ശബരിമലയും ജനാധിപത്യവും

Society

ശബരിമലയും ജനാധിപത്യവും


പരമ്പരാഗത വിശ്വാസങ്ങളിൽ ഊന്നിനില്ക്കുന്ന ഒരു സമൂഹത്തിലുണ്ടാകുന്ന ജനാധിപത്യപരമായ രാഷ്ട്രീയവത്കരണത്തിന്റെ ഗതിവേഗത്തിൽ സംഭവിക്കുന്ന ഏറ്റിറക്കങ്ങൾ എത്രമാത്രം സങ്കീർണമായസാഹചര്യങ്ങൾക്കു വഴിവെച്ചേക്കാമെന്നതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ. ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉതകുംവിധം അടുത്തകാലത്ത്‌ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികളിൽ പ്രധാനപ്പെട്ടതാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി. പക്ഷേ, അതു കൃത്യമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പിണറായിസർക്കാർ നടപ്പിലാക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. പുരോഗമനമുഖം പേറുന്നമലയാളി സമൂഹം, അതിലെ ഗണ്യമായ ഒരു ഭാഗമെങ്കിലും അത് നടപ്പിലാക്കരുതെന്ന് ശഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മലയാളിസമൂഹത്തിന്റെ ജനാധിപത്യ നിലവാരത്തെക്കുറിച്ചു നമ്മൾ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

മലയാളിസമൂഹത്തിന്റെ പരിണാമചരിത്രം പരിശോധിച്ചാലേ അടിയൊഴുക്കുകൾ വ്യക്തമായി മനസ്സിലാക്കാനാവുകയുള്ളൂ (ഇവിടെ അതിനു ശ്രമിക്കുന്നില്ല. സമകാലീനസംഭവവികാസങ്ങളിൽ ഈ ലേഖനം ഒതുങ്ങിനില്‌ക്കേണ്ടിയിരിക്കുന്നു). കേരളത്തിൽ ഇതുവരെബഹുജനങ്ങളിലേക്ക് കാര്യമായിഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടില്ലാത്ത ഹിന്ദുത്വരാഷ്ട്രീയത്തിന് അവസരമൊരുക്കുന്ന നിമിത്തമായി ശബരിമല മാറുമോ എന്ന ആശങ്കയാണ്മതേതര ജനാധിപത്യവിശ്വാസികളെഅലട്ടുന്നത്. ആർത്തവകാല സ്ത്രീശരീരം അശുദ്ധമാണെന്ന അബദ്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രായത്തിലുള്ള സ്ത്രീകൾ ശബരിമല ദർശനംനടത്തരുതെന്ന ദുരാചാരത്തെ തള്ളിക്കളഞ്ഞുകൊണ്ട് മുഴുവൻ സ്ത്രീകളുടെയും ജനാധിപത്യാവകാശം പുനഃസ്ഥാപിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. ഒരു ആധുനിക ജനാധിപത്യ സമൂഹം പൂർണ്ണമായും അംഗീകരിക്കാൻ തയ്യാറാകുന്ന ഒരു തീരുമാനമായിരുന്നു കോടതിയുടേത്. കോടതി തീരുമാനത്തോടുള്ള മലയാളി സമൂഹത്തിന്റെ പൊതുനിലപാട്‌വസ്തുനിഷ്ഠമായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരിൽ ബഹുഭൂരിപക്ഷവും പഴയ ദുരാചാരം തുടരാൻ ആഗ്രഹിക്കുന്നവരാണ് എന്നാണു പൊതുവിൽ മനസ്സിലാക്കപ്പെടുന്നത്. അയ്യപ്പഭക്തർ പൊതുസമൂഹത്തിൽ ഗണ്യമായ ഭാഗം വരുന്നതുകൊണ്ട് ഇത് പൊതുസമൂഹത്തിന്റെ നിലപാടു തന്നെയായി കണക്കാക്കേണ്ടിവരുന്നു.ചുരുക്കത്തിൽ, മലയാളിസമൂഹത്തിന്റെ ജനാധിപത്യബോധ നിലവാരം ഏറെ താഴെയാണെന്ന് വിലയിരുത്തേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.

ഇത് സ്വാഭാവികമായും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും വാസ്തവമതല്ല. ആചാരത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ചറിയാനുള്ള കഴിവ് ഏതായാലും മലയാളിനേടിയിട്ടുണ്ട്. ഹിന്ദു ആചാരം പിന്തുടരുന്നതുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയം സ്വീകരിക്കേണ്ടതില്ലെന്നും അവർക്കറിയാം. ഇവിടെ ഏറ്റവുംവലിയ അബദ്ധം കാട്ടിയത് കോൺഗ്രസ് നേതൃത്വമാണ്. വോട്ടുബാങ്ക്‌നഷ്ടപ്പെടുമെന്നു കരുതി കോടതിവിധിയെ മാനിക്കാതെ, തങ്ങൾ വിശ്വാസികളോടൊപ്പമാണെന്നു പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. ജനാധിപത്യത്തിന്റെ അടിസ്ഥാ മായ നിയമവാഴ്ചയ്ക്ക് രൂപം നല്കുകയും അതിനെ സംരക്ഷിച്ചുപോരുകയും ചെയ്ത കോൺഗ്രസ് അതിന്റെ പാരമ്പര്യത്തെത്തന്നെയാണ് തള്ളിപ്പറഞ്ഞത്. കോടതിവിധി അംഗീകരിച്ചുകൊണ്ട് സാവകാശത്തിലും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടും മാത്രമേ അത് നടപ്പിലാക്കാവൂ എന്നെല്ലാമുള്ള പക്വമായ സമീപനം അവർക്ക് സ്വീകരിക്കാമായിരുന്നു.


Related Articles