ആരെന്തു കഴിക്കണം എന്തു കുടിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ഏതൊരു രാജ്യത്തും ആ രാജ്യം ഭരിക്കുന്നവർക്കാണെന്ന കാര്യത്തിൽ ഏകാഭിപ്രായം പുലർത്തുന്ന നരേന്ദ്രമോഡിയും വി.എം. സുധീരനും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും കൈകോർത്തുപിടിച്ചിരിക്കുന്ന ഒരു പുരോഗമന ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ക്രിസ്ത്യൻ പള്ളികളിൽ വീഞ്ഞു വിപണനം നടത്തുന്നത് ഒഴിവാക്കണം എന്ന നിർദ്ദേശത്തിനെതിരെ അഭിവന്ദ്യ ബിഷപ്പൻമാർ ഇത്രയേറെ ബഹളം കൂട്ടേണ്ടിയിരുന്നില്ല. വീഞ്ഞ് ഇല്ലാതേയും കുർബാന നടത്താം എന്നു മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം പറഞ്ഞ കാര്യം എന്തുകൊണ്ട് മദ്യവിരോധികളായ കേരളത്തിലെ കത്തോലിക്കാ മതസമൂഹത്തിന് ചർച്ച ചെയ്ത്കൂടാ?
വീഞ്ഞ് മദ്യമല്ലെന്നും വീഞ്ഞുകുടിക്കൽ ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമാണെന്നും അപ്പവും വീഞ്ഞും കൂടാതെ ബലിയർപ്പണം സാധ്യമല്ലെന്നും ഒക്കെയുള്ള ചില ബിഷപ്പന്മാരുടെ ജല്പനങ്ങൾക്കു ദൈവശാസ്ത്രപരമായ യാതൊരടിസ്ഥാനവും ഇല്ല. ഇനിമേൽ ഫൈവ്സ്റ്റാർ മദ്യപാനത്തിനുള്ള സാമ്പത്തികശേഷിയില്ലാത്തവർ മദ്യമേ കഴിക്കേണ്ടെന്ന ഒരു സർക്കാർ തീരുമാനം എടുക്കുമ്പോൾ അത് മുഴുവൻ പൗരന്മാർക്കും ബാധകമാണെങ്കിൽ അതു പോലെതന്നെ വീഞ്ഞു മദ്യമാണെന്നും ഇനിമേൽ ക്രിസ്ത്യൻ പള്ളികളിൽ വീഞ്ഞുപയോഗിച്ചുള്ള ബലിയർപ്പണം വേണ്ടെന്നും വെള്ളാപ്പള്ളിനടേശനെ പോലൊരാൾ നേതൃത്വം നൽകുന്നതോ അഥവാ അദ്ദേഹത്തിനു ഗണ്യമായ സ്വാധീനമുള്ളതോ ആയ ഒരു ഗവൺമെന്റ് തീരുമാനം എടുത്താൽ അത് തലകുമ്പിട്ട് അനുസരിക്കുകയല്ലാതെ അതു ലംഘിക്കുവാനുള്ള യാതൊരവകാശവും ഒരു കല്ലറയ്ക്കൽ പിതാവിനും ഒരു തേലക്കാട്ടച്ചനും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ലെന്ന കാര്യം അവരെ വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ.
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കുർബ്ബാന അർപ്പണത്തിന് വീഞ്ഞ് ഒരനിവാര്യവസ്തുവല്ലെന്ന് സമർത്ഥിച്ചുകൊണ്ട് ഫാദർ വടക്കൻ, തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ കപ്പ പുഴുങ്ങിയതും കരിക്കിൻവെള്ളവും കാഴ്ചവസ്തുക്കളാക്കിക്കൊണ്ട് ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികളെ സാക്ഷികളാക്കി ഒരു കുർബ്ബാനയർപ്പണം നടത്തിയിരുന്നു, മുൻപൊരിക്കൽ. അതിന്റെ വിവരണം പരേതനായ ഫാദർ വടക്കന്റെ 'എന്റെ കുതിപ്പും എന്റെ കിതപ്പും' എന്ന ആത്മകഥാ ഗ്രന്ഥത്തിൽ വായിക്കാം.
