ചിറകുവിരിച്ചു പറക്കുന്ന കൂറ്റൻ കഴുകന്മാരുടെ ഇടയ്ക്കു ചെറിയ ചിത്രശലഭങ്ങൾക്കെന്തുസ്ഥാനം എന്ന ചോദ്യം പോലെ അസ്ഥാനത്താണ്, ലക്ഷക്കണക്കിന് വായനക്കാരുള്ള വൻകിട മാധ്യമങ്ങൾക്കിടയ്ക്ക് പലപ്പോഴും ഒറ്റയാൻ പരിശ്രമങ്ങൾ മാത്രമായ ചെറിയ ചെറിയ മാസികാപ്രസ്ഥാനങ്ങളുടെ പ്രസക്തി എന്ത് എന്നുള്ളത്. ഒരു പൂർണ്ണ ജീവിതം ജീവിച്ചുതീർക്കാനാകാതെ അവയിൽ ചിലത് പിറവിയിൽതന്നെ മരണമടഞ്ഞു. ചിലതൊക്കെ പിച്ചനടന്നു തുടങ്ങിയപ്പോഴേക്കും തിരോഭവിച്ചു. ഇതിനൊരപവാദമാണ് കഴിഞ്ഞ 38 വർഷക്കാലമായി ഒരിക്കലും മുടങ്ങാതെ ഒരേ രൂപഭാവങ്ങളോടെ ഏറെക്കുറെ സമാനമെന്നു പറയാവുന്ന ഉള്ളടക്കത്തോടെ കൃത്യമായി വരിസംഖ്യ അടച്ചുകാത്തിരിക്കുന്ന മൂവ്വായിരത്തോളം വരിക്കാരുടെ മേശപ്പുറത്തു അതാതുസ്ഥലത്തെ തപാൽശിപായിമാർ എത്തിച്ചുകൊണ്ടിരുന്ന, പാലായിൽനിന്നും ജോസഫ് പുലിക്കുന്നേലിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന 'ഓശാന' മാസിക. 2014 മാർച്ച് ലക്കത്തോടെ ഈ വരവ് അവസാനിക്കുമെന്നാണ് ജോസഫ് പുലിക്കുന്നേൽ ഓശാന വായനക്കാരെ അറിയിച്ചിരിക്കുന്നത്. പത്രാധിപരുടെ പ്രായക്കൂടുതലാണ് കാരണമായി പറയുന്നത്. പുലിക്കുന്നേലിനു 82 വയസ്സ്, ഓശാനയ്ക്കു 38 വയസ്സ്. കേരളത്തിലെ കത്തോലിക്കാസഭയിലെ കാടും പടലും വെട്ടിനിരപ്പാക്കി, വിശ്വാസികളുടെ പ്രതീക്ഷയനുസരിച്ചു വീണ്ടും വരാനിരിക്കുന്ന യേശുക്രിസ്തുവിന്റെ സഞ്ചാരപാത വൃത്തിയും വെടിപ്പുമുള്ളതാക്കുക, അതിലെ മുൾപ്പടർപ്പുകൾക്കു തീയിടുക, അതിലെ ഫലം കായ്ക്കാത്ത വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വയ്ക്കുക, ഇതൊക്കെ വളരെ ഭാരിച്ച ജോലിയാണെന്നാർക്കാണറിയാത്തത്.? 80 പിന്നിട്ട പുലിക്കുന്നേലിന്റെ ആരോഗ്യാവസ്ഥയ്ക്ക് ഇനി ഈ ജോലി പഴയതുപോലെ നടത്തിക്കൊണ്ടുപോകാനാകുന്നില്ലെന്ന് പറയുന്നത് ന്യായം മാത്രം.
ഒരു മാർപ്പാപ്പാ സ്ഥാനം ഒഴിഞ്ഞാൽ മറ്റൊരു മാർപ്പാപ്പാ സ്ഥാനം ഏൽക്കും. ഒരു മെത്രാൻ മരിച്ചാൽ മറ്റൊരു മെത്രാൻ വാഴിക്കപ്പെടും. പുലിക്കുന്നേൽ എന്ന ഈ അഭിനവ പ്രവാചകന്റെ പിൻഗാമിയാകാനാരുണ്ട്? ഓശാന മാസിക അവശേഷിപ്പിക്കുന്ന ഒഴിവ് ആരു നികത്തും? ഈ ചോദ്യമാണ് കഴിഞ്ഞ 38 വർഷംതുടർച്ചയായി മാസം തോറും ഓശാന മാസിക മുടങ്ങാതെ വായിച്ചുകൊണ്ടിരിക്കുന്ന വായനക്കാരെ അലട്ടുന്ന ചോദ്യം. ഇവരിൽ വിശ്വാസികളുണ്ട്, അവിശ്വാസികളുണ്ട്. അജ്ഞേയവാദികളുണ്ട്. വൈദികരും കന്യാസ്ത്രീകളും ഉണ്ട്. മിക്ക ഒറ്റയാൾ പ്രസ്ഥാനങ്ങളുടേയും ഗതി ഇതുതന്നെ. അവരോടുകൂടി അവരുയർത്തിയ ആശയങ്ങളും തിരോഭവിക്കുന്നു. ഇതൊരു പുലിക്കുന്നേലിന്റെ മാത്രം അനുഭവമല്ല. ദീർഘകാലം യുക്തിവാദി മാസിക ഇറക്കിയ എം.സി.ജോസഫ്, നടരാജഗുരു, ഗുരുനിത്യചൈതന്യയതി. അവർക്കൊന്നും കേരളത്തിൽ അവരാഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പിന്തുടർച്ചയുണ്ടായില്ല. യുക്തിവാദിയുടെയും നടരാജഗുരുവിന്റേയും യതിയുടേയും ഒക്കെ ദർശനങ്ങൾ മറ്റൊരു മതസംഘടനയുടെ രൂപത്തിൽ ചെറിയ ആൾക്കൂട്ട സമൂഹങ്ങളിലായി ഇന്നും നിലനിൽക്കുന്നുണ്ടാകാം. അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കത്തോലിക്കാ സഭയിൽ നിന്നും പുറത്തു കടന്നുകൊണ്ട് സഭയെ എതിർക്കുന്നവരുടെ ചെറിയ ആൾക്കൂട്ടങ്ങൾ പുലിക്കുന്നേലിന്റെ പിൻഗാമികളെന്ന നിലയിൽ അവിടവിടെ രൂപപ്പെട്ടേക്കാം. അതുകൊണ്ടൊക്കെ എന്തുകാര്യം? പള്ളിക്കുള്ളിൽ ഉറച്ചുനിന്നുകൊണ്ട് പള്ളിയെ തിരുത്താൻ പാകത്തിൽ പള്ളി അടിസ്ഥാന ഗ്രന്ഥമായി കരുതുന്ന ബൈബിളിനെ തന്നെ ഉപകരണമാക്കുന്ന ഒരു വിമർശന മാതൃക രൂപെപ്പടുത്താൻ കഴിഞ്ഞു എന്നതാണ് ജോസഫ് പുലിക്കുന്നേലിന്റെ എടുത്തുപറയാവുന്ന സംഭാവന.
