ചോരക്കറയുടെ ഭാരതപര്യടനം

Society

ചോരക്കറയുടെ ഭാരതപര്യടനം


'Dedicated to the memory of the dead of Gujarat, and to the courage of those whose courage saved many others from death' (Gujarat 2002. Untold & Re-told stories of the Hindutva lab. Editor John Dayal. Published by Justice and Peace Commission, Delhi & AICC. Distributed by Media House.)

കുറച്ചു മാസംമുമ്പ് കോഴിക്കോട്ടെ ഒരു വിദ്യാലയത്തിലെ അധ്യാപകകൂട്ടായ്മയിൽ മതനിരപേക്ഷ സംസ്‌കാരത്തിന്റെ അനിവാര്യതയെക്കുറിച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ, പിരിയാൻ നേരത്ത് ഒരധ്യാപകൻ എന്റെ കൈപിടിച്ചുകൊണ്ട് ഒരു ആവശ്യമുന്നയിച്ചു. അവിടത്തെ വിദ്യാർത്ഥികളോടുകൂടി എപ്പോഴെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുമോ എന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം, എന്തോ ഒരത്യാഹിതം കണ്ട് പേടിച്ചിട്ടെന്നപോലെയായിരുന്നു. കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചപ്പോൾ, അതിനേക്കാളേറെ അസ്വസ്ഥനായത് ഞാനാണ്. നമ്മുടെ മതനിരപേക്ഷ ജീവിതമെല്ലാം ഈ കേരളത്തിൽപ്പോലും എവിടെയൊക്കെയോ വെച്ച് മറിഞ്ഞു വീഴുകയാണെന്ന വല്ലാത്തൊരു നടുക്കത്തിലേക്ക് ഏതൊരു ജനാധിപത്യവാദിയെയും വലിച്ചെറിയുംവിധമുള്ള ഒരു സംഭവമാണ് അദ്ദേഹം വിവരിച്ചത്. ജാതിമത വ്യത്യാസങ്ങൾക്കപ്പുറം കൂടിക്കലർന്നിരിക്കാറുള്ള കുട്ടികൾ, പതുക്കെ, ജാതിമതാടിസ്ഥാനത്തിൽ ഒന്നിച്ച് കൂടിയിരിക്കാൻ തുടങ്ങിയതാണ് യാദൃച്ഛികമായി ഒരു ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. പ്രത്യക്ഷത്തിൽ ആരുടേയും നിർബ്ബന്ധമില്ലാതെയും പെെട്ടന്ന് ചൂണ്ടിക്കാണിക്കാൻ കഴിയുംവിധം ഒരുവിധ ബാഹ്യകാരണവുമില്ലാതെയും, ഒരു ക്ലാസുറൂമിലെ കുട്ടികളുടെ ഹൃദയം ഈവിധം മുറിയുന്നത്, സാധാരണ കരുതുന്നതിലപ്പുറമുള്ള വലിയൊരു മുറിവാണ്.

പ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്ന വർഗീയ പ്രത്യയശാസ്ത്രങ്ങളെ മതനിരപേക്ഷതയ്ക്ക് നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാൻ കഴിയും. എന്നാൽ അതേ പ്രത്യയശാസ്ത്രം അദൃശ്യമായി പ്രവർത്തിക്കുമ്പോൾ, അത് കൂടുതൽ അജയ്യമാകും. ഈയൊരു സംഭവം ഇപ്പോൾ ഓർക്കുന്നത്, മോഡിയുമായി ബന്ധപ്പെട്ട ചില 'തമാശകൾ' ചിലർ മറ്റുചിലരോട് മാത്രമായി പറയുന്ന ഒരു പ്രത്യേക പശ്ചാത്തലം നമുക്കിടയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. 'മോനേ മോഡി വരുന്നുണ്ട് ഓടിക്കോ' എന്ന തമാശ ജനാധിപത്യ പ്രക്രിയയിലൂടെ നമുക്കൊരു പ്രധാനമന്ത്രിയെ കിട്ടാൻ പോകുന്നു എന്ന പ്രത്യാശയ്ക്കുമപ്പുറം, മറ്റുചില ദുരർത്ഥങ്ങളുടെ വിപൽസൂചനകൾകൂടി ഉൾക്കൊള്ളുന്നു.


Related Articles