപരമായി പരിശോധിക്കുകയാണെങ്കിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ് സാഹിത്യത്തിലും സിനിമയിലും ആക്റ്റിവിസത്തിലും എല്ലാം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. 1947 ജൂണിലായിരുന്നു കൗമാരക്കാരിയായ മാധവിക്കുട്ടി ലെസ്ബിയൻ പ്രണയത്തെ കൃത്യതയോടെ അടയാളപ്പെടുത്തുന്ന "സ്ത്രീ'' എന്ന ചെറുകഥ പ്രസിദ്ധീകരിച്ചത്. മലയാളസിനിമയിൽ ആദ്യമായി എൽജിബിടിക്യു വിഷയം കടന്നുവരുന്നത് സ്വവർഗാനുരാഗിണികളായ യുവതികളുടെ കഥ പറയുന്ന വിടി നന്ദകുമാറിന്റെ "രണ്ട് പെൺകുട്ടികൾ'' എന്ന നോവൽ അതേ പേരിൽ 1978–ൽ സിനിമയായപ്പോഴാണ്. കേരളത്തിലെ സ്വവർഗകമിതാക്കളായ യുവതികളുടെ ആത്മഹത്യാനിരക്ക് ഒരുകാലത്ത് വളരെ അധികമായിരുന്നു. അതിനെക്കുറിച്ചുള്ള പഠനങ്ങളുടെ പരിണതഫലമായാണ് സഹയാത്രിക എന്ന കേരളത്തിലെ ആദ്യത്തെ ലൈംഗികന്യൂനപക്ഷങ്ങൾക്കായുള്ള സംഘടന 2002–ൽ രൂപം കൊള്ളുന്നത്. നിലനിൽപ്പിനായി വളരെയധികം പ്രശ്നങ്ങൾ നേരിടുന്ന എൽജിബിടി കമ്യൂണിറ്റിയിലെ വലിയ നാല് വിഭാഗങ്ങളാണ് ഗേ, ലെസ്ബിയൻ, ട്രാൻസ് സ്ത്രീ, ട്രാൻസ് പുരുഷൻ എന്നിവ. ഇവയിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തൽനേരിടുന്നത് ലെസ്ബിയൻ വിഭാഗം തന്നെയാണ്. പുരുഷാധിപത്യസമൂഹത്തിൽ ഗേ ആയവർ പുരുഷൻ എന്ന സവിശേഷാധികാരം ഉള്ളവരാണ്. ട്രാൻസ് സ്ത്രീകൾ പുരുഷശരീരത്തിൽ ജനിക്കുന്നതിനാൽ തുടക്കത്തിലെങ്കിലും പുരുഷനെന്ന നിലയിലുള്ള സവിശേഷാധികാരം അനുഭവിച്ച് അതിന്റെ ബലത്തിൽ പരമ്പരാഗതമായ "അടങ്ങി–ഒതുങ്ങിയ സ്ത്രീ'' എന്ന നിർമ്മിതിയെ അട്ടിമറിക്കുന്നുണ്ട്. ട്രാൻസ് പുരുഷന്മാർ സ്ത്രീശരീരത്തിൽ ജനിച്ചുവെങ്കിലും രൂപത്തിലും ഭാവത്തിലും പുരുഷനായിത്തീരുന്നതിലൂടെ പുരുഷൻ എന്ന സവിശേഷാധികാരം കുറച്ചൊക്കെ നേടിയെടുക്കുന്നുണ്ട്. ലെസ്ബിയൻ എന്നാൽ സ്ത്രീ ശരീരത്തിൽ ജനിച്ച് സ്ത്രീയായിത്തന്നെ തുടർന്ന് സ്ത്രീയെ പ്രണയിക്കുന്നവരാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അവർ പുരുഷൻ എന്ന പ്രിവിലേജ് അനുഭവിക്കാത്തവരാണ്. പുരുഷസ്വവർഗലൈംഗികത ഇരുട്ടിന്റെയും പൊതുഇടങ്ങളിലെ മറവിന്റെയും ഹോട്ടൽമുറികളുടെയും സ്വകാര്യതകളിൽ കുറച്ചെങ്കിലും പ്രകാശനം കണ്ടെത്തുമ്പോൾ അങ്ങനെയുള്ള രഹസ്യസമാഗമങ്ങൾ ലെസ്ബിയൻ സ്ത്രീകൾക്ക് അത്ര എളുപ്പമല്ല. അതിനാൽതന്നെയാണ് മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള കേരളത്തിന്റെ എൽജിബിടി ന്യൂനപക്ഷത്തിന്റെ സമരമുഖങ്ങളിൽ ലെസ്ബിയൻ സ്ത്രീകൾക്ക് മുൻകൈ എടുക്കേണ്ടി വന്നത്. സ്ത്രീസ്വവർഗാനുരാഗികളുടെ ദൃശ്യതയ്ക്കും ശാക്തീകരണത്തിനുമായി ആഗോളതലത്തിൽ ഏപ്രിൽ 26 ‘ലെസ്ബിയൻ ദൃശ്യത ദിനം’ (Lesbian Visibility Day) ആയി ആഘോഷിച്ചു വരുന്നു.
ലെസ്ബിയൻ സ്ത്രീകൾ, ബൈസെക്ഷ്വൽ സ്ത്രീകൾ, ട്രാൻസ് സ്ത്രീകൾ എന്നിങ്ങനെ എൽജിബിടി കമ്യൂണിറ്റിയിലെ പകുതിയോളം വരുന്നവർ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ലിംഗസമത്വം/ഫെമിനിസം എന്ന മുഖ്യധാരാസമൂഹത്തിലെ വിഷയം ഇവരുടെ ശാക്തീകരണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ലെസ്ബിയൻ ഫെമിനിസം, ട്രാൻസ് ഫെമിനിസം എന്നൊക്കെ ഈ വകഭേദങ്ങളെ വിളിക്കാറുണ്ട്. പരമ്പരാഗതസമൂഹത്തിലെ ഉറപ്പിച്ച ജെൻഡർ റോളുകൾ ഏറ്റവും കൂടുതൽ പ്രതിലോമകരമായി ബാധിക്കുന്നത് പുരുഷസഹായം ഇല്ലാതെ സ്വന്തമായി ജീവിക്കേണ്ടി വരുന്ന ഇവർക്കാണ്. ജീവിക്കാനുള്ള വരുമാനം ജോലി ചെയ്ത് ഉണ്ടാക്കുക, ഒറ്റയ്ക്കോ പങ്കാളിയുമൊത്തോ ഒരു വീട്ടിൽ ജീവിക്കുക, ഒറ്റയ്ക്ക് യാത്രചെയ്യുക തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യാനുള്ള സാമൂഹികാവസ്ഥ ഉണ്ടാവേണ്ടത് ലൈംഗിക–ലിംഗ ന്യൂനപക്ഷത്തിൽപെടുന്ന സ്ത്രീകളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സ്വവർഗാനുരാഗം കുറ്റകൃത്യമോ മാനസികരോഗമോ അല്ല എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഇക്കാലത്തും കേരളത്തിലെ ഒരു ലെസ്ബിയൻ ദമ്പതികൾ കുടുബത്തിൽനിന്ന് എത്രമാത്രം എതിർപ്പുകൾ നേരിടുന്നു എന്ന് 2022–ൽ നടന്ന ആദില നസറിൻ, ഫാത്തിമ നൂറ എന്നിവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. മീഡിയ ഇടപെടലും പോലീസ്കേസും കോടതിവിധിയും ഒക്കെ വേണ്ടിവന്നു ഈ പ്രണയിനിമാർക്ക് ഒന്നിച്ചു ജീവിക്കാൻ.
